73ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസ്സായി നടി ലീന ആന്റണി; അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി
സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടർപഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ലീന ആന്റണി പത്താം തരം പരീക്ഷയെഴുതി പാസ്സായത്.
തിരുവനന്തപുരം: 73ാമത്തെ വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടർപഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ലീന ആന്റണി പത്താം തരം പരീക്ഷയെഴുതി പാസ്സായത്. ഈ സൗകര്യത്തിലൂടെ പരീക്ഷയെഴുതി പാസ്സായ എല്ലാവർക്കും മന്ത്രി അഭിന്ദനം അറിയിക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ പരീക്ഷ നടന്നത്. അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ലീന ആന്റണിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിത്.
മന്ത്രിയുടെ കുറിപ്പ് വായിക്കാം
2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 കാരിയും സിനിമാ നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. "പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ - നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ"
SAY പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠന സൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ.