വിദ്യാഭ്യാസമുണ്ട്, പണിയില്ല! നഗരമേഖലയിലെ തൊഴിലില്ലായ്മയിൽ കേരളം രണ്ടാമത്: റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്രം
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ പീരിയോഡിക് ലേബർ ഫോഴ്തസ് സർവ്വെയിലാണ് ഈ കണ്ടെത്തൽ
ദില്ലി: നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനമെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പീരിയോഡിക് ലേബർ ഫോഴ്തസ് സർവ്വെയിലാണ് ഈ കണ്ടെത്തൽ. ഹിമാചൽ പ്രദേശാണ് പട്ടികയിൽ ഒന്നാമത് 12.1 ശതമാനം. കേരളം 10.3 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ജമ്മു കശ്മീർ (10.2%) ആണ് മൂന്നാം സ്ഥാനത്ത്.
ദേശീയ ശരാശരി 6.5 ശതമാനം മാത്രമാണ്. 2022 ലെ അവസാന മൂന്ന് മാസങ്ങളെ അപേക്ഷിച്ച് പട്ടികയിൽ കേരളം പുറകോട്ട് പോയി. 8.9 ശതമാനമായിരുന്നു അന്ന് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. അന്ന് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന കേരള ഒരു വർഷത്തിനിടെ കൂടുതൽ താഴേക്ക് പോയി. 2023 ജനുവരി - മാർച്ച് കാലത്ത് 9.7 ശതമാനമായി കേരളത്തിലെ നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിരുന്നു. പിന്നീടുള്ള മൂന്ന് മാസങ്ങളിൽ ഇത് 10 ശതമാനമായി. ജൂലൈ-സെപ്തംബർ കാലത്ത് ഇത് 9.2 ശതമാനമായി കുറഞ്ഞെങ്കിലും ഒക്ടോബർ-ഡിസംബർ കാലത്ത് നില കൂടുതൽ മോശമായി.
അതേസമയം തൊഴിലില്ലായ്മയിൽ മുന്നിലുള്ള ഹിമാചൽ പ്രദേശ് ഒരു വർഷത്തിനിടെ നില മെച്ചപ്പെടുത്തി. ജനുവരി മുതൽ സെപ്തംബർ വരെ യഥാക്രമം 15.2, 14.5, 15.2 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഒക്ടോബർ-ഡിസംബർ കാലത്ത് ഇത് 12.3 ശതമാനമായി കുറഞ്ഞു.
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകവും നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്കിൽ ഏറെ മുന്നിലാണ്. തമിഴ്‌നാട്ടിൽ ഒക്ടോബർ-ഡിസംബർ കാലത്ത് 6.7 ശതമാനമാണ് തൊഴിലില്ലായ്മ. കർണാടകത്തിൽ ഇത് 3.6 ശതമാനം മാത്രമാണ്.
പട്ടികയിൽ പതിനഞ്ചിനും ഇരുപത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരുടെ നഗര മേഖലയിലെ തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ കേരളത്തിലാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 28.4 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മയെന്ന് സർവ്വെ വ്യക്തമാക്കുന്നു.2022 ൽ ഇതേ കാലത്ത് 28.5 ശതമാനമായിരുന്നു കേരളത്തിലെ തൊഴിലില്ലായ്മ. എന്നാൽ അന്ന് കേരളത്തേക്കാൾ മോശമായിരുന്നു ബിഹാർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ നില. ഈ സംസ്ഥാനങ്ങളെല്ലാം ഒരു വർഷത്തിനിപ്പുറം തങ്ങളുടെ നില മെച്ചപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്