സംസ്ഥാനത്ത് ബിഎസ്‍സി നഴ്സിം​ഗ് പ്രവേശനത്തില്‍ വന്‍ അട്ടിമറി; മുന്നൂറോളം മെറിറ്റ് സീറ്റുകളിൽ കോഴവാങ്ങി അഡ്മിഷൻ

പണം ഉണ്ടെങ്കിൽ മാത്രം അഡ്മിഷൻ കിട്ടുന്ന അവസ്ഥയാണ്. നഴ്സിംഗ് അഡ്മിഷനിൽ മെറിറ്റ് അട്ടിമറിക്കുന്ന നടപടികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര കാശ് പണം ദുട്ട് മണി മണി ഇന്ന് മുതൽ തുടങ്ങുന്നു.

BSc Nursing  in kerala Admission in merit seat by paying money

കൊച്ചി: സംസ്ഥാനത്തെ ബിഎസ്‍സി നഴ്സിം​ഗ് അഡ്മിഷനിൽ സ്വകാര്യ, സ്വാശ്രയ മാനേജ്മെൻ്റുകൾക്ക് പണമുണ്ടാക്കാൻ സർക്കാർ വഴിവിട്ട നീക്കം നടത്തുന്നുവെന്ന് വ്യാപക പരാതി. പണം ഉണ്ടെങ്കിൽ മാത്രം അഡ്മിഷൻ കിട്ടുന്ന അവസ്ഥയാണ്. നഴ്സിംഗ് അഡ്മിഷനിൽ മെറിറ്റ് അട്ടിമറിക്കുന്ന നടപടികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര 'കാശ് പണം ദുട്ട് മണി മണി' ഇന്ന് മുതൽ തുടങ്ങുന്നു.

സംസ്ഥാനത്ത് ഇക്കഴിഞ്ഞ വർഷത്തെ ബിഎസ്‍സി നഴ്സിംഗ് പ്രവേശനത്തിൽ, മെറിറ്റ് സീറ്റിൽ വന്‍ അട്ടിമറിയാണ് ഉണ്ടായത്. മെറിറ്റ് സീറ്റ് നികത്തപ്പെട്ടില്ലെങ്കിൽ, മാനേജ്മെന്റുകൾക്ക് സ്വന്തം നിലയിൽ പ്രവേശനം നടത്താമെന്ന സർക്കാർ ഉത്തരവിന്റെ ചുവട് പിടിച്ച്, ലക്ഷങ്ങൾ തലവരിപ്പണം വാങ്ങി പല കോളേജുകളും അഡ്മിഷൻ നടത്തിയതെന്നാണ് കോടതിയിലെത്തിയ ഹർജി. പെരുമ്പാവൂരെ ഇന്ദിരാ ഗാന്ധി നഴ്സിംഗ് കോളേജ് മാത്രം, 13 മെറിറ്റ് സീറ്റുകളിൽ സ്വന്തം നിലയിൽ അഡ്മിഷൻ നടത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്താകെ മുന്നൂറോളം മെറിറ്റ് സീറ്റുകളിൽ, ഇത്തരത്തിൽ കോഴ വാങ്ങി അഡ്മിഷൻ നടന്നെന്ന് ആരോപണം ഉയരുമ്പോഴും, അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിടാൻ, സർക്കാർ ഏജൻസിയായ എൽബിഎസ് തയ്യാറാകുന്നില്ല.

