ലക്നൗവിൽ കൊവിഡിനെതിരെ പ്രതിരോധം തീർത്തത് ഈ മലയാളി ഐഎഎസ് ഉദ്യോ​ഗസ്ഥയാണ്!

'കൊവിഡിനെ പിടിച്ചുകെട്ടി എന്നൊന്നും പറയാൻ സാധിക്കില്ല. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വളരെയധികം കുറവ് സംഭവിച്ചു  അത്തരത്തിലൊരു മാറ്റം സാധ്യമാക്കാൻ കഴിഞ്ഞു.' ഡോക്ടർ റോഷൻ ജേക്കബിന്റെ വാക്കുകൾ. 

doctor roshan jacob IAS malayalee IAS officer in luknow

കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകത്തെമ്പാടുമുള്ള ജനങ്ങളും സർക്കാരും. കൊറോണക്കെതിരെ അരയും തലയും മുറുക്കി ഭരണാധികാരികൾ പോരാട്ടത്തിനിറങ്ങുമ്പോൾ, അവർക്കിടയിൽ ശ്രദ്ധേയയാകുകയാണ് ഡോക്ടർ റോഷൻ ജേക്കബ് ഐഎഎസ് എന്ന മലയാളി ഉദ്യോ​ഗസ്ഥ. കൊവിഡിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വരവിൽ തകർന്നടിഞ്ഞ ഇടങ്ങളിലൊന്നായിരുന്നു യുപി തലസ്ഥാനമായ ലക്നൗ. എന്നാൽ കഴിഞ്ഞ ദിവസം ഇവിടുത്തെ കൊവിഡ് ബാധ കുത്തനെ താഴേക്ക് പോയി എന്ന വാർത്ത നാം കേട്ടു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ നിന്ന് നൂറിലേക്ക് താഴ്ന്നു. ലക്നൗവിലെ കൊവിഡ് ബാധയിലുണ്ടായ മാറ്റത്തിന് പിന്നിൽ ഡോക്ടർ റോഷൻ ജേക്കബ് ഐഎഎസ് എന്ന സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയുടെ കാര്യക്ഷമമായ ഇടപെടലുകളാണുള്ളത്. വെറും ആഴ്ചകൾ കൊണ്ടാണ് ഡോ. റോഷൻ ജേക്കബ് ഈ മുന്നേറ്റം സാധ്യമാക്കിയത്. 

കൊവിഡിനെ പിടിച്ചുകെട്ടി എന്നൊന്നും പറയാൻ സാധിക്കില്ല. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വളരെയധികം കുറവ് സംഭവിച്ചു  അത്തരത്തിലൊരു മാറ്റം സാധ്യമാക്കാൻ കഴിഞ്ഞു. ഡോക്ടർ റോഷൻ ജേക്കബിന്റെ വാക്കുകൾ. പതിനേഴ് വർഷമായി യുപിയിൽ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ റോഷൻ ജേക്കബ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരം ജില്ലയിലാണ്. നാടിനെക്കുറിച്ച്, വിദ്യാഭ്യാസ കാലത്തെക്കുറിച്ച്, ജോലിയെക്കുറിച്ച് ഡോ. റോഷൻ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

കൊവിഡിനെ പ്രതിരോധിച്ചതിങ്ങനെ

ഏപ്രിൽ മൂന്നാമത്തെ ആഴ്ച 6000 കൊവിഡ് കേസുകളാണ് ദിനംപ്രതി ലക്നൗവിൽ റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് ജൂൺ 4 ആയപ്പോൾ ആ സംഖ്യ 40 ലെത്തി. അത്തരത്തിലൊരു മാറ്റം നടപ്പിൽ വരുത്താൻ സാധിച്ചു. സ്പെഷൽ അസൈൻമെന്റിന്റെ ഭാ​ഗമായിട്ടാണ് ലക്നൗവിലെ ചുമതല ഏറ്റെടുക്കുന്നത്. ഏപ്രിൽ 17 മുതൽ ജൂൺ 2 വരെയായിരുന്നു ചുമതല.  ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ളത്. ഒരു നല്ല ടീമിനൊപ്പം പ്രവർത്തിക്കാനും സാധിച്ചു. കൊവിഡ് വന്നാൽ പിന്നെ രക്ഷയില്ല എന്ന മനോഭാവമായിരുന്നു ജനങ്ങൾക്ക്. അത് ആദ്യം മാറ്റിയെടുത്തു. ജനങ്ങൾക്ക് രോ​ഗത്തോടുള്ള ഭയം മാറ്റി, കൃത്യമായ ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുത്തി. 

doctor roshan jacob IAS malayalee IAS officer in luknow

ഓരോ വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. അവരുടെ ആവശ്യങ്ങൾ കൃത്യമായി ചോദിച്ച് അവരിലേക്ക് എത്തിച്ചു. മിക്കവരും വീട്ടിലിരുന്നുള്ള ചികിത്സയാണ് തെര‍ഞ്ഞെടുത്തത്. ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടവരെ അങ്ങനെ ചെയ്തു. അല്ലാത്തവർക്ക് വീടുകളിൽ ചികിത്സ നൽകി. അവർക്ക് ആവശ്യമായ വൈദ്യസഹായവും സംവിധാനങ്ങളും എത്തിച്ചു. അതുപോലെ കൊവിഡ് ചികിത്സ വളരെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന തോന്നൽ ജനങ്ങളിൽ നിന്നും അകറ്റി. ഹോം ഐസൊലേഷൻ, മരുന്ന് കിറ്റുകൾ, റാപിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം എന്നിവ വളരെ ശക്തവും കാര്യക്ഷമവുമാക്കി. അത് മാത്രമല്ല, ഞാൻ നേരിട്ട് പല വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. കൂട്ടായ പ്രവർത്തനമാണ് ലക്നൗവിലെ കൊവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്. 

യുപിയിലെ ജോലി 

ഝാൻസിയിൽ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു എന്റെ ആദ്യ പോസ്റ്റിം​ഗ്. പതിനേഴ് വർഷമായി ഉത്തർപ്രദേശിൽ ജോലി ചെയ്യുന്നു.  ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. നാട്, ഭാഷ, സംസ്കാരം, സാമൂഹിക അവസ്ഥ, കാലാവസ്ഥ ഇവയെല്ലാം നമ്മുടേതിൽ വളരെ വ്യത്യസ്തം. ഭാഷ ആദ്യമൊക്കെ പ്രശ്നമായി തോന്നിയിരുന്നു. ഒരുപാട് ജില്ലകളിൽ വ്യത്യസ്ത വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. എല്ലായിടത്തും വളരെ സ്വീകാര്യത ലഭിച്ചു എന്നാണ് എന്റെ അനുഭവം. വളരെ ഉത്തരവാദിത്വം വേണ്ട, വെല്ലുവിളികൾ നിറഞ്ഞ ജോലി തന്നെയാണിത്. ഇവിടുത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി എന്നെ സ്വീകരിച്ചു എന്നതാണ് സത്യം. ഇവിടുത്തെ ജനങ്ങളുടെ പ്രത്യേകതയാണത്. ഒരു ​ഗവൺമെന്റ് സെർവന്റ് എന്ന നിലയിൽ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ എനിക്ക്. ഇവിടുത്തെ ജനങ്ങളും സ്നേഹമുള്ളവരാണ്.

നമ്മുടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. കാര്യങ്ങൾ കൈ വിട്ടുപോകും എന്നൊക്കെ തോന്നിയിട്ടുള്ള ചില അവസരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നമ്മളെ കേൾക്കാൻ ആളുകൾ തയ്യാറാകുന്നു എന്നത് വളരെ സന്തോഷം നൽകിയിട്ടുണ്ട്. രോഷാകുലരായി നിൽക്കുന്ന വലിയൊരു ജനക്കൂട്ടത്തിന് നടുവിൽ നിന്ന് അവരോട് സംസാരിക്കുമ്പോൾ അവർ നമ്മളെ അനുസരിക്കാൻ തയ്യാറാകുന്നത് ചെറിയ കാര്യമല്ലല്ലോ. എന്നെ സംബന്ധിച്ച് ജനങ്ങളെ സഹായിക്കാനുള്ള, സേവനം ചെയ്യാനുള്ള അവസരമാണ് ഈ ജോലി. 

doctor roshan jacob IAS malayalee IAS officer in luknow

സിവിൽ സർവ്വീസിലേക്ക് 

സിവിൽ സർവ്വീസ് ഒരു സ്വപ്നമായിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. പഠിക്കുന്ന സമയത്ത് പഠനത്തിലും എഴുത്തിലും പ്രസം​ഗത്തിലും മികവ് പുലർത്തിയിരുന്നു. സിവിൽ സർവ്വീസ് ട്രൈ ചെയ്യാൻ എല്ലാവരും പറഞ്ഞു. അങ്ങനെയാണ് സിവിൽ സർവ്വീസ് ലക്ഷ്യം വെച്ച് പഠനം ആരംഭിക്കുന്നത് ഞാൻ ഒറ്റമോളാണ്. അച്ഛൻ ജേക്കബും അമ്മ ഏലിയാമ്മ വർ​ഗീസും സർക്കാർ ജീവനക്കാരായിരുന്നു. എന്റെ ഇഷ്ടത്തിന് പിന്തുണ നൽകി കൂടെ നിൽക്കുന്നവരായിരുന്നു അവർ. ഞാൻ സിവിൽ സർവ്വീസിലെത്തണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് അമ്മയാണ്. ഞാൻ സിവിൽ സർവ്വീസ് തെരഞ്ഞെടുക്കാനുണ്ടായ കാരണം തന്നെ മാതാപിതാക്കളാണ്. 

