'കിന്‍റര്‍ഗാര്‍ഡന്‍' ക്ലാസുകള്‍ അടക്കം ഓണ്‍ലൈനില്‍; വിമര്‍ശനവുമായി പ്രൊഫസര്‍ സിഎന്‍ആര്‍ റാവു
നഴ്സറി ക്ലാസുകളിലുളള കുട്ടികള്‍ക്ക് അടക്കം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നതിനെ അനുകൂലിക്കാന്‍ പറ്റില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ചെറിയ കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ സാധിക്കണമെന്നില്ലെന്നും റാവു
ബെംഗളുരു: സ്കൂള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനെ വിമര്‍ശിച്ച് പ്രൊഫസര്‍ സിഎന്‍ആര്‍ റാവു. അധ്യാപകരുമായി സമ്പര്‍ക്കം വേണ്ട പ്രായത്തില്‍ കുട്ടികളെ ഈ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് എത്തിക്കുന്നത് ഉചിതമല്ലെന്നാണ് സിഎന്‍ആര്‍ റാവു പറയുന്നത്. ഒന്നാം ക്ലാസിലും അതില്‍ താഴെ പ്രായമുള്ളവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തരുതെന്നും റാവു ആവശ്യപ്പെടുന്നു.
കൊവിഡ് 19 വൈറസിന് ഒരേയൊരു പരിഹാരം വാക്സിനാണ്. അത് 2021 ആകുമ്പോഴേക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് പിന്‍ വലിക്കുന്നതില്‍ അനാവശ്യ ധൃതിപ്പെടല്‍ ഉണ്ടെന്നാണ് ജവഹര്‍ലാല്‍ നെഹ്റും സെന്‍റര്‍ ഫോര്‍ അഡ്വാസ്ഡ് സയന്‍റിഫിക് റിസര്‍ച്ചിന്‍റെ ഹോണററി പ്രസിഡന്‍റായ റാവു പറയുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളേക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
വിദ്യാഭ്യാസമുള്ളവര്‍ വരെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്നും റാവു പറയുന്നു. സാമൂഹ്യ അകലം പാലിക്കല്‍ ആളുകളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമല്ല പ്രയോഗത്തില്‍ വരേണ്ടത്. അത് ആളുകളുടെ സഹകരണത്തോടെയാണ് ചെയ്യേണ്ടത്. നഴ്സറി ക്ലാസുകളിലുളള കുട്ടികള്‍ക്ക് അടക്കം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നതിനെ അനുകൂലിക്കാന്‍ പറ്റില്ലെന്നും റാവു പിടിഐയോട് പറഞ്ഞു. ആശയ വിനിമയം ശരിയായി നടക്കാന്‍ മനുഷ്യനുമായുള്ള നേരിട്ടിടപെടല്‍ വേണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ചെറിയ കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ സാധിക്കണമെന്നില്ലെന്നും റാവു കൂട്ടിച്ചേര്‍ത്തു.