എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് 3.7 കോടി ശമ്പളത്തോടെ ജോലി വാഗ്ദാനം; മികച്ച ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി കമ്പനികൾ
എഞ്ചിനീയറിങ് സാങ്കേതിക മേഖലകളിലെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശരാശരി ശമ്പള വാഗ്ദാനമാണ് ലഭിച്ചത്. അതേസമയം ഐ.ടി സോഫ്‍റ്റ്‍വെയര്‍ രംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു റിക്രൂട്ട്മെന്റ്.
മുംബൈ: ബോംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടപടികള്‍ അവസാനിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ശമ്പളത്തോടെയുള്ള ശമ്പള വാഗ്ദാനമാണ് വിദ്യാര്‍ത്ഥികളെ തേടിയെത്തിയത്. മിടുക്കന്മാരെയും മിടുക്കികളെയും തേടി നിരവധി രാജ്യങ്ങളില്‍ നിന്ന് പ്രശസ്തമായ കമ്പനികളുടെ പ്രതിനിധികളാണ് വന്‍ ശമ്പള പാക്കേജുകളുമായി ക്യാമ്പസിലെത്തിയിരുന്നത്.
വിദേശ കമ്പനികളുടെ ജോലി ഓഫറുകള്‍ ലഭിച്ചവരില്‍ ഏറ്റവും വലിയ ശമ്പള വാഗ്ദാനം പ്രതിവര്‍ഷം 3.7 കോടി രൂപയായിരുന്നു. ഇന്ത്യയിലെ കമ്പനികള്‍ വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ ഉയര്‍ന്ന തുക വര്‍ഷത്തില്‍ 1.7 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വിദേശ കമ്പനികള്‍ മുന്നോട്ടുവെച്ച ഏറ്റവും വലിയ ഓഫര്‍ 2.1 കോടി രൂപയുടെ വാര്‍ഷിക ശമ്പളമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വാഗ്ദാനമാവട്ടെ 1.8 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം.
Read also: ഐ ടി ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ: സംസ്കൃത സർവകലാശാലയിൽ നിരവധി ഒഴിവുകൾ, മികച്ച ശമ്പളത്തിൽ ജോലി!
എഞ്ചിനീയറിങ് സാങ്കേതിക മേഖലകളിലെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശരാശരി ശമ്പള വാഗ്ദാനമാണ് ലഭിച്ചത്. അതേസമയം ഐ.ടി സോഫ്‍റ്റ്‍വെയര്‍ രംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു റിക്രൂട്ട്മെന്റ്. ഈ വര്‍ഷത്തെ ആകെ ജോലി വാഗ്ദാനങ്ങളുടെ ശമ്പളം പരിശോധിക്കുമ്പോള്‍ ശരാശരി 21.8 ലക്ഷമാണ് വാര്‍ഷിക ശമ്പളം. കഴിഞ്ഞ വര്‍ഷം ഇത് 21.5 ലക്ഷവും അതിന് മുമ്പത്തെ വര്‍ഷം 17.9 ലക്ഷം രൂപയും ആയിരുന്നു.
ഈ വര്‍ഷം ഒരു കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക ശമ്പളമുള്ള 16 ഓഫറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ആകെ വന്ന 300 പ്രീ പ്ലേസ്‍മെന്റ് ഓഫറുകളില്‍ 194 എണ്ണമാണ് വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചത്. ഇവയില്‍ 65 എണ്ണം വിദേശ കമ്പനികളുടേത് ആയിരുന്നു. എന്നാല്‍ വിദേശ കമ്പനികളുടെ ഓഫറുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവായിരുന്നു. അമേരിക്ക, ജപ്പാന്‍, യുകെ, നെതര്‍ലാന്‍ഡ്സ്, ഹോങ്കോങ്, തായ്‍വാന്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു പ്രധാനപ്പെട്ട വിദേശ തൊഴില്‍ വാഗ്ദാനങ്ങളെല്ലാം. അതേസമയം യുക്രൈന്‍ യുദ്ധത്തിന്റെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശ കമ്പനികളുടെ സാന്നിദ്ധ്യം കുറവായിരുന്നുവെന്ന് പ്ലേസ്‍മെന്റ് ഓഫീസ് അറിയിച്ചു.
ഐഐടികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പ്ലേസ്‍മെന്റ് നടക്കുന്നത്. ആദ്യഘട്ട ഡിസംബറിലും രണ്ടാം ഘട്ടം ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലും നടക്കും. നിലവില്‍ ബിടെക്, ഡ്യുവല്‍ ഡിഗ്രി, എംടെക് വിദ്യാര്‍ത്ഥികളില്‍ പ്ലേസ്‍മെന്റില്‍ പങ്കെടുത്ത ഏകദേശം 90 ശതമാനത്തോളം പേര്‍ക്കും ജോലി ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.