തൃശൂർ മാള പുത്തൻചിറ സ്വദേശി അശ്രഫിന്‍റെ മകൾ യാര അശ്രഫാണ് ഹൈക്കോടതിയില്‍ ഹർജി നൽകിയവരില്‍ ഒരാള്‍. യാര അശ്രഫിന് പ്ലസ്ടുവിൽ 93.5 ശതമാനം മാർക്കുണ്ടായിരുന്നു. മെറിറ്റിൽ തന്നെ നഴ്സിംഗ് സീറ്റ് കിട്ടുമെന്ന് കോളേജുകളിൽ നിന്നെല്ലാം പറഞ്ഞതോടെ അപേക്ഷ നൽകി യാരയും കുടുംബം പ്രതീക്ഷയോടെ കാത്തിരുന്നു. പലഘട്ടമായി നടന്ന അലോട്ട്മെറ്റുകളിലും അഡ്മിഷൻ കിട്ടാതെവന്ന കുടുംബം നാട്ടിൽതന്നെ മാനേജ്മെന്റ് സീറ്റിനായി ഒരേജന്റ് വഴി ശ്രമം നടത്തി. രണ്ട് ലക്ഷവും വാങ്ങി അയാൾ മുങ്ങി. നഴ്സിംഗ് അഡ്മിഷൻ ക്ലോസ് ചെയ്യുന്നതിനും ഒരുദിവസം മുൻപ് കളമശ്ശേരിയിൽ നടത്തിയ സ്പോട്ട് അഡ്മിഷനിലും സീറ്റ് കിട്ടാതെ വന്നതോടെ രായ്ക്കുരാമാനം മംഗലാപുരത്തേക്ക് വണ്ടികയറി 12 ലക്ഷം കൊടുത്ത് അഡ്മിഷനെടുത്തു. കേരളത്തിൽ മെറിട്ട് സീറ്റിൽ പഠിക്കുന്നതിന്റെ മൂന്നിരട്ടിയിലേറെയാണ് ഈ കുടുംബത്തിന് ചെലവ് വന്നത്.

93 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിട്ടും യാരയെ പോലുള്ള കുട്ടികൾക്ക് എന്തുകൊണ്ട് നാട്ടിൽ മെരിറ്റ് സീറ്റിൽ പഠിക്കാൻ അവസരം കിട്ടിയില്ല? ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് കഴിഞ്ഞ തവണ 50 ശതമാനം മെറിറ്റ് സീറ്റിലും അഡ്മിഷൻ നടന്നിട്ടില്ല എന്ന് വ്യക്തമാകുന്നത്. നഴ്സിംഗ് അഡ്മിഷൻ പൂർത്തിയാക്കുന്നതിനും രണ്ടാഴ്ച മുൻപ് മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് ചുവട് പിടിച്ചാണ് കള്ളക്കളി തുടങ്ങുന്നത്. ഒക്ടോബർ 15നകം നികത്തപ്പെടാത്ത ബിഎസ്‍സി നഴ്സിംഗ് മെറിറ്റ് സീറ്റുകൾ നികത്താന്‍ സ്വാശ്രയ കോളേജുകൾക്ക് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവാണിത്. ഈ ഉത്തരവ് മറയാക്കി മെറിറ്റ് സീറ്റുകളിൽ വിവിധ മാനേജ്മെറ്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി അഡ്മിഷൻ നടത്തിയെന്നാണ് ഉയരുന്ന പരാതി. ഇതോടെയാണ് തങ്ങൾക്ക് മെറിറ്റ് സീറ്റിൽ പഠിക്കാനുള്ള അവസരം നഷ്ടമായി എന്ന് കാട്ടി യാര അശ്രഫും മറ്റ് എട്ട് കുട്ടികളും ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്.

യാര അശ്രഫ് അപേക്ഷിച്ച സ്ഥാപനങ്ങളിൽ ഒന്നായ പെരുമ്പാവൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളേജ് മാത്രം 13 മെറിറ്റ് സീറ്റാണ് മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റി അഡ്മിഷൻ നടത്തിയത്. സീറ്റ് ഫില്‍ ചെയ്യാന്‍ വേണ്ടിയാണ് മെറിറ്റ് സീറ്റ് മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റിയതെന്നാണ് കോളേജ് ചെയർമാന്റെ ന്യായീകരണം. 

Latest Videos
Follow Us:
Download App:
  • android
  • ios