14ാം വയസിൽ വിവാഹം, 18 ൽ അമ്മ; ഭർത്താവ് മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ട് ഐപിഎസുകാരിയായ അംബിക!
പരേഡിൽ തന്റെ ഭർത്താവ് ഐ.പി.എസ് ഓഫിസർക്ക് സല്യൂട്ട് നൽകുന്നത് കണ്ടതോടെ അംബികയുടെ മനസ്സിലെ ആഗ്രഹം ഉണർന്നു. പഠനം പുനരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസിൽ വേരുറച്ചു.
ദില്ലി: സ്കൂളിൽ പോകേണ്ട പ്രായത്തിൽ കുടുംബിനി ആകുകയും അധികം താമസിയാതെ തന്നെ അമ്മയാകുകയും ചെയ്തു. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക്. ഒരു സാധാരണ പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളൊക്കെ അവസാനിച്ചു പോകാൻ ഇത് മതിയാകും. പക്ഷേ അംബിക അങ്ങനെയായിരുന്നില്ല. പഠിച്ച് ഒരു ജോലി നേടണമെന്ന, സ്കൂൾ കാലം മുതലുള്ള സ്വപ്നത്തെ അവൾ മുറുക്കെ പിടിച്ചു. ഒടുവിൽ ഏറ്റവും കഠിനമായ മത്സരപ്പരീക്ഷകളിലൊന്നെന്നായ യുപിഎസ്‍സി എഴുതി, ഐപിഎസുകാരിയായി!
14ാമത്തെ വയസിൽ പൊലീസ് കോൺസ്റ്റബിളുമായിട്ടായിരുന്നു അംബികയുടെ വിവാഹം. ശൈശവ വിവാഹത്തിന്റെ ഇരയെന്നും പറയാം. വളരെ ചെറുപ്പത്തിൽ തന്ന കുടുംബജീവിതത്തിലേക്ക് എത്തി. അതുകൊണ്ട് തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സാഹചര്യം പ്രതികൂലമായിരുന്നിട്ട് കൂടി പഠിക്കണമെന്ന മോഹം മനസിലൊരു തീപ്പൊരിയായി വീണുകിടന്നു.
അങ്ങനെയിരിക്കേ ഒരിക്കൽ ഒരു റിപ്പബ്ലിക് പരേഡ് ദിനം. പരേഡിൽ തന്റെ ഭർത്താവ് ഐ.പി.എസ് ഓഫിസർക്ക് സല്യൂട്ട് നൽകുന്നത് കണ്ടതോടെ അംബികയുടെ മനസ്സിലെ ആഗ്രഹം ഉണർന്നു. പഠനം പുനരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസിൽ വേരുറച്ചു. ഒപ്പം ഒരു ഐപിഎസ് ഓഫീസർ ആകുക എന്ന ലക്ഷ്യവും മനസിലുറച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം ഭർത്താവിനോട് അംബിക തുറന്നു പറഞ്ഞു. പൂർണ പിന്തുണ നൽകി ഭർത്താവ് ഒപ്പം നിന്നു.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേർന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് പത്താം ക്ലാസും 12-ാം ക്ലാസും അംബിക പാസായത്. പിന്നീട് ബിരുദ പഠനവും പൂർത്തിയാക്കി. തന്റെ ഔദ്യോഗിക ചുമതലകൾക്കൊപ്പം തന്നെ മക്കളെ സംരക്ഷിക്കുന്നതടക്കമുള്ള വീടിന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ച് ഭർത്താവും അംബികയുടെ കൂടെനിന്നു. എന്നാൽ സിവിൽ സർവീസ് എന്ന സ്വപ്നം അത്രയെളുപ്പത്തിൽ നേടിയെടുക്കാനാവില്ലെന്ന് അംബികക്ക് ആദ്യ ശ്രമത്തിൽ തന്നെ മനസ്സിലായി. പിന്നീട് രണ്ടും മൂന്നും തവണ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഒടുവിൽ ജിവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഉപേക്ഷിക്കേണ്ടി വരുമോ എന്നൊരു സാഹചര്യത്തിലേക്ക് എത്തിയപ്പോഴേയ്ക്കും അവസാനമായി ഒരു ശ്രമം കൂടി നടത്താൻ അംബിക തീരുമാനിച്ചു. ഒടുവിൽ 2008 ൽ അംബിക തന്റെ സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു. സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കുന്ന എല്ലാവരും ദിവസവും പത്രം വായിക്കുന്നത് ശീലമാക്കണമെന്ന് അംബിക നിർദേശിക്കുന്നു. ചെറിയ കുറിപ്പുകൾ തയ്യാറാക്കി വേണം പഠനം മുന്നോട്ട് കൊണ്ടുപോകാൻ. കൂടുതൽ മോക് ടെസ്റ്റുകൾ പരിശീലിക്കുന്നതും വിജയം എളുപ്പമാക്കുമെന്നാണ് അംബികയുടെ വാക്കുകൾ. നിലവിൽ മുംബൈയിൽ ഐബിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ് അംബിക എൻ. ഐപിഎസ്.