മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐഐടി, എന്‍ഐടി എൻട്രൻസ് പരിശീലനം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18
പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 18ന് മുന്‍പ് ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം.
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് (State Fisheries department) മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരീക്ഷയ്ക്കായി (Entrance Exam Coaching) പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 18ന് മുന്‍പ് ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറിയോ വൊക്കേഷണൽ ഹയർ സെക്കൻഡറിയോ വിജയിച്ചവരെയും മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരെയുമാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. ഒരു വിദ്യാർഥിയ്ക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. ഫോൺ: 0477 225 1103.
ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഉടൻ ആരംഭിക്കുന്ന ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 31നകം അപേക്ഷകൾ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഹ്യൂമൻ റിസോഴ്സ് സ്കിൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ :0471-2325101, 9447471600, 8281114464.