ഇരുള ഗോത്രത്തില്‍ നിന്നും മെഡിസിനല്‍ കെമിസ്ട്രിയില്‍ ആദ്യ ഡോക്ടറേറ്റുമായി ചന്ദ്രന്‍

ടി ബി രോഗത്തിനെതിരെയുള്ള സിന്തറ്റിക്ക് കോപൗണന്‍റ്സിന്‍റെ (Anti Tubercular Drug Discovery) ഗവേഷണമായിരുന്നു ആര്‍ ചന്ദ്രന്‍റെ ഗവേഷണ വിഷയം.

Chandran was the first doctorate in medicinal chemistry from the Irula tribe

ഗളി പഞ്ചായത്തിലെ 36 സ്ഥലങ്ങളിലായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ രണ്ടാമത്തെ യൂണിറ്റില്‍ നിന്നും മരുന്ന് വാങ്ങിയവര്‍ ചെറുപ്പക്കാരനായ ഒരു ഫാര്‍മസ്റ്റിനെ കാണാതെ പോകില്ല, ആര്‍. ചന്ദ്രന്‍ എന്നാണ് ആ ഫാര്‍മസിസ്റ്റിന്‍റെ പേര്. ദോഡുഗട്ടി ഊരിലെ രംഗന്‍റെയും ലക്ഷ്മിയും മകന്‍. പാലക്കാട്ടെ ആദിവാസി വിഭാഗമായ ഇരുള വിഭാഗത്തില്‍ നിന്നുമാണ് ചന്ദ്രന്‍ വരുന്നത്. ഇന്നലെ വരെ ചന്ദ്രന്‍, ഫാര്‍മസിസ്റ്റ് ചന്ദ്രനായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ലേ. അദ്ദേഹം ഡോ. ചന്ദ്രനാണ്. ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചു. അതും മെഡിക്കല്‍ കെമിസ്ട്രിയില്‍. ഇന്ത്യയില്‍ ഏതാണ്ട് 25 - 30 വര്‍ഷത്തെ വളര്‍ച്ചയാണ് മെഡിക്കല്‍ കെമിസ്ട്രി രംഗത്ത് ഉള്ളതെന്ന് കൂടി മനസിലാക്കണം. 

ഇരുള വിഭാഗത്തിലെ എന്നല്ല, പാലക്കാട് ജില്ലയില്‍ തന്നെ ഒരു പക്ഷേ മെഡിക്കല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയാണ് ആര്‍ ചന്ദ്രന്‍. ഒന്നാം ക്ലാസ് മുതല്‍ ഹോസ്റ്റലിലായിരുന്നു ചന്ദ്രന്‍റെ ഇതുവരെയുള്ള ജീവിതം മുഴുവനും. ദോഡിയാര്‍ഗണ്ടി ഗവ, എല്‍ പി സ്കൂളില്‍ നിന്ന് തുടങ്ങി കൂക്കുംപാളയം ഗവ യുപി സ്കൂള്‍, കൂക്കുംപാളയം സെന്‍റ് പീറ്റേഴ്സ് ഹൈക്കൂള്‍ (കോണ്‍വെന്‍റ് സ്കൂള്‍), ഒടുവില്‍ ഷോളയൂര്‍  ഗവ ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് 2008 ല്‍ പ്ലസ്ടു കഴിഞ്ഞു. 

Chandran was the first doctorate in medicinal chemistry from the Irula tribe

(ചന്ദ്രന്‍ തന്‍റെ ഗവേഷക സുഹൃത്തുക്കള്‍ക്കൊപ്പം)

 

തുടര്‍ന്ന് പാലക്കാട് വിക്ടോറിയാ കോളേജില്‍ കെമിസ്ട്രി ബിരുദ പഠനത്തിന് ചേര്‍ന്നു. എന്നാല്‍, കുറച്ച് കൂടി പ്രഫഷണല്‍ കോഴ്സ് എന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിഫാമിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കെമിസ്ട്രി ബിരുദം ഉപേക്ഷിച്ച് കോഴിക്കോടേക്ക് വണ്ടി കയറി. കെമിസ്ട്രി പഠനം ഉപോക്ഷിച്ചാണ് ബി ഫാമിന് ജോയിന്‍ ചെയ്തതെങ്കിലും ഒടുവില്‍ എത്തപ്പെട്ടതാകട്ടെ മെഡിസിനല്‍ കെമിസ്ട്രിയിലും. 2014 ല്‍ ബിഫാം കഴിഞ്ഞു. കുറച്ച് കാലം കോഴിക്കോട് ഓപ്പണ്‍ മെഡിസിന്‍സ് എന്ന സ്വകാര്യ ഫാര്‍മസി ശൃംഖലയില്‍ ഒമ്പത് മാസത്തോളം ഫാര്‍മസിസ്റ്റായി ജോലി ചെയ്തു. അത് കഴിഞ്ഞ് ഡോ.പ്രഭുദാസ് സൂപ്രണ്ടായിരുന്ന കാലത്ത് കോട്ടത്തറ ഗവ. ട്രൈബല്‍ സൂപ്പര്‍സ്പെഷ്യാലിസ്റ്റ് ഹോസ്പിറ്റലില്‍ ഒന്നരമാസം ഫാര്‍മസിറ്റിന്‍റെ ഒഴിവില്‍ ജോലി ചെയ്തു. 

ആ സമയത്തും എന്‍ട്രന്‍സ് എഴുതാറുണ്ടായിരുന്നു. ഈ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും സീനിയറായ ഒരാള്‍, അവിനാഷ് മൊഹാലിയില്‍ പിജിയ്ക്ക് പഠിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെയും പിന്നെ കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയില്‍ മൊഹാലിയിലെ നയ്പ്പര്‍ സര്‍വ്വകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പിജിയ്ക്ക് അഡ്മിഷന്‍ ലഭിച്ചു. 2017 ല്‍ അവിടെ നിന്നും പാസൗട്ടായി. തുടര്‍ന്ന് പിഎച്ച്ഡിക്ക് ചേരാനുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്ന് അതേ വര്‍ഷം തന്നെ റായിബറേലിയിലെ നയ്പ്പര്‍ സര്‍വ്വകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്തു. 

റായിബറേലിയിലെ നയ്പ്പര്‍ സര്‍വ്വകലാശാലയില്‍ ആ വര്‍ഷമായിരുന്നു ആദ്യമായിട്ട് ഒരു പിഎച്ച്ഡി കോഴ്സ് ആരംഭിച്ചത്. അതിനാല്‍ ഞങ്ങള്‍ അഞ്ച് പേരായിരുന്നു സര്‍വ്വകലാശാല പിഎച്ച്ഡി വിഭാഗത്തിലെ ഗോള്‍ഡന്‍ ബാച്ചെന്ന് ചന്ദ്രന്‍ പറയുന്നു. കെമിസ്ട്രിയില്‍ ഗവേഷണത്തിന് രണ്ട് പേരും ഫാര്‍മസ്യൂട്ടിക്ക്സില്‍ ഒരാളും ഫാര്‍മക്കോളേജില്‍ രണ്ട് പേരുമായിരുന്നു ആ ബാഞ്ചില്‍ പിഎച്ച്ഡിയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ നാലാമത്തെ ആളായിട്ടാണ് ചന്ദ്രന്‍ തന്‍റെ പിഎച്ച്ഡി പ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നത്. ടി ബി രോഗത്തിനെതിരെയുള്ള സിന്തറ്റിക്ക് കോപൗണന്‍റ്സിന്‍റെ (Anti Tubercular Drug Discovery) ഗവേഷണമായിരുന്നു ആര്‍ ചന്ദ്രന്‍റെ ഗവേഷണ വിഷയം. നിലവില്‍ ഇന്ത്യയിലും എന്തിന് അട്ടപ്പാടിയില്‍ പോലും ടിബിയുടെ സാന്നിധ്യമുണ്ട്. വളരെ കാലമായി ടിബിയ്ക്ക് പുതിയൊരു മരുന്ന് കണ്ടെത്തിയിട്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇനിയും ഏറെ പരീക്ഷണ നിരീക്ഷണങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. രണ്ട് സഹോദരിമാരാണ് ചന്ദ്രനുള്ളത്. ചേച്ചി വള്ളിയുടെ വിവാഹം കഴിഞ്ഞു. അനിയത്തി സരോജ പ്ലസ്ടു പഠനം കഴിഞ്ഞിരിക്കുന്നു. 

Chandran was the first doctorate in medicinal chemistry from the Irula tribe

(ചന്ദ്രന്‍ തന്‍റെ ഗവേഷക സുഹൃത്തുക്കള്‍ക്കൊപ്പം)
 

Latest Videos
Follow Us:
Download App:
  • android
  • ios