ഉന്നതവിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്ത് 30 സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. അതിൽ അഞ്ചോ ആറോ എണ്ണമാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ (higher education sector) ഉന്നതവിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കുമെന്നു (centre of excellence) മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan). സർവകലാശാലകളുമായി ബന്ധപ്പെട്ടു സ്ഥാപിക്കുന്ന ഇവ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ മുൻപന്തിയിലാണെങ്കിലും കാലത്തിനനുസൃതമായ കോഴ്സുകൾക്കു ചേരണമെന്നും പഠിക്കണമെന്നുമുള്ള വിദ്യാർഥികളുടെ ആവശ്യം വേണ്ടവിധം നിറവേറ്റാനാകാത്തതു കുറവായി നിൽക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഉണ്ടായില്ലെന്നതാണ് ഈ കുറവിനു കാരണം. അതു തിരുത്താനും ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ കാലാനുസൃതമായ മികവു കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണു സർക്കാർ നടത്തുന്നത്.
സംസ്ഥാനത്ത് 30 സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. അതിൽ അഞ്ചോ ആറോ എണ്ണമാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. അടുത്തടുത്ത വർഷങ്ങളിൽ ഇവയുടെ എണ്ണം വർധിപ്പിച്ചു മുപ്പതിലേക്ക് എത്തിക്കാനാകും. മികവിന്റെ കേന്ദ്രങ്ങൾ സർവകലാശാലകളുമായി ബന്ധപ്പെട്ടായിരിക്കും നിൽക്കുന്നതെങ്കിലും സർവകലാശാലകളുടെ നിയന്ത്രണത്തിലായിരിക്കില്ല. അവ തീർത്തും സ്വതന്ത്രമായിരിക്കും.
സെന്റർ ഓഫ് എക്സലൻസുകളുടെ പ്രവർത്തനത്തിന് ഒരുതരത്തിലുമുള്ള പരിമിതി സൃഷ്ടിക്കുന്ന നിലയുണ്ടാകരുത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കണം. അക്കാദമിക് രംഗത്തെ മുന്നേറ്റത്തിനു തടസമായി നിൽക്കുന്ന വിഷയങ്ങൾ ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച കമ്മിഷനുകൾ റിപ്പോർട്ടായി നൽകിയിട്ടുണ്ട്. അവ ഷെൽഫിൽ വയ്ക്കാനുള്ളതല്ല. നടപ്പാക്കാനുള്ളതാണ്. ഇതു പൂർത്തിയാകുന്നതോടെ ഇപ്പോഴത്തെ ചെറിയ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് 2016നു മുൻപ് ആരും വിശ്വസിക്കില്ലായിരുന്നു. ബഡായി പറയുകയാണെന്ന സ്ഥിതിയായിരുന്നു അന്ന്. എന്നാൽ ഇപ്പോൾ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ഒരു വേവലാതിയുമില്ല. 10 ലക്ഷത്തോളം വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി വന്നുചേർന്നു. പരമ്പരാഗത രീതിവിട്ട് ഇടപെട്ടപ്പോഴാണു പൊതുവിദ്യാഭ്യാസ രംഗത്തു നല്ല മാറ്റമുണ്ടായത്. അതേ രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലും മാറ്റമുണ്ടാക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്.
ഇപ്പോൾ നമ്മുടെ കുട്ടികൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുപോയാണു പല കോഴ്സുകളും പഠിക്കുന്നത്. എന്നാൽ അവരെല്ലാം ഇവിടെ പഠിക്കുന്നുവെന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള കുട്ടികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മികവിനെക്കുറിച്ചു കേട്ടും കണ്ടുമറിഞ്ഞ് ഇവിടേക്കു വരാൻ തയാറാകും. ഇത് ഇപ്പോൾ പറയമ്പോൾ സാധിക്കുന്നതാണോയെന്നു ചിലർക്കെങ്കലും തോന്നും. ഒരു സംശയവും വേണ്ട, സാധിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയെ അക്കാദമിക് മികവ് നേടുന്നതിനും അത്യുന്നതിയിലേക്ക് ഉയർത്തുന്നതിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വരുന്ന രണ്ടു മൂന്നു വർഷംകൊണ്ട് മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു സർക്കാർ അതീവ ശ്രദ്ധ നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണാവശ്യത്തിനുള്ള ഇ-ജേണൽ, ബ്രെയിൽ ഗെയിൽ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. അക്രഡിറ്റഡ് കോളജുകൾക്കുള്ള സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (എസ്.എ.എ.സി.) സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തു.