'അറിവാണ് ആയുധം അറിവാണ് പൂജ...'; മഹാനവമി, വിജയദശമി ആശംസ നേർന്ന് വിദ്യാഭ്യാസമന്ത്രി
ഏവർക്കും മഹാനവമി, വിജയദശമി ആശംസകളെന്ന് വി ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം : മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാർത്ഥന എന്ന കാർഡ് പങ്കുവച്ചാണ് മന്ത്രി ഫേസ്ബുക്കിൽ ആശംസ നേർന്നത്. ഏവർക്കും മഹാനവമി, വിജയദശമി ആശംസകളെന്ന് വി ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വിജയദശശമിയിലെ വിദ്യാരംഭം, അറിയേണ്ടത്
വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി നാളിൽ നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാർത്ഥികൾ ദേവിയെ പൂജിക്കുന്നു. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാ ദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത്. നവരാത്രി കാലത്ത് അവരവരുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു.
ഭാരതത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്. ദുർഗ്ഗാഷ്ടമി ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ മുതലായവ പൂജയ്ക്ക് വെക്കുന്നത്. പൂജവെച്ചാൽ എഴുത്തും വായനവും മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.
നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് രാമൻ വ്രതം ആദ്യം തുടങ്ങിയതെന്നാണ് ഐതീഹ്യം. ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ '' എന്ന രാജാവായിരുന്നുവെന്നും വിശ്വസിക്കുന്നു! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.
വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി എന്നത് ചില ഭാവങ്ങളാണ്. മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചന കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.