ഉത്തരക്കടലാസിൽ ബാർകോഡ് സംവിധാനം; അധ്യാപകർക്കും സർവ്വകലാശാല ജീവനക്കാർക്കും പരിശീലനം

ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജുകളിലെ അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി. 

barcode facility in answer sheets

കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജുകളിലെ അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി. ബി.എഡ്. പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകൾക്ക് കൂടി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം. ഫാൾസ് നമ്പറിടുന്നതിൻ്റെ സമയ ലാഭം വഴി ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ കഴിയുമെന്നതാണ് നേട്ടം. 50 കോളേജുകളിലെ പ്രതിനിധികളാണ് ചൊവ്വാഴ്ച പരിശീലനത്തിൽ പങ്കെടുത്തത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. 

എന്‍.എസ്.എസ്. ക്യാമ്പിന് ഒരുങ്ങാന്‍ നേതൃപരിശീലന ക്യാമ്പ്
എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന് മുന്നോടിയായി തിരഞ്ഞെടുത്ത വൊളന്റിയര്‍മാര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നേതൃപരിശീലന ക്യാമ്പൊരുക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ 180 കോളേജുകളില്‍ നിന്നുള്ള 360 പ്രതിനിധികള്‍ക്കാണ് 'ഒരുക്കം'  എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിശീലനം. കോഴിക്കോട് ഗവ. ലോ കോളേജ്, അട്ടപ്പാടി ഗവ. കോളേജ്, എം.ഇ.എസ്. കോളേജ് പൊന്നാനി എന്നിവിടങ്ങളിലായി 9 മുതല്‍ 11 വരെയാണ് പരിപാടി.

കോളേജുകളില്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പുകള്‍ക്ക് എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തണം എങ്ങനെ ഫലപ്രദമായി നടത്താം തുടങ്ങിയ കാര്യങ്ങളിലാണ് വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കുക. പരിസ്ഥിതി സംവാദത്തിനുള്ള ക്ലൈമറ്റ് കഫേ, നാട്ടറിവുകള്‍, നാട്ടുരുചി എന്നിവക്ക് പുറമെ പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ക്ലാസുകളും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഓണ്‍ലൈനായി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി നേതൃത്വം നല്‍കും. 

ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ഖൊ-ഖൊ ടൂര്‍ണമെന്റിന് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമായി. വനിതാ വിഭാഗത്തില്‍ 23 ടീമുകളാണുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് വനിതാ വിഭാഗം ഫൈനല്‍ നടക്കും. പുരുഷ വിഭാഗം മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാകും.

Latest Videos
Follow Us:
Download App:
  • android
  • ios