നേട്ടത്തിന്‍റെ നെറുകയില്‍: ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍ കാലിക്കറ്റ് വിസിയും രണ്ട് പ്രൊഫസര്‍മാരും
ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം.
കോഴിക്കോട്: അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരും. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസര്‍മാരായ ഡോ. എം.ടി. രമേശന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് നേട്ടം. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം.
മൂന്ന് പേറ്റന്റുകളും അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങളും ഒപ്റ്റോ ഇലക്ട്രോണിക്സിലും നാനോ സ്ട്രക്ചറല്‍ ഉപകരണങ്ങളിലുമുള്ള ഗവേഷണങ്ങളുമാണ് ഡോ. എം.കെ. ജയരാജിനെ മികവിന്റെ പട്ടികയില്‍ എത്തിച്ചത്. ഫിസിക്സ്, അസ്ട്രോണമി കെമിസ്ട്രി വിഷയത്തില്‍ 5878 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. പോളിമര്‍ സയന്‍സില്‍ ഗവേഷകനായ ഡോ. എം.ടി. രമേശന്‍ തുടര്‍ച്ചയായി നാലാം തവണയാണ് സ്റ്റാന്‍ഫര്‍ഡ് പട്ടികയില്‍. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെടുത്താല്‍ 353 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. കരിയര്‍ റാങ്കിങ് 915 ആണ്. ഗ്രീന്‍ കെമിസ്ട്രിയില്‍ ഗവേഷണം തുടര്‍ന്ന് പേറ്റന്റ് കരസ്ഥമാക്കിയ ഡോ. പി. രവീന്ദ്രന് കെമിസ്ട്രിയുടെ പട്ടികയില്‍ 957-ാം സ്ഥാനമാണുള്ളത്.