എ.എസ്.ആര്‍.എസ്. ഫലം കണ്ടു, 19 ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല
അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ ,എം.എസ്‌സി. ,എം.കോം. എന്നിവയുടെ പുനര്‍മൂല്യനിര്‍ണയഫലമാണ് അതിവേഗം നല്‍കിയത്.
കോഴിക്കോട്: ഉത്തരക്കടലാസുകള്‍ക്ക് ഓട്ടോമാറ്റിക് സ്‌റ്റോറേജ് സംവിധാനം ഫലം കണ്ടു. 19 ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഉത്തരക്കടലാസുകള്‍ എ.എസ്.ആര്‍.എസ്. സംവിധാനത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം കാലിക്കറ്റ് സര്‍വകലാശാല പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നത്. ബാര്‍കോഡ് സംവിധാനം ഒരുക്കിയായിരുന്നു പരീക്ഷ നടത്തിയത്.
അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ ,എം.എസ്‌സി. ,എം.കോം. എന്നിവയുടെ പുനര്‍മൂല്യനിര്‍ണയഫലമാണ് അതിവേഗം നല്‍കിയത്. 1129 വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയ ഫലം (എം.എ ഇംഗ്ലീഷ് - 455, എം എസ് സി കെമിസ്ട്രി - 116, എം കോം - 300, എം.എസ്.സി മാത്‌സ് - 167, എം.എസ്.സി ഫിസിക്‌സ് - 91 ആകെ 1129) പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസില്‍ ബാര്‍കോഡ് സംവിധാനം ഒരുക്കി നടത്തിയ പരീക്ഷയില്‍ 19 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11 ആയിരുന്നു പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി.
പരീക്ഷാ ഭവനില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ ഉപയോഗത്തിന്റെ (എ.എസ്.ആര്‍.എസ്.) വിജയമാണിത്. തുടര്‍ന്നും ഇതേ രീതിയില്‍ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പരീക്ഷാഭവന്‍ അധികൃതര്‍ പ്രതികരിക്കുന്നത്. ഇതോടൊപ്പം പുനര്‍മൂല്യനിര്‍ണയം നടത്തിയ കോളേജുകളിലെ അധ്യാപകരെയും പരീക്ഷാ ഭവനിലെ പുനര്‍മൂല്യനിര്‍ണയ വിഭാഗത്തെയും പി.ജി. ബ്രാഞ്ചിനെയും അഭിനന്ദിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ് പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം