വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും സാമൂഹ്യ വീക്ഷണവുമുള്ളതാകണം; എന്തുകൊണ്ടെന്നാൽ...

സ്കൂൾ പാഠ്യപദ്ധതിയിലെ ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക് ഇന്നല്ലെങ്കിൽ നാളെ എന്ത് പ്രയോജനമുണ്ടാകും  എന്നുകൂടി കണക്ക് കൂട്ടി വേണം പാഠ്യ പദ്ധതി തീരുമാനിക്കാൻ...

Education should be vocational and socially oriented

ലോകത്തിനു തന്നെ മാതൃകയായ വിദ്യാഭ്യാസ സമ്പ്രദായമാണ്, കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോക ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആ  നേട്ടത്തിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. ലോകത്ത് എവിടെയും  മുക്കിലും മൂലയിലും ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ  അതിന്റെ അടയാളപ്പെടുത്തലുകളാണ്. എന്നിരുന്നാലും  ആധുനിക  കാലഘട്ടത്തിനും പുത്തൻ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും  ഊന്നിയുള്ള  നമ്മുടെ  വിദ്യാഭ്യാസ സമ്പ്രദായം കുറേ കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്. അതിന് ഉപയുക്തമായ രീതിയിലുള്ള ഒരു പുത്തൻ പാഠ്യപദ്ധതിക്കാണ് വിദ്യാഭ്യാസ വകുപ്പ് രൂപം കൊടുക്കാൻ പോകുന്നതെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

സാമൂഹ്യ ബോധത്തിൽ അധിഷ്ഠിതമായ ഒരു പാഠ്യപദ്ധതിക്കാണ്  മുൻഗണന നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന് മുന്നോടിയായി പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസ വിചക്ഷണരുടെയും വിരമിച്ച  അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കാനും അതിലുപരി കുട്ടികളുടെ അഭിപ്രായങ്ങൾ ആരായാനും വരെ  ഉത്തരവാദിത്വപ്പെട്ടവർ  നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നത് ആ പ്രവർത്തനത്തിന്റെ  ഉദ്ദേശലക്ഷ്യങ്ങൾ സുതാര്യമാണെന്ന് തെളിയിക്കുന്നതാണ്. അത്തരത്തിലുള്ള ആദ്യ ചർച്ച തലസ്ഥാന നഗരിയിലെ ഒരു സ്കൂളിൽ  ഈ അടുത്ത സമയത്ത്  തുടക്കം കുറിച്ചു. അത് അങ്ങനെ തന്നെയാണ് വേണ്ടതും. 
 
"സൈനും കോസും പഠിച്ചിട്ട് ഒരു കുട്ടി തന്റെ വ്യക്തിജീവിതത്തിൽ എന്ത് നേടിയെന്ന സാമൂഹ്യ മാധ്യമത്തിലെ കമന്റുകൾ ഇവിടെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല". സ്കൂൾ പാഠ്യപദ്ധതിയിലെ ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക് ഇന്നല്ലെങ്കിൽ നാളെ എന്ത് പ്രയോജനമുണ്ടാകും  എന്നുകൂടി കണക്ക് കൂട്ടി വേണം പാഠ്യ പദ്ധതി തീരുമാനിക്കാൻ. കാരണം ഓരോ ക്ലാസ് മുറികളിലും ഇരിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്ത മനോഭാവമുള്ള, ചിന്താശേഷിയുള്ള, വിഭിന്നമായ അഭിരുചികളുള്ള, വിവിധ സാഹചര്യങ്ങളിൽ നിന്നും വരുന്നവരാണ്. ആ വ്യത്യസ്ത നാം മനസിലാക്കണം. അവരെല്ലാം നാളെയുടെ നാഴികക്കല്ലുകളാണ്. അപ്പോൾ അവരെ വളരെ ഉന്നത  നിലവാരത്തിലുള്ള  വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലൂടെയും സാമൂഹ്യ നിരീക്ഷണങ്ങളിലൂടെയും നല്ല വ്യക്തികളായി  വളർത്തി കൊണ്ട് വരേണ്ടത് ഭരണകർത്താക്കളുടെയും പൊതുസമൂഹത്തിന്റെയും  കടമയും കർത്തവ്യവുമാണ്. 

ഈ അടുത്ത കാലത്തായി പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റം ഒരു നാടാകെ അത് ആത്മാർത്ഥമായി ഏറ്റെടുത്തത് കൊണ്ടാണ്. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നൂറുകണക്കിന് സ്കൂളുകളാണ് ഈ മുന്നേറ്റത്തിലൂടെ കരുത്താർജിച്ചത്. ഈ മാതൃകാ പ്രവർത്തനം വീണ്ടും കരുത്താർജിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ  അവസരത്തിൽ  തികച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരധ്യാപകനെന്ന  നിലയിൽ കുറച്ചു ആശയങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ സമർപ്പിക്കുകയാണ്.

Education should be vocational and socially oriented

തൊഴിലധിഷ്ഠിതമാകണം പുതിയ പാഠ്യ പദ്ധതി
പുതിയ പാഠ്യ പദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട ഒന്നാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഒരു ക്‌ളാസിലെ എല്ലാ കുട്ടികളും പഠനത്തിൽ മികച്ച നിലവാരം പുലർത്തണമെന്നില്ല. എന്നാൽ മറ്റ് പല മേഖലകളിലും അവർ അഗ്ര​ഗണ്യന്മാർ ആയിരിക്കും. അത് കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്താണ് ഒരധ്യാപകന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ മിടുക്ക് എന്ന് പറയുന്നത്. അതാണ് പ്രയാസവും. ഇപ്പോൾ അത് കണ്ടെത്താനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ  നമുക്കുണ്ട്. ഹൈസ്‌കൂൾ ക്‌ളാസുകളിൽ എത്തുമ്പോൾ അത്തരം കുട്ടികളെ കണ്ടെത്തുകയും അവരുടെ  താല്പര്യം കൂടി കണക്കിലെടുത്ത് വിവിധ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  നൽകുകയും വേണം. 

സോഷ്യൽ മീഡിയയുടെ ആവീർഭാവത്തോടെ വിവിധ മേഖലകളിൽ വ്യാപൃതരായിട്ടുള്ള  നിരവധി കുട്ടികൾ നമ്മുടെ ചുറ്റിലും ഉണ്ട്. വിവിധ നിർമ്മാണ പ്രവർത്തികൾ, കണ്ടു പിടുത്തങ്ങൾ  സംഗീതത്തിലും, ചിത്രകലയിലും  അലങ്കാര വൃക്ഷങ്ങളിലും , ചെടികളും ആകൃഷ്ടരായവർ   മറ്റ്  കലാരംഗങ്ങളിൽ തിളങ്ങുന്നവർ കൂടാതെ   അലങ്കാര മത്സ്യങ്ങൾ വളർത്തുന്നവർ, അതിൽ നിന്നൊക്കെ വരുമാനം കണ്ടെത്തുന്നവർ, കുട്ടി വ്ലോഗർമാരായും  അവതാരകാരുമൊക്കെയായി തിളങ്ങുന്നവരുമുണ്ട്  നമുക്ക് ചുറ്റും. അക്കൂട്ടരെ അവരവരുടെ താല്പര്യം അനുസരിച്ചുള്ള മേഖലകളിൽ വഴിതിരിച്ചു വിടുന്നതായിരിക്കണം വിദ്യാഭ്യാസം.

സാമൂഹ്യ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം
ഒരു വ്യക്തിയെ സമൂഹത്തിനും രാഷ്ട്രത്തിനും  ഉപയോഗപ്പെടുന്ന  തരത്തിൽ അവനെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ടുദേശിക്കുന്നത്. അതിനായി പാഠപുസ്തകങ്ങൾക്കും  അപ്പുറമുള്ള അറിവുകൾ പകർന്നു നൽകുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം. സ്വന്തം വീട്ടിൽ, പൊതുവിടങ്ങളിൽ  വിദ്യാലയങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ  എങ്ങനെ പെരുമാറണമെന്ന സാമൂഹ്യ ബോധം അവനിലുണ്ടാകണം.

Education should be vocational and socially oriented

കുട്ടികളിൽ സാമൂഹ്യ അവബോധം ഉളവാക്കുന്ന തരത്തിൽ നിരവധി  യൂണിറ്റുകൾ  സ്കൂൾ തലത്തിൽ നിലവിലുണ്ടെങ്കിലും അതിൽ ഭൂരിപക്ഷവും ഗ്രേസ് മാർക്കിനോ മറ്റ് താല്പര്യങ്ങളിലൊ അധിഷ്ഠിതമാണ്. ഈ മൊബൈൽ യുഗത്തിൽ പല കുട്ടികളും മൊബൈലിനും മറ്റ് മയക്കു മരുന്നുകൾക്കും വശംവദരായി സ്കൂൾ ജീവിതം തള്ളി നീക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ അതിന് ബദലായി മാറുവാനും  അതിലൂടെ ഒരു വലിയ ശതമാനം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും  നമുക്ക് കഴിയണം.

കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവും പാരിസ്ഥിതിക അവബോധവും ജീവിതക്രമവും നിസ്വാർത്ഥ മനോഭാവവും സഹജീവി സ്നേഹവും  ഉത്തരവാദിത്വ ബോധവുമൊക്ക പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി, എസ്‌ പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, നേച്ചർ ക്ലബ്, ഒ ആർ സി തുടങ്ങിയ യൂണിറ്റുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും  അതിന്റെ പ്രയോജനം ഒരു നിശ്ചിത ശതമാനം കുട്ടികളിൽ  ഒതുങ്ങി പോവുകയാണ് പതിവ്. പല സ്‌കൂളുകളിലും ഇത് ഒരു വഴിപാട് പോലെ കാട്ടിക്കൂട്ടുകയാണ്. ഈ കാട്ടിക്കൂട്ടലിൽ ഒരു വിഭാഗം സ്കൂൾ അധികൃതർക്കും അധ്യാപകർക്കും പങ്കുണ്ട്.

എന്നാൽ യു പി ക്‌ളാസുമുതൽ എല്ലാ കുട്ടികളൂം ഏതെങ്കിലുമൊക്കെ  സാമൂഹ്യ  പ്രവർത്തനങ്ങളിൽ  ഏർപ്പെടണമെന്ന തരത്തിൽ അത് പാഠ്യ പദ്ധതിയുമായി കൂട്ടിചേർക്കണം. ഒപ്പം, ചെറു പ്രായത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി  ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവകുറിപ്പുകൾ ഉൾപ്പെടുത്താം. ഇത്തരം കഥകൾ കുഞ്ഞു മനസ്സിൽ പതിയാതിരിക്കില്ല. സ്കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന ഈ അവസരങ്ങൾ അവരുടെ ഭാവി ജീവിതത്തിന് കരുത്തേകുമെന്ന കാര്യത്തിലും  രണ്ടഭിപ്രായമില്ല.

(തുടരും)

ആലപ്പുഴ ജില്ലയിലെ താമരക്കുളം വി വി എച്ച് എസ്‌ എസ്സ് അധ്യാപകനാണ് ലേഖകൻ.
(സംസ്ഥാന അദ്ധ്യാപക - സംസ്ഥാന വനമിത്ര അവാർഡ് ജേതാവ്, ബാലാവകാശ പ്രവർത്തകൻ )  

 

Latest Videos
Follow Us:
Download App:
  • android
  • ios