സംസ്ഥാന ഭരണഭാഷാ പുരസ്‌കാരങ്ങൾ; മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും; വിശദാംശങ്ങളിവയാണ്...
എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തിൽ ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും നൽകുന്നുണ്ട്.
തിരുവനന്തപുരം: വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാപുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക ഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നത്. പ്രസ്തുത മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്വൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരങ്ങളും, ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷസേവനപുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തിൽ ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും നൽകുന്നുണ്ട്. ഏറ്റവും മികച്ച ഭാഷാമാറ്റം കൈവരിക്കുന്ന ജില്ലയ്ക്കും വകുപ്പിനും പ്രത്യേക പുരസ്‌കാരവും നൽകുന്നുണ്ട്. ഭരണഭാഷാ സേവനപുരസ്‌കാരം (സംസ്ഥാനതലം), ഗ്രന്ഥരചനാപുരസ്‌കാരം എന്നിവയ്ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും സത്സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000 രൂപയും സത്സേവനരേഖയും ഫലകവും നൽകുന്നതാണ്. മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും, ഏറ്റവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാതലഭരണ ഭാഷാപുരസ്‌കാരമായി 10,000 രൂപയും സത്സേവനരേഖയും ഒരാൾക്ക് നൽകുന്നതാണ്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ നിബന്ധനകൾ പ്രകാരം ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പും ശിപാർശയും സഹിതം ആഗസ്റ്റ് 31നകം ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, അനക്സ് 1, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിനായുള്ള അപേക്ഷകൾ അതതു ജില്ലാകളക്ടർമാർക്കും ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2518563, 2518831, 2518792, www.kerala.gov.in, gossary.kerala.gov.in.