25 വർഷം മുമ്പ് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ അന്ധയായ പെൺകുഞ്ഞ്; തോൽക്കാൻ മനസ്സില്ലെന്ന് മാല; പ്രചോദനം!
കാഴ്ച വൈകല്യമുള്ള, അനാഥരായ കുട്ടികളുടെ ലോകത്ത് തന്റെ രക്ഷാധികാരിയുടെ സാന്നിദ്ധ്യമാണ് മാലയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
ലക്നൗ: 25 വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ ജാൽഗൺ റെയിൽവേ സ്റ്റേഷനിൽ മാലിന്യക്കൂടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തി. കാഴ്ചാപരിമിതിയുണ്ടായിരുന്ന കുഞ്ഞായിരുന്നു അവൾ. അവളുടെ മാതാപിതാക്കളാരെന്നോ എന്തിനാണ് അവർ അവളെ ഉപേക്ഷിച്ചതെന്നോ അറിയാത്ത അധികൃതർ അവളെ അന്ധർക്കും ബധിരർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. പേരറിയാത്ത മാതാപിതാക്കളാരെന്നറിയാത്ത അന്നത്തെ പെൺകുഞ്ഞിന്റെ ഇന്നത്തെ പേര് മാലാ പപാൽക്കർ എന്നാണ്.
മഹാരാഷ്ട്ര പബ്ലിക് സർവ്വീസ് കമ്മീഷന്റെ പരീക്ഷ പാസ്സായി സെക്രട്ടറിയേറ്റിലെ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി നേടിയിരിക്കുകയാണ് മാലാ പപാൽക്കർ. പത്മ അവാർഡ് ജേതാവായ 81 കാരൻ ശങ്കർബാബ പപാൽക്കർ ആണ് അവളുടെ മാർഗദർശി. അവൾക്ക് തൻ്റെ സർനെയിം നൽകുക മാത്രമല്ല, അവളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ബ്രെയിലി ലിപി പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം.
കാഴ്ച വൈകല്യമുള്ള, അനാഥരായ കുട്ടികളുടെ ലോകത്ത് തന്റെ രക്ഷാധികാരിയുടെ സാന്നിദ്ധ്യമാണ് മാലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 'എന്നെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാനും ദൈവം മാലാഖമാരെ അയച്ചു' എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ മാല പറഞ്ഞത്. 'ഇവിടം കൊണ്ട് പരിശ്രമം അവസാനിപ്പിക്കാൻ ഞാൻ തയ്യാറല്ല. യുപിഎസ്‍സി പരീക്ഷയെഴുതി ഞാനൊരു ഐഎഎസ് ഓഫീസറാകും.' മാലയുടെ ആത്മവിശ്വാസം നിറയുന്ന വാക്കുകളിങ്ങനെ.
അന്ധവിദ്യാലയത്തിലാണ് മാല തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഹയർസെക്കണ്ടറിയിലും മികച്ച മാർക്കോടെയായിരുന്നു മാലയുടെ വിജയം. 2018-ൽ അമരാവതി സർവ്വകലാശാലയിൽ നിന്ന് ബിരുദവും ഗവ. വിദർഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസിൽ നിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി. ബ്രെയിലി ലിപി ഉപയോഗിച്ചായിരുന്നു മാലയുടെ വിദ്യാഭ്യാസം. പരീക്ഷയെഴുതാൻ മാത്രമായി മറ്റൊരാളുടെ സഹായം തേടുകയും ചെയ്തു. പിന്നീട് ദരിയാപൂരിലെ പ്രൊഫ. പ്രകാശ് ടോപ്ലെ പാട്ടീൽ അവളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു.
എംപിഎസ്‍സി പരീക്ഷകൾക്ക് മാലയെ പരിശീലിപ്പിച്ചതും ആവശ്യമായ മാലക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയതും പ്രൊഫസർ അമോൽ പാട്ടീൽ ആയിരുന്നു. കഴിഞ്ഞ 2 വർഷങ്ങളിൽ തഹസീൽദാർ പരീക്ഷ എഴുതിയെങ്കിലും മാലയ്ക്ക് വിജയം നേടാൻ സാധിച്ചില്ല. എന്നാൽ ഈ വർഷം എംപിഎസ്‍സി ക്ലർക്ക് പരീക്ഷയിൽ അവൾക്ക് വിജയം നേടാനായി. ലോകമെങ്ങുമുള്ള ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് പ്രചോദനമാണ് മാല പപാൽക്കർ എന്ന യുവതി.