പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം;120 പേര്‍ക്ക് പ്രവേശനം
ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കാനാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കാനാകും. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിച്ചു. ഈ നഴ്‌സിംഗ് കോളേജുകള്‍ക്കായി 36 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ നഴ്‌സിംഗ് കോളേജുകളുടെ മേല്‍നോട്ടത്തിനായി ജെ.ഡി.എന്‍.ഇ. ആയ ഡോ. സലീന ഷായെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍, കേരള ആരോഗ്യ സര്‍വകലാശാല എന്നിവയുടെ അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്‌സിംഗ് കോളേജുകള്‍ക്കും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭ്യമായത്.
ജില്ലാ പഞ്ചായത്തില്‍ നഴ്‌സിംഗ് അപ്രന്റിസ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴിൽ' പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ് ബിരുദം. ജനറല്‍ നഴ്‌സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്‌സൈറ്റില്‍. കൂടുതൽ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.