വിദ്യാഭ്യാസം 

തിരുവനന്തപുരം സർവ്വോദയ വിദ്യാലയത്തിലും ​ഗവൺമെന്റ് വിമൻസ് കോളേജിലും കേരള സർവ്വകലാശാലയിലുമായിട്ടായിരുന്നു പഠനം.   സർവ്വീസിൽ കയറിയതിന് ശേഷമാണ് ​ഗവേഷണം പൂർത്തിയാക്കിയത്. 

സിവിൽ സർവ്വീസ് ലക്ഷ്യമിടുന്നവരോട്

സേവനം ചെയ്യാനുള്ള അവസരമായിട്ടാണ് എന്റെ ജോലിയെ ഞാൻ കാണുന്നത്. നമ്മുടെ അടുത്ത് സഹായം ചോദിച്ചെത്തുന്നവർക്ക് അത് എത്രയും വേ​ഗത്തിൽ, കാര്യക്ഷമമായി തന്നെ നൽകണം. സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അറിവും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. പബ്ലിക് സർവ്വീസ് എന്നത് വെറുമൊരു ജോലിയല്ല. അതിന് വേണ്ടി ആത്മാർത്ഥമായ താത്പര്യം ഉണ്ടായിരിക്കണം. നമ്മൾ മുറുകെപ്പിടിക്കേണ്ട മൂല്യങ്ങളുണ്ട്. എല്ലാ വിഷയങ്ങളെയും ഫോക്കസ് ചെയ്ത് പഠനം മുന്നോട്ട് കൊണ്ടുപോകണം. പരീക്ഷ എഴുതി പാസ്സാകുക എന്നതിലപ്പുറം വളരെ വലിയ ഉത്തരവാദിത്വമാണ്, പ്രതിബദ്ധതയാണ് നമ്മിലുണ്ടായിരിക്കേണ്ടത്. കേരളത്തിൽ തന്നെ ജോലി ലഭിക്കണമെന്നില്ല. മറ്റ് സംസ്ഥാനങ്ങളിലായിരിക്കും ചിലപ്പോൾ. അങ്ങനെ വരുമ്പോൾ നാടും വീടും വിട്ടുനിൽക്കുന്നതിന്റേ ഏകാന്തതയും പ്രശ്നങ്ങളുമൊക്കെ ഉണ്ടാകും. അതിനെയൊക്കെ തരണം ചെയ്യണം. 

doctor roshan jacob IAS malayalee IAS officer in luknow

കുടുംബം

വിദേശ കാര്യവകുപ്പ് ഉദ്യോ​ഗസ്ഥനും സിവിൽ സർവ്വീസ് സഹപാഠിയുമായിരുന്ന ഡോക്ടർ അരിന്ദം ഭട്ടാചാര്യയാണ് റോഷൻ ജേക്കബിന്റെ ഭർത്താവ്.  മകൾ അനുഷ്ക, മകൻ അഭിഷിക്ത്. അമ്മ മരിച്ചതോടെ അച്ഛൻ ജേക്കബ് തനിക്കൊപ്പം യുപിയിൽ ആണ് താമസമെന്നും റോഷൻ ജേക്കബ് പറഞ്ഞു. ഖനന വകുപ്പ് ഡയറക്ടറായിട്ടാണ് ഇപ്പോൾ ഡോ. റോഷൻ ജേക്കബ് സേവനമനുഷ്ഠിക്കുന്നത്. ബസ്തി, ​ഗോണ്ട, കാൺപൂർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലായി ജില്ലാ മജിസ്ട്രേറ്റായി. യുപി ഖനന വകുപ്പിന്റെ ഡയറക്ടർ ചുമതലയിലെത്തിയ ആദ്യ വനിതയെന്ന ഖ്യാതിയും ഈ മലയാളി ഐഎഎസ് ഉദ്യോ​ഗസ്ഥക്ക് സ്വന്തം. നിലവില്‍ യുപിയിലെ ഖനനവകുപ്പ് സെക്രട്ടറിയാണ് ഡോ.റോഷന്‍ ജേക്കബ്. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios