കാലിക്കറ്റിന് പിന്നാലെ റെക്കോർഡ് വേഗത്തിൽ എം ജി സർവകലാശാലയും; ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‍സി, ബി.കോം, ബിബിഎ, ബിസിഎ, ബിഎസ്‍ഡബ്ല്യു, ബിടിടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം ജി സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.
കോട്ടയം: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സർവകലാശാലയും റെക്കോർഡ് വേഗത്തിൽ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എം ജി സർവകലാശാലയും മികവ് ആവർത്തിച്ചത്.
ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‍സി, ബി.കോം, ബിബിഎ, ബിസിഎ, ബിഎസ്‍ഡബ്ല്യു, ബിടിടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം ജി സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.
ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് പൂർത്തീകരിച്ചു. മൂല്യനിർണയത്തിനുശേഷം ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി തീർത്താണ് ഫലം തയ്യാറാക്കിയത്. ഇതിനായി സർവ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകൾ അവധി ദിവസങ്ങളിലുൾപ്പെടെ പ്രവർത്തിച്ചത് അഭിമാനകരമെന്ന് മന്ത്രി പറഞ്ഞു.
മൂല്യനിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകരേയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരേയും പരീക്ഷാവിഭാഗത്തിലെ ജീവനക്കാരേയും ഏകോപനച്ചുമതല നിർവ്വഹിച്ച വൈസ് ചാൻസലർ തൊട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വരെയുള്ള സർവ്വകലാശാലാ നേതൃത്വത്തിനേയും മന്ത്രി അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം