എട്ട് വർഷത്തിന് ശേഷം നിയമന അംഗീകാരം; കുര്യാക്കോസിന് ഇത് പുതുജന്മം
നിയമന അംഗീകാരത്തിനായി കുര്യാക്കോസ് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമന അംഗീകാരം നിഷേധിക്കുകയായിരുന്നു.
ഇടുക്കി: ഇടുക്കി സ്വദേശിയും മലപ്പുറം ചുങ്കത്തറ എം പി എം എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകനുമായ (T C Kuriakose) ടി സി കുര്യാക്കോസ് 2014 - ലാണ് ജോലിയിൽ പ്രവേശിച്ചത്. കമ്പ്യൂട്ടർ സയൻസ് അധ്യാപകനായാണ് Computer Science Teacher) നിയമനം (Appointment) ലഭിച്ചത്. അന്ന് മുതൽ നിയമന അംഗീകാരത്തിനായി കുര്യാക്കോസ് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമന അംഗീകാരം നിഷേധിക്കുകയായിരുന്നു.
ഇതിനിടെ കുര്യാക്കോസ് കരൾ രോഗ ബാധിതനായി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമ്പത്തികമായി വളരെ പ്രയാസം നേരിട്ട ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫയൽ ബന്ധപ്പെട്ടവർ വീണ്ടും പരിശോധിക്കുകയും അനുകൂല നടപടി എടുക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ കോഴ്സ് ഹയർസെക്കൻഡറി സ്കൂളുകളിൽ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് നിശ്ചിത യോഗ്യതയായി അംഗീകരിക്കാൻ കഴിയുമെന്ന് എസ് സി ഇ ആർ ടി ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് കുര്യാക്കോസിന് നിയമന അംഗീകാരം നൽകിയിരിക്കുന്നത്. പുതുജന്മം എന്നാണ് കുര്യാക്കോസ് നിയമന അംഗീകാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. മന്ത്രി വി ശിവൻകുട്ടിയെ കുര്യാക്കോസ് ഓഫീസിലെത്തി നേരിൽ കണ്ടു.