അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം; പിജി രണ്ടാം വർഷ കോഴ്സിൽ ലാറ്ററൽ എൻട്രി
നാലുവർഷത്തെ ഓണേഴ്സ് ഡിഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡിഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. 3 വർഷം പഠിക്കുമ്പോൾ തന്ന, വേണമെങ്കിൽ ഡിഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡിഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ മാറുന്നത്.