1000ത്തോളം പേരുടെ കഷ്ടപാടിന് വിലയില്ല; കസ്റ്റംസ് ക്യാന്‍റീൻ അസിസ്റ്റന്‍റ്, ഡ്രൈവർ പരീക്ഷ, ഹൈടെക് തട്ടിപ്പ്
പരീക്ഷാ ഹാളിന് പുറത്തുനിന്നും ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്തയാളും പിടിയിലായി.
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഹൈടെക് പരീക്ഷ തട്ടിപ്പ്. ചെന്നൈ കസ്റ്റംസ് നടത്തിയ പരീക്ഷയിൽ തട്ടിപ്പിന് ശ്രമിച്ച 30 ഉത്തരേന്ത്യക്കാര്‍ അറസ്റ്റിലായി. വി എസ് എസ് സി പരീക്ഷയിലേതിന് സമാനമായ തട്ടിപ്പ് നടത്തിയതിനാണ് തമിഴ്നാട്ടിലും ഉത്തരേന്ത്യൻ ലോബി പിടിയിലായത്. ക്യാന്‍റീൻ അസിസ്റ്റന്‍റ് , ഡ്രൈവര്‍ തസ്തികകളിലേക്ക് ചെന്നൈ കസ്റ്റംസ് നടത്തിയ എഴുത്ത് പരീക്ഷയിലാണ് ഹൈടെക് തട്ടിപ്പിന് ശ്രമം ഉണ്ടായത്.
ഹരിയാന, ഉത്തര്‍ പ്രദേശ് സ്വദേശികളായ 30 പേര്‍ക്ക് ബ്ലൂടൂത്ത് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്. പരീക്ഷാ ഹാളിന് പുറത്തുനിന്നും ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്തയാളും പിടിയിലായി. ആകെ 1200 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഹാളിലേക്ക് കയറും മുന്‍പ് ആവശ്യമായ സുരക്ഷാ പരിശോധനകൾ നടത്താതിരുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും നോര്‍ത്ത് ബീച്ച് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചെന്നൈയിൽ കരസേന നടത്തിയ പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച 28 ഉത്തരേന്ത്യക്കാര്‍ പിടിയിലായിരുന്നു. അതേസമയം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (വിഎസ്എസ്‍സി) ടെക്നിക്കല്‍ - ബി തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവം രാജ്യമാകെ വലിയ ചർച്ചയായതാണ്. ഹരിയാന സ്വദേശി ദീപക് ഷിയോകന്ദ് ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസ് കണ്ടെത്തിയത്.
ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ കൂടിയായ ദീപക് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കിയിരുന്നു. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്.