സോഫ്റ്റ്‍വെയർ എഞ്ചിനീയർ; ഐഐഐടി വിദ്യാർത്ഥിക്ക് ഗൂഗിൾ ഓഫർ ചെയ്ത വാർഷിക ശമ്പളമെത്രയെന്നറിയാമോ?
പ്രഥം പ്രകാശ് ഗുപ്ത മാത്രമല്ല, ഐഐഐടി അലഹബാദിലെ എംടെക് ബാച്ചിലെ മറ്റ് നിരവധി വിദ്യാർത്ഥികളും മികച്ച ടെക് കമ്പനികളിൽ നിന്നും കോടികളുടെ പാക്കേജുകൾ നേടിയിട്ടുണ്ട്.
ദില്ലി: ഗൂഗിളിൽ നിന്ന് (google) 1.4 കോടിയുടെ വാർഷിക പാക്കേജിൽ (salary package) ജോലി വാഗ്ദാനം നേടി അലഹബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി)യിലെ വിദ്യാർത്ഥി (IIIT Students). ഐഐഐടി വിദ്യാർത്ഥിയായ പ്രഥം പ്രകാശ് ഗുപ്തയാണ് ഈ അപൂർവ്വ നേട്ടത്തിനുടമ. പ്രതിമാസം ഏകദേശം 11.6 ലക്ഷം രൂപയാണ് പ്രഥം പ്രകാശിന് ലഭിക്കാന്‍ പോകുന്നത്. പ്രഥം പ്രകാശ് ഗുപ്ത മാത്രമല്ല, ഐഐഐടി അലഹബാദിലെ എംടെക് ബാച്ചിലെ മറ്റ് നിരവധി വിദ്യാർത്ഥികളും മികച്ച ടെക് കമ്പനികളിൽ നിന്നും കോടികളുടെ പാക്കേജുകൾ നേടിയിട്ടുണ്ട്. 2022ലെ എം.ടെക് ബാച്ച് 100 ശതമാനം പ്ലേസ്‌മെന്റ് മാർക്ക് രേഖപ്പെടുത്തിയതായി ഐഐഐടി അലഹബാദ് അറിയിച്ചു. ഗൂഗിളിന്റെ ലണ്ടൻ ഓഫീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിട്ടാണ് പ്രഥം പ്രകാശിന് ജോലി ലഭിച്ചിരിക്കുന്നത്. ഈ വർഷം ജോലിയിൽ പ്രവേശിക്കും. എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തിലെ ഏറ്റവും വലിയ ചില ഓർഗനൈസേഷനുകളിൽ നിന്ന് അതിശയകരമായ ഓഫറുകൾ ലഭിച്ചിരുന്നു. ഗൂഗിളിൽ നിന്നുള്ള ഒരു ഓഫർ ഞാൻ സ്വീകരിച്ച വിവരം നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഈ വർഷം എന്റെ ബിരുദം പൂർത്തിയാക്കിയ ശേഷം ഞാൻ ഉടൻ തന്നെ ലണ്ടനിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി അവരോടൊപ്പം ചേരും. എന്റെ കരിയറിലെ ഈ പുതിയ ഘട്ടത്തിൽ ഞാൻ വളരെ ആവേശത്തിലാണ്!'' ഗുപ്ത പറഞ്ഞു.
ഐഐഐടിയുടെ കണക്കനുസരിച്ച്, ഈ വർഷം ഐഐഐടി അലഹബാദ് എംടെക് ബാച്ചിലെ 5 വിദ്യാർത്ഥികൾക്ക് കോടികളുടെ പാക്കേജുകൾ ലഭിച്ചു. ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ മുൻനിര ടെക് ഭീമന്മാരിൽ നിന്ന് ഈ വിദ്യാർത്ഥികൾക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ഗൂഗിളിന്റെ 1.4 കോടി പാക്കേജ് ഏറ്റവും ഉയർന്നതാണ്, ആമസോണിൽ നിന്നും റൂബ്രിക്കിൽ നിന്നും അനുരാഗ് മകഡെ, അഖിൽ സിംഗ് എന്നിവർക്ക് യഥാക്രമം 1.25, 1.2 കോടി പ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്തു. ഏകദേശം 48 ശതമാനം ബി.ടെക് വിദ്യാർത്ഥികൾക്ക് ഫേസ്ബുക്ക്, ആപ്പിൾ, ആമസോൺ തുടങ്ങിയ വമ്പൻ ടെക് കമ്പനികളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഐഐഐടി അലഹബാദിലെ എംടെക് ബാച്ച് 100 ശതമാനം പ്ലേസ്‌മെന്റ് നേടുന്നത് ഇതാദ്യമാണെന്ന് പറയപ്പെടുന്നു.