UPSC success stories : കൊറിയയിലെ ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ്; 21ാം റാങ്കിന്റെ വിജയത്തിളക്കത്തിൽ ദിലീപ്
സിവിൽ സർവ്വീസ് എന്ന ആഗ്രഹം സീരിയസ്സായി എടുക്കുന്നത് കൊറിയയിൽ ജോലി ചെയ്യുന്ന സമയത്താണെന്ന് ദിലീപ് പറയുന്നു.
കോട്ടയം: കൊറിയയിലെ ജോലി രാജി വെച്ചാണ് ദിലീപ് കെ കൈനിക്കര (dileep k kainikkara) സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ (Civil Service Exam) തീരുമാനിച്ചത്. ആ തീരുമാനത്തിന് ഈ വർഷത്തെ (civil service rank) സിവിൽ സർവീസ് റാങ്കിന്റെ തിളക്കമുണ്ട് ഇപ്പോൾ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപാണ് ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 21ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമനായിരിക്കുന്നത്. ''കുട്ടിക്കാലം മുതൽ സിവിൽ സർവ്വീസിനോട് ഒരു താത്പര്യം തോന്നിയിരുന്നു. ആ ജോലിയുടെ ഗ്ലാമറസ് പദവി തന്നെ കാരണം. പത്രങ്ങളിലും സിനിമകളിലുമൊക്കെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പ്രാധാന്യമുണ്ടല്ലോ? അതിനോട് ഒരു ആകർഷണമൊക്കെ തോന്നിയിരുന്നു.'' സിവിൽ സർവ്വീസ് റാങ്ക് തിളക്കത്തിൽ ദിലീപ് പറഞ്ഞു തുടങ്ങുന്നു.
സിവിൽ സർവ്വീസ് എന്ന ആഗ്രഹം സീരിയസ്സായി എടുക്കുന്നത് കൊറിയയിൽ ജോലി ചെയ്യുന്ന സമയത്താണെന്ന് ദിലീപ് പറയുന്നു. ''ആ സമയത്ത് കരിയർ ടെക്നിക്കലായി മുന്നോട്ട് പോകുകയായിരുന്നു. കുറച്ച് കൂടി, സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന ഒരു കരിയർ വേണമെന്ന് ആ സമയത്താണ് ആഗ്രഹം തോന്നുന്നത്. ആദ്യമേ പറഞ്ഞല്ലോ, കുട്ടിക്കാലത്ത് ആ ജോലിയുടെ ഗ്ലാമറിനോടായിരുന്നു ആകര്‍ഷണം. പക്ഷേ പിന്നീട് സിവില്‍ സര്‍വ്വീസിന് ഗൌരവമായി സമീപിക്കാം എന്ന് തീരുമാനിച്ചു.'' അങ്ങനെയാണ് കൊറിയയിലെ ജോലി രാജിവെച്ച് ദിലീപ് നാട്ടിലെത്തി സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. 2015 മുതൽ 2018 വരെയാണ് കൊറിയയിൽ കംപ്യൂട്ടർ എഞ്ചിനീയർ ആയി ദിലീപ് ജോലി ചെയ്തിരുന്നത്.
എസ്എസ്എല്‍സി ഫലം ജൂണ്‍ പതിനഞ്ചിനകം, 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം
''ബേസിക് സിലബസൊക്കെ ആദ്യം പരിശോധിച്ചിരുന്നു. അതുകൊണ്ട് പരീക്ഷ എഴുതിയാൽ കിട്ടുമെന്നൊരു പ്രതീക്ഷ തോന്നി. കാരണം മാത്സിൽ എനിക്ക് നന്നായി പെർഫോം ചെയ്യാം, പിന്നെ മോക്ക് ഇന്റർവ്യൂസ് ഒക്കെ കണ്ടപ്പോൾ ഇന്റർവ്യൂവും കടക്കാം എന്നൊരു ആത്മവിശ്വാസം. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്നത്.'' മാത്സായിരുന്നു ദിലീപിന്‍റെ ഇഷ്ടവിഷയം.
സിവിൽ സർവ്വീസ് നേട്ടത്തിന് പിന്നിൽ സെൽഫ് സ്റ്റഡിയെയാണ് കൂടുതൽ ആശ്രയിച്ചിരുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു. ''വീക്ക്ലി ടാർഗെറ്റ് തയ്യാറാക്കിയായിരുന്നു പഠനം. വളരെ വിശാലമായ സിലബസ്സാണ്. അത് വീക്ക്ലി അടിസ്ഥാനത്തിൽ വിഭജിച്ച് പഠനരീതി തയ്യാറാക്കി. ഒരു റൗണ്ട് പഠിച്ചതിന് ശേഷം, ഒരു റൗണ്ട് റിവൈസ് ചെയ്യാനും പറ്റുന്ന രീതിയിൽ പഠനം ക്രമീകരിച്ചു. അത്തരത്തിൽ ടൈം ടേബിൾ ഉണ്ടാക്കി മുന്നോട്ടുപോകുകയായിരുന്നു.'' സെൽഫ് സ്റ്റഡിക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു.
രണ്ടാം ശ്രമത്തിലെ ഒന്നാം റാങ്ക്; ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ശ്രുതി ശർമ്മ
''മോട്ടിവേഷനൊക്കെ നമ്മൾ സ്വയം ചെയ്യേണ്ടി വരും. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആണെങ്കിൽ അവർ നൽകുന്ന ടൈം ടേബിൾ അനുസരിച്ച് മുന്നോട്ട് പോകാം. സെൽഫ് സ്റ്റഡിയിൽ നമ്മൾ തന്നെ ടൈം ടേബിളുണ്ടാക്കണം. അത് സ്വയം മോട്ടിവേറ്റ് ചെയ്ത് മുന്നോട്ട് പോകണം. ഡെഡിക്കേഷൻ കുറച്ചു കൂടി അത്യാവശ്യമാണ് സെൽഫ് സ്റ്റഡിക്ക്. പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ മെറ്റീരിയൽസ് കിട്ടാൻ ബുദ്ധിമുട്ടില്ല. ഓൺലൈനിൽ എല്ലാം കിട്ടും.'' രാവിലെയായിരുന്നില്ല ദിലീപിന്റെ പഠന സമയം. ഉച്ചകഴിഞ്ഞോ രാത്രിയിലോ ആണ് പഠനസമയം തെരഞ്ഞെടുത്തിരുന്നത്.
റാങ്ക് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ''റാങ്ക് ലിസ്റ്റിലുണ്ടാകും എന്ന് തോന്നിയിരുന്നു. പക്ഷേ 21ാം റാങ്ക് ലഭിക്കുമെന്നൊന്നും ഒരിക്കലും കരുതിയില്ലെ'' ന്ന് ദിലീപിന്റെ മറുപടി. ''അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് ഭയങ്കര സന്തോഷം തോന്നി. 2019 ൽ ആദ്യത്തെ ശ്രമത്തിൽ വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. പക്ഷേ 2020 ൽ നന്നായി തയ്യാറെടുത്ത് തന്നെ പരീക്ഷയെഴുതി. അങ്ങനെയാണ് ഐഎഫ് എസ് കിട്ടുന്നത്. പക്ഷേ കഴിഞ്ഞ വർഷം മാത്സിലും ഇന്റർവ്യൂവിലും നന്നായി പെർഫോം ചെയ്യാൻ സാധിച്ചില്ല. പക്ഷേ ഇത്തവണ അത് സാധിച്ചു.'' ദിലീപിന്റെ വാക്കുകൾ. മൂന്നാമത്തെ ശ്രമത്തിലാണ് ദിലീപ് സിവിൽ സർവ്വീസ് നേട്ടത്തിലേക്ക് എത്തുന്നത്.
സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം
റിട്ട. എസ്‌ഐ കെ എസ് കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽപിഎസ് ഹെഡ്‌മിസ്ട്രസ് ജോളിമ്മയുടെയും മകനാണ് ദിലീപ്. പെങ്ങൾ പിജി വിദ്യാര്‍ത്ഥിനിയാണ്. ''അത്യാവശ്യം തയ്യാറെടുപ്പുകളോടെ തന്നെ സിവിൽ സർവ്വീസിനൊരുങ്ങുക. വളരെ വിശാലയമായ വിഷയമാണ്. പരീക്ഷയുണ്ട്, ഇന്റർവ്യൂ ഉണ്ട്. എവിടെയെങ്കിലും ഒരു പാളിച്ച സംഭവിച്ചാൽ ലിസ്റ്റിൽ എത്താൻ സാധിക്കില്ല. എല്ലാ മേഖലയിലും ശരാശരിയിൽ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നവരാണ് ലിസ്റ്റിൽ വരുക. ആ ഒരു തയ്യാറെടുപ്പോടെ സിവിൽ സർവ്വീസിനെ നേരിടുക. നമ്മൾ അത്യാവശ്യം പരിശ്രമിച്ചാൽ ആർക്കും എത്തിച്ചേരാവുന്ന ഒരു കരിയർ മേഖലയാണ് ഇതെന്നാണ് എന്റെ അഭിപ്രായം.'' സിവിൽ സർവ്വീസ് ആഗ്രഹിക്കുന്നവരോട് ദിലീപ് പറയുന്നത് ഇങ്ങനെ.