Kerala Start Up Mission : കെഎസ് യുഎം ബയോടെക് സ്റ്റാര്‍ട്ടപ്പിന് യുഎസ് സ്ഥാപനത്തില്‍ നിന്ന് നിക്ഷേപം

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ്  കെഎസ് യുഎം.

Investment from a US firm for KSUM Biotech startup

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഇന്നൊവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റേഴ്സ് (ഐഇഡിസി) സ്കീമില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക് സ്റ്റാര്‍ട്ടപ്പിന് യുഎസ് കമ്പനിയില്‍ നിന്ന് നിക്ഷേപം. യുഎസ്സില്‍ ആല്‍ഗല്‍ സീവീഡ് ടെക്നോളജി സൗകര്യം സ്ഥാപിക്കുന്നതിനായിട്ടാണ് ബയോടെക് സ്റ്റാര്‍ട്ടപ്പായ സാറ ബയോ ടെക് ട്രാന്‍സ്സെന്‍ഡ് ഇന്‍റര്‍നാഷണലില്‍ നിന്ന് നിക്ഷേപം കരസ്ഥമാക്കിയത്. അതേസമയം നിക്ഷേപത്തുക എത്രയാണെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 'ബി-ലൈറ്റ്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ഭക്ഷണപാനീയങ്ങളുടെ നിര്‍മ്മാണ സൗകര്യം, ആല്‍ഗല്‍-കടല്‍പായല്‍ സംസ്കരണ സൗകര്യം, യുഎസ്സില്‍ ഫോട്ടോ ബയോ റിയാക്ടറുകള്‍ക്കായുള്ള ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സാറ ബയോടെക് തുക വിനിയോഗിക്കും.

2021 ല്‍ ഇതേ സാങ്കേതികവിദ്യയ്ക്കായി യുഎഇ ആസ്ഥാനമായുള്ള ടിസിഎന്‍ ഇന്‍റര്‍നാഷണല്‍ കൊമേഴ്സില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ നിക്ഷേപം സാറ ബയോടെക് നേടിയെടുത്തു. നിലവില്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സാറ യുഎഇയില്‍ പ്രവര്‍ത്തിക്കുകയാണ്.

സാറ ബയോടെക്കിന്‍റെ വളര്‍ച്ച വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ കാമ്പസുകളിലെ ഐഇഡിസികളുടെ ഊര്‍ജ്ജസ്വലതയുടെ സാക്ഷ്യമാണെന്ന് സ്റ്റാര്‍ട്ടപ്പിന്‍റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ജോണ്‍ എം. തോമസ് പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ട് സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ സംരംഭകര്‍ക്ക് വിപുലമായ സാധ്യതയും സാങ്കേതിക വൈദഗ്ധ്യവും നേടാനും ഐഇഡിസികള്‍ സഹായിക്കുന്നു. സാറയുടെ നേട്ടം ഐഇഡിസികളിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡെപെക് മുഖേന ഒമാൻ സ്‌കൂളിൽ റിക്രൂട്ട്‌മെന്റ്; ജൂൺ 10 ന് മുമ്പ് അപേക്ഷ

നിര്‍മ്മാണത്തിലെയും ഗവേഷണ-വികസനങ്ങളിലെയും സമ്പൂര്‍ണ പ്രവര്‍ത്തനങ്ങള്‍ സാറ ബയോടെക് നിര്‍വഹിക്കുമെന്നും മറ്റ് പ്രവര്‍ത്തനങ്ങള്‍ ട്രാന്‍സ്സെന്‍ഡ് ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന് സാറ ബയോടെക് ഇന്‍റര്‍നാഷണല്‍ കൈകാര്യം ചെയ്യുമെന്നും സാറ ബയോടെക് സ്ഥാപകനും സിഇഒയുമായ നജീബ് ബിന്‍ ഹനീഫ് പറഞ്ഞു. ആഗോളതലത്തില്‍ സാറ ബയോടെക് ഇന്ത്യ ഒരു പേരന്‍റിംഗ് കമ്പനിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ സാറ ബയോടെക് യുഎസ്എയുടെ എല്ലാ പ്രവര്‍ത്തനങ്ങളും യുഎസ്സില്‍ മാത്രമായി പരിമിതപ്പെടുത്തും. നിലവിലെ എഫ്എംസിജി വിപണിയില്‍ ആല്‍ഗല്‍ കടല്‍പ്പായല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ബിസിനസ് വിപുലീകരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത പങ്കാളികളെ സാറ ബയോടെക് ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന പ്രോട്ടീന്‍ ആല്‍ഗ സ്പിരുലിന കുക്കികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ സീവീഡ് കുക്കികള്‍ സാറ നിര്‍മ്മിച്ചതാണ്. തൃശ്ശൂരിലെ കൊടകരയിലെ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജി കാമ്പസില്‍ 2016 ല്‍ സ്ഥാപിതമായ ഈ സ്റ്റാര്‍ട്ടപ്പ്  കെഎസ് യുഎമ്മിന്‍റെ ഐഇഡിസി പ്രോഗ്രാമിലൂടെ വളരുകയും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ജിടെക്സ് 2019 ല്‍ പങ്കെടുക്കുകയും ചെയ്തു.

പി എസ് സി പ്ലസ് ടൂതല പരീക്ഷ ഓ​ഗസ്റ്റിൽ; കൺഫർമേഷൻ ജൂൺ 11 വരെ നൽകാം

വിദ്യാര്‍ഥികള്‍ക്കിടയില്‍ സാങ്കേതിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പസുകളില്‍ ഐഇഡിസി എന്ന് വിളിക്കപ്പെടുന്ന 320 മിനി ഇന്‍കുബേറ്ററുകളുടെ ശൃംഖല  കെഎസ് യുഎമ്മിനുണ്ട്. 2014 ല്‍ ആരംഭിച്ച ഐഇഡിസി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നവീകരണവും സംരംഭകത്വ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക-സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ്  കെഎസ് യുഎം.
 

Latest Videos
Follow Us:
Download App:
  • android
  • ios