നൂതനാശയ-സംരംഭകത്വ പരിശീലന പദ്ധതി: നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു

 സമൂഹത്തിലേക്ക് മികച്ച ആശയങ്ങള്‍ സംഭാവനയേകാന്‍ ഭിന്നശേഷിക്കാരായ യുവജനങ്ങളെ സജ്ജമാക്കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതി നൂതനാശയ-സംരംഭകത്വ വികസനത്തിനുള്ള പരിശീലന വേദിയാണ്.
 

Innovation Entrepreneurship Training Scheme NISH and technical university

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കുള്ള നൂതനാശയ-സംരംഭകത്വ വികസന പരിശീലന പദ്ധതി 'ഇന്നോവേഷന്‍ ബൈ യൂത്ത് വിത് ഡിസെബിലിറ്റീസി'നായി (ഐ-വൈഡബ്ല്യുഡി (I-YwD)) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) കേരള സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു. ജൂലായ് 25, തിങ്കളാഴ്ച  രാവിലെ പത്തിന്  നിഷിലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, നിഷ് എക്സിക്യുട്ടീവ് ഡയറക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ എം അഞ്ജന ഐഎഎസ്, കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), നിഷ്, ഐ-വൈഡബ്ല്യുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ-ഡിസ്ക് വിഭാവനം ചെയ്ത് നിഷിലൂടെ സംസ്ഥാനത്തുടനീളം  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഐ-വൈഡബ്ല്യുഡി. സമൂഹത്തിലേക്ക് മികച്ച ആശയങ്ങള്‍ സംഭാവനയേകാന്‍ ഭിന്നശേഷിക്കാരായ യുവജനങ്ങളെ സജ്ജമാക്കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതി നൂതനാശയ-സംരംഭകത്വ വികസനത്തിനുള്ള പരിശീലന വേദിയാണ്.

സഹകരണത്തിന്‍റെ ഭാഗമായി സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മാര്‍ഗനിര്‍ദേശങ്ങളും ഐ-വൈഡബ്ല്യുഡി അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. പ്രാപ്യത, ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ഭിന്നശേഷിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ധോപദേശങ്ങളും  ബോധവല്‍ക്കരണവും കോളേജുകള്‍ക്ക് നിഷ് ലഭ്യമാക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios