'ആയിരങ്ങളുടെ സ്വപ്നം, പ്രചോദനം'; 2009 ലെ സിവിൽ സർവ്വീസ് അഭിമുഖത്തിന്റെ കോൾലെറ്റർ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പല ഉദ്യോഗാർത്ഥികളുടെയും സ്വപ്നമാണ് ഈ ജോലി.
ദില്ലി: ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിലൊന്നായിട്ടാണ് സിവിൽ സർവ്വീസ് പരീക്ഷയെ കണക്കാക്കുന്നത്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഓരോ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ആ പദവിയിലേക്കെത്തുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ പഠനത്തിന് വേണ്ടി മാത്രം മാറ്റിവെച്ച ദിവസങ്ങൾക്കൊടുവിലാണ് പരീക്ഷ എത്തിച്ചേരുന്നത്. ആദ്യ പരിശ്രമത്തിൽ തന്നെ പരീക്ഷയെഴുതുന്ന ഉദ്യാഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല. അങ്ങനെ സംഭവിക്കുമ്പോൾ വീണ്ടും പരിശ്രമം ആവശ്യമായി വരും.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പല ഉദ്യോഗാർത്ഥികളുടെയും സ്വപ്നമാണ് ഈ ജോലി. ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് നേടാൻ കഠിനാധ്വാനം അത്യാവശ്യമാണ്. പല ഉദ്യോഗസ്ഥരും ഈ നേട്ടത്തിലേക്കെത്താൻ തങ്ങൾ സ്വീകരിച്ച പഠനരീതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തിൽ പെടുന്ന ഉദ്യോഗാസ്ഥനാണ് അവനീഷ് ശരൺ ഐഎഎസ്. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വൈറലാകാറുമുണ്ട്.
ഏറ്റവുമൊടുവിൽ സിവിൽ സർവ്വീസ് പരീക്ഷ അഭിമുഖത്തിനായി ലഭിച്ച കോൾലെറ്ററാണ് അദ്ദഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അവനീഷ് ശരൺ. 2009 ഏപ്രിൽ 13 നായിരുന്നു അദ്ദേഹത്തിന്റെ ഇന്റർവ്യൂ. യുപിഎസ്‍സി ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഈ കോൾലെറ്റർ പ്രചോദനമാണെന്നാണ് ഇത് കണ്ട എല്ലാവരുടെയും പ്രതികരണം. 'ഇതുപോലെ ഒരെണ്ണം എന്റെ മെയിലിൽ എത്തുമെന്ന് പ്രതീക്ഷയുണ്ട്' എന്നാണ് ഒരാളുടെ പ്രതികരണം.
UPSC 2023 ലെ സിവിൽ സർവീസ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ച അതേ ദിവസം തന്നെയാണ് അദ്ദേഹം ഈ കോൾലെറ്റർ പങ്കുവെച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. UPSC സിവിൽ സർവീസസ് പരീക്ഷ 2023-ന്റെ രജിസ്ട്രേഷൻ പ്രക്രിയ 2023 ഫെബ്രുവരി 1-ന് ആരംഭിച്ചു. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവയാണ് സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രധാനപ്പെട്ട മൂന്നു ഘട്ടങ്ങൾ.