ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ; കൈറ്റ് വിക്ടേഴ്സിലൂടെ ഡിസംബര്‍ 23 മുതല്‍ പ്രേക്ഷകരിലേക്ക്...
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബര്‍ 23 മുതല്‍ കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ആരംഭിക്കും.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബര്‍ 23 മുതല്‍ കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ആരംഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളുടെ ഫ്ലോര്‍ ഷൂട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.
ജൂറി പാനലിലിരുന്ന് ആലപ്പുഴ കടക്കരപ്പള്ളി ഗവ.എല്‍.പി. സ്കൂളുകളിലെ കുട്ടികളുമായി സംവദിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, യുണിസെഫ് അഡ്വൈസര്‍ ഡോ. പീയൂഷ് ആന്റണി, പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, ഡോ. എം.പി. നാരായണനുണ്ണി, ഡോ. ഷാനവാസ്. കെ എന്നിവര്‍ പങ്കെടുത്തു. റിയാലിറ്റി ഷോയുടെ രണ്ടാംറൗണ്ടും പൂര്‍ത്തിയാക്കി ഗ്രാന്റ് ഫിനാലെ ഫെബ്രുവരി അവസാനം സംഘടിപ്പിക്കും.
മാലിന്യം വിറ്റ് നേടിയത് രണ്ട് ലക്ഷത്തോളം രൂപ: ഹരിത കേരളത്തിന് മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്
2010-11, 2017-18 വര്‍ഷങ്ങളിലെ ഒന്നും രണ്ടും സീസണുകള്‍ അന്താരാഷ്ട്ര തലത്തില്‍ (യുനെസ്കോ, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ച 753 സ്കൂളുകളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം.
പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസണ്‍ 3-ല്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. ഹരിതവിദ്യാലയം ഒന്നാം സീസണിനു വേണ്ടി 2011-ല്‍ കേരളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പാണ് മുദ്രാഗാനത്തിന്റെ വരികള്‍ രചിച്ചത്.