ആദിവാസി ഊരില്‍ നിന്നും ഒരു വിജയഗാഥ; ഇരുളവിഭാഗത്തിൽ നിന്നും ആദ്യമായി എംഎസ് ബിരുദം നേടി ഡോ. തുളസി
ചിറ്റൂർ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദിവാസികൾക്കിടയിലെ ആദ്യ വനിതാ ഡോക്ടർ. 1995ലായിരുന്നു ഈ നേട്ടം.
പാലക്കാട്: ആധിയും വ്യാധിയും ഒഴിയാത്ത അട്ടപ്പാടിയിലെ (Attappadi) ആദിവാസി ഊരിൽ നിന്ന് ഒരു ചരിത്രവിജയം. ഇരുള വിഭാഗത്തിൽ നിന്ന് എംഎസ് മെഡിക്കൽ ബിരുദം (Doctor Thulasi) നേടിയ ആദ്യ വനിത ഡോക്ടർമാരിൽ ഒരാളാകുകയാണ് ഡോക്ടർ തുളസി. 2017ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് തുളസി എംബിബിഎസ് നേടിയത്. ലക്ഷ്മിപ്രിയ എന്ന നാട്ടുകാരിയും അന്ന് തുളസിക്കൊപ്പം എംബിബിഎസ് നേടി. അങ്ങനെ ഇരുള വിഭാഗത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതാ ഡോക്ടർമാരായി മാറി ഇരുവരും.
ചിറ്റൂർ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദിവാസികൾക്കിടയിലെ ആദ്യ വനിതാ ഡോക്ടർ. 1995ലായിരുന്നു ഈ നേട്ടം. തുടർന്ന് 22 വർഷങ്ങൾക്കുശേഷമാണ് അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികൾ എംബിബിഎസ് നേടിയിരിക്കുന്നത്. എംബിബിഎസ് നേടിയ സന്തോഷത്തിൽ നിൽക്കെ, ഉപരിപഠനമാണ് സ്വന്തം വഴിയെന്ന് ഡോ.തുളസി തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ പിജിക്ക് ചേർന്നു. ഇന്നലെയാണ് ഫലം വന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി എംഎസ് സർജറി പൂർത്തിയാക്കിയ സന്തോഷത്തിലാണ് തുളസി. വീടിന് എത്രയടുത്ത് കിട്ടുമോ അവിടെ പരിശീലനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തുളസി.
വീടിന് സമീപത്തെ കാവുണ്ടിക്കൽ തമിഴ് മീഡിയം സർക്കാർ എൽപിസ്കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് അഗളി ഗവ.സ്കൂളിൽ. എസ്എസ്എൽസി കഴിഞ്ഞ് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ പഠനം. മൃഗപരിപാലനമായിരുന്നു പഠനവിഷയമെങ്കിലും മനസ്സുനിറയെ മനുഷ്യരെ ചികിത്സിക്കണമെന്നായിരുന്നു മോഹം. അച്ഛൻ മുത്തുസ്വാമിയും അമ്മ കാളിയമ്മയും മകൾക്ക് ഒപ്പം ഉറച്ചു നിന്നപ്പോൾ, അട്ടപ്പാടിക്കത് ചരിത്രനേട്ടമായി. ഒരുപാട് പേർക്ക് ഊർജമാകുന്ന മാതൃക.. എംഎസ് റെസിഡെൻ്റഷിപ്പ് പൂർത്തിയാക്കലാണ് അടുത്ത കടമ്പ. അതു കഴിഞ്ഞാൽ Mch paediatric surgery (super speciality ) യിൽ ഉപരിപഠനം. അങ്ങനെ പഠിച്ചും പരിശോധിച്ചും പുതിയ നേട്ടങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. തുളസി.