കാൻസറിനോട് പൊരുതി, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പ്രതിമ നേടിയത് 97.75 ശതമാനം മാർക്ക്!
കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതിമയ്ക്ക് അക്യൂട്ട് മൈനർ ലുക്കീമിയ സ്ഥിരീകരിച്ചത്. ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്ത. എന്നാൽ ഈ ഗുരുതര രോഗാവസ്ഥയോട് പൊരുതിയാണ് പ്രതിമ ഈ ചരിത്ര വിജയം നേടിയത്.
ലക്നൗ: പൊരുതി നേടുന്ന വിജയങ്ങൾക്ക് എപ്പോഴും ഇരട്ടി തിളക്കമായിരിക്കും. ജീവിതാവസ്ഥകളോടും സാഹചര്യങ്ങളോടും പോരാടി വിജയിച്ചവരെക്കുറിച്ചുള്ള വാർത്തകൾ എപ്പോഴും പ്രചോദനം നിറഞ്ഞതുമായിരിക്കും. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്നുള്ള പ്രതിമ തിവാരി (Pratima Tiwari) എന്ന പെൺകുട്ടിയും അങ്ങനെയൊരു പോരാളിയാണ്. 2022 ലെ CISCE ISC 12-ാം ക്ലാസ് പരീക്ഷയിൽ 97.75 ശതമാനം മാർക്ക് നേടിയാണ് 17 വയസ്സുകാരിയായ പ്രതിമ വിജയം കൈപ്പിടിയിലൊതുക്കിയത്. ബോർഡ് പരീക്ഷകളിൽ ഇതിനേക്കാൾ മികച്ച വിജയം നേടിയ എത്രയോ വിദ്യാർത്ഥികളുണ്ട്? എന്താണ് പ്രതിമ ഇവരിൽ നിന്നൊക്കെ വ്യത്യസ്തയാകുന്നത് എന്ന് അത്ഭുതം തോന്നിയേക്കാം.
പ്രതിമ തിവാരി എന്ന പെണ്‍കുട്ടി വ്യത്യസ്തയാകുന്നത് എങ്ങനെയെന്ന് പറയാം. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതിമയ്ക്ക് അക്യൂട്ട് മൈനർ ലുക്കീമിയ സ്ഥിരീകരിച്ചത്. ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്ത. എന്നാൽ ഈ ഗുരുതര രോഗാവസ്ഥയോട് പൊരുതിയാണ് പ്രതിമ ഈ ചരിത്ര വിജയം നേടിയത്. അതുകൊണ്ടു തന്നെയാണ് പ്രതിമ കരുത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമാകുന്നത്. ഇത്തരം അവസരങ്ങളിൽ സാധാരണ മനുഷ്യർ, ലക്ഷ്യത്തിലെത്താൻ കഴിയാതെ നിരാശയിലേക്ക് വീണുപോകുകാണ് പതിവ്. എന്നാൽ ഈ പെൺകുട്ടി അങ്ങനെയായിരുന്നില്ല.
"രോഗവും ആശുപത്രി സന്ദർശനങ്ങളും കാരണം എനിക്ക് പഠനത്തിന് സ്ഥിരമായ ഷെഡ്യൂൾ ഉണ്ടായിരുന്നില്ല. പക്ഷെ പഠിക്കുന്ന സമയങ്ങളിലെല്ലാം കൃത്യമായി ഏകാഗ്രതയോടു കൂടി തന്നെയാണ് ഞാൻ പഠിച്ചത്. പഠനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് പ്രതിമ പറയുന്നു. ഡോക്ടറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പ്രതിമ കൂട്ടിച്ചേർക്കുന്നു. ഗുഡ്ഗാവിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് പ്രതിമ മിഡ് ടേം പരീക്ഷയെഴുതിയത്. അതിനുള്ള സജ്ജീകരണങ്ങൾ സ്കൂൾ അധികൃതർ ക്രമീകരിച്ചിരുന്നു.