പഠിച്ച് പരീക്ഷയെഴുതി പാസായ 145 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചു
തടവുകാര്‍ക്ക് സ്റ്റഡി മെറ്റീരിയലുകള്‍ എത്തിച്ചു നല്‍കുന്നതിന് പുറമെ ജയിലില്‍ നിയോഗിക്കപ്പെട്ട അധ്യാപകരുടെ സേവനവും ലഭിക്കും. പരീക്ഷകളും ജയിലിനുള്ളില്‍ വെച്ചു തന്നെയാണ് നടക്കുന്നത്.
മുംബൈ: പഠിച്ച് പരീക്ഷയെഴുതി പാസായ 145 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. മോഷണക്കുറ്റത്തിന് മുതല്‍ കൊലപാതകത്തിന് വരെ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ വിജയിച്ച് യോഗ്യത നേടിയവര്‍ക്കാണ് ഇളവ് ലഭിച്ചത്.
മഹാരാഷ്ട്രയിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ തടവുകാര്‍ക്ക് പഠന അവസരമുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പഠനം പൂര്‍ത്തിയാക്കിയാല്‍ ജയില്‍വാസ കാലയളവില്‍ ഇളവ് അനുവദിക്കുന്നത്. സംസ്ഥാനത്തെ പത്ത് ജയിലുകളില്‍ ഇത്തരത്തില്‍ കോഴ്സുകള്‍ ചെയ്യാന്‍ സൗകര്യമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ജയിലിലെ സ്റ്റഡി സെന്ററുകളില്‍ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെയോ അല്ലെങ്കില്‍ യശ്വന്ത്റാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെയോ കോഴ്സുകള്‍ക്ക് ചേരാനും പഠനം നടത്താനും കഴിയും. തടവുകാര്‍ക്ക് സ്റ്റഡി മെറ്റീരിയലുകള്‍ എത്തിച്ചു നല്‍കുന്നതിന് പുറമെ ജയിലില്‍ നിയോഗിക്കപ്പെട്ട അധ്യാപകരുടെ സേവനവും ലഭിക്കും. പരീക്ഷകളും ജയിലിനുള്ളില്‍ വെച്ചു തന്നെയാണ് നടക്കുന്നത്.
Read also: കുടുംബത്തിനൊപ്പം ക്യാമ്