ബന്ധുക്കളുടെ നിർബന്ധം കാരണം സയൻസ് ഗ്രൂപ്പെടുത്ത് 11ാം ക്ലാസിൽ തോറ്റു, തളരാതെ പഠിച്ചു, ഇന്ന് ഡെപ്യൂട്ടി കലക്ടർ
പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിക്കുന്ന ഒരു ഗ്രാമപ്രദേശത്താണ് താൻ ജനിച്ചതെന്ന് പ്രിയാൽ. പക്ഷേ മാതാപിതാക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചില്ല. പഠനം തുടരാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി.
ഒരു പരാജയം കൊണ്ടുതന്നെ തളർന്നുപോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ പതിനൊന്നാം ക്ലാസ്സിൽ തോറ്റ ഒരാൾ തളരാതെ വാശിയോടെ പഠിച്ച് ഇന്ന് ഡപ്യൂട്ടി കലക്ടറായിരിക്കുകയാണ്. 27കാരി പ്രിയാൽ യാദവ് മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (എംപിപിഎസ്‌സി) പരീക്ഷയിൽ ആറാം റാങ്ക് നേടിയാണ് ഡെപ്യൂട്ടി കലക്ടറായത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കുമെന്നാണ് പ്രിയാലിന്‍റെ ജീവിതം നൽകുന്ന പാഠം.
"ഞാൻ പത്താം ക്ലാസ് വരെ ക്ലാസിൽ ഒന്നാമതായിരുന്നു. പക്ഷേ ബന്ധുക്കളുടെ സമ്മർദ്ദം കാരണം, എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും സയൻസ് ഗ്രൂപ്പ് എടുത്തു. എന്നിട്ട് ഫിസിക്സിൽ തോറ്റു"- പ്രിയാൽ പറഞ്ഞു. തന്‍റെ അക്കാദമിക് ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും പരാജയമായിരുന്നു അതെന്നും പ്രിയാൽ പറഞ്ഞു.
2019ലെ എംപിപിഎസ്‌സി പരീക്ഷയിൽ 19-ാം റാങ്ക് നേടിയ പ്രിയാൽ ജില്ലാ രജിസ്ട്രാർ തസ്തികയിലേക്ക് നിയമിക്കപ്പെട്ടു. 2020-ൽ 34-ാം റാങ്ക് നേടി സഹകരണ വകുപ്പിൽ അസിസ്റ്റന്‍റ് കമ്മീഷണർ തസ്തികയിലേക്ക് നിയമനം ലഭിച്ചു. വീണ്ടും ശ്രമിച്ചു. 2021ലെ പരീക്ഷയിൽ ആറാം റാങ്കാണ് പ്രിയാലിന് ലഭിച്ചത്. 2021ൽ പരീക്ഷ കഴിഞ്ഞെങ്കിലും സംവരണത്തെ ചൊല്ലി ഫലം കോടതി കയറിയതോടെ നിയമനം വൈകുകയായിരുന്നു.
കർഷകന്‍റെയും വീട്ടമ്മയുടെയും മകളാണ് പ്രിയാൽ. പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിക്കുന്ന ഒരു ഗ്രാമപ്രദേശത്താണ് താൻ ജനിച്ചതെന്ന് പ്രിയാൽ പറഞ്ഞു. പക്ഷേ തന്‍റെ മാതാപിതാക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചില്ല. പഠനം തുടരാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും പ്രിയാൽ പറഞ്ഞു. ഐഎഎസ് ഓഫീസറാകുക എന്നതാണ് ഇനി അടുത്ത ലക്ഷ്യം. ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തുകൊണ്ട് യു പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുമെന്ന് പ്രിയാൽ പറഞ്ഞു.
നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 13,16,268 വിദ്യാർത്ഥികൾ; മുഴുവൻ മാർക്കും നേടി 67 പേർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം