അന്ന് മുടങ്ങിയ വിദ്യാഭ്യാസം; ആ നഷ്ടബോധം വിങ്ങിയ വർഷങ്ങൾ, ഇനി പഠിക്കാൻ 28-കാരിക്ക് പിന്തുണയുമായി വനിത കമ്മീഷൻ

നഷ്ടപ്പെട്ട വിദ്യാഭ്യാസം 28-ാം വയസില്‍ നേടാന്‍ യുവതി; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വനിത കമ്മിഷന്‍

Education once stopped  Women s Commission supporting the 28 year old woman ppp

മലപ്പുറം: ബാല്യത്തില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാന്‍ വനിത കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ് 28 വയസുള്ള തൃപ്പങ്ങോട് സ്വദേശിനി. ബീഹാറില്‍ നിന്ന് വീട്ടുജോലിക്കായി ഏട്ടാം വയസിലാണ് ഇവര്‍ കോട്ടയത്ത് എത്തിയത്. ജോലി ചെയ്ത വീട്ടിലെ പീഡനത്തെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ അനാഥാലയത്തിലെത്തിയ യുവതിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. 

തുടര്‍ന്ന് പ്രായപൂര്‍ത്തിയായ യുവതിയെ നിയമപ്രകാരം തൃപ്പങ്ങോട് സ്വദേശി വിവാഹം കഴിച്ചു. യുകെജിയിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയാണ് ഇന്നിവര്‍. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം തിരികെ നേടണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടായത്. യുവതിയുടെ ആഗ്രഹം അറിഞ്ഞ ഭര്‍ത്താവിനു സന്തോഷമായി. എന്നാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രായം തടസമായി നിന്നപ്പോള്‍ ഇവര്‍ വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു. 

എതിര്‍കക്ഷികളില്ലാത്ത കേസില്‍ യുവതിയുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം നല്‍കാന്‍ ആവശ്യമായ സഹായങ്ങള്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ പരാതി പരിഗണിച്ച വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ഇവര്‍ താമസിക്കുന്ന പഞ്ചായത്തിലെ വനിത കമ്മീഷന്‍ ജാഗ്രത സമിതിയുടെ സഹായത്തോടെ യുവതിക്ക് സ്‌കൂള്‍ പഠനം ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും.

Read more:  'പൂവിളി പൂവിളി പൊന്നോണമായി...'; കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും മന്ത്രി

ബന്ധപ്പെട്ട ഓഫീസുകളുമായി ആലോചിച്ച് പഠന സൗകര്യം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും വനിത കമ്മിഷനംഗം പറഞ്ഞു. വനിത കമ്മിഷന്‍ മലപ്പുറം ജില്ലാതല സിറ്റിംഗില്‍ 40 കേസുകള്‍ പരിഗണിച്ചു. ഇതില്‍ ഏട്ട് പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികള്‍ പോലീസിന് കൈമാറി. 26 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കകേസുകളാണ് കമ്മീഷനു മുന്നിലെത്തിയതില്‍ കൂടുതലും. പൊതുവേ മലപ്പുറം ജില്ലയില്‍ വനിത കമ്മിഷനു മുന്നിലെത്തുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. സിറ്റിംഗില്‍ അഡ്വ. സുഹൃത രജീഷ്, കെ. ബീന, കൗണ്‍സലര്‍ ശ്രുതി നാരായണന്‍, വനിത കമ്മിഷന്‍ ജീവനക്കാരായ എസ്. രാജേശ്വരി, ജെ.എസ്. വിനു തുടങ്ങിയവര്‍ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios