ലോക്ക്ഡൗണ്‍: എസ്എസ്എല്‍സി, ‌പ്ലസ് ടൂ പരീക്ഷാകേന്ദ്രം മാറ്റണോ; ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി മെയ് 21

അതേ സമയം ജില്ലയ്ക്കകത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അനുവാദമില്ല. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ.

change of sslc higher secondary exam centers apply online

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം. ഓൺലൈനായി അപേക്ഷിച്ചാൽ മതി. ഗള്‍ഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളില്‍ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിനും സൗകര്യം നൽകുന്നുണ്ട്. ലോക്ക് ഡൗണ്‍ കാരണം നിലവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങള്‍ ലഭ്യമാക്കും. ഹോസ്റ്റല്‍ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

അതേ സമയം ജില്ലയ്ക്കകത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അനുവാദമില്ല. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ. പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 19 മുതല്‍ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം. ലിസ്റ്റ് മെയ് 23ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ മറ്റൊരു കേന്ദ്രം അനുവദിക്കും. അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിക്കും. 

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ക്ക് യഥാക്രമം https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in വെബ്സൈറ്റുകളിലെ  Application for Centre Change  എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ്  തെരഞ്ഞെടുക്കേണ്ടത്.  ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമായ കോഴ്സ് വിവരങ്ങള്‍  www.hscap.kerala.gov.in ലെ  School List എന്ന മെനുവില്‍ ലഭിക്കും.  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമായ കോഴ്സ് വിവരങ്ങള്‍ അതേസ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ ജില്ലയില്‍ തങ്ങള്‍ പഠിക്കുന്ന കോഴ്സുകള്‍ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.  സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അതേ വിഭാഗത്തിലുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ.  ഐ.എച്ച്.ആര്‍.ഡി, ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകള്‍ മാത്രമേ മാറ്റത്തിനായി തെരഞ്ഞെടുക്കാവൂ എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios