ഭാരത് ഭവന്റെ നാടക പുരസ്‌കാരം; ജൂലൈ 25 നകം അപേക്ഷ
ഗ്രാമീണ നാടക രംഗത്ത് മൂല്യവത്തായ സംഭാവനകൾ നല്കിയവരേയും, സജീവമായ ഇടപെടലുകൾ നടത്തുന്നവരേയും മികച്ച ഗ്രാമീണ നാടക രചയിതാക്കളെയുമാണ് പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നത്.
തിരുവനന്തപുരം: ഭാരത് ഭവന്റെ (bharath bhavan) ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരത്തിനും, ഗ്രാമീണ നാടക രചനാ പുരസ്‌കാരത്തിനും (apply for award) അപേക്ഷ ക്ഷണിച്ചു. 20,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരം. 10,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക രചനാ പുരസ്‌കാരം. ഗ്രാമീണ നാടക രംഗത്ത് മൂല്യവത്തായ സംഭാവനകൾ നല്കിയവരേയും, സജീവമായ ഇടപെടലുകൾ നടത്തുന്നവരേയും മികച്ച ഗ്രാമീണ നാടക രചയിതാക്കളെയുമാണ് പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നത്. അപേക്ഷകർക്ക് പ്രായ പരിധിയില്ല. ജൂലൈ 25 നകം വിശദമായ ബയോഡാറ്റ സഹിതം നോമിനേഷനുകളോ/ അപേക്ഷകളോ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൈക്കാട് പി.ഓ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-4000282/9995484148 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം
സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) 2022-2024 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മധ്യേ പ്രായമുള്ള ബധിരർ, മൂകർ അസ്ഥി സംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. താമസ സൗകര്യം സൗജന്യമാണ്.
അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കിയ അപേക്ഷകൾ, ബയോഡാറ്റാ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം ജൂലൈ 20ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. ഇന്റർവ്യൂ തീയതി ജൂലൈ 25 ന് രാവിലെ 11ന്. കൂടുതൽ വിവരങ്ങൾക്ക്: 0471-2343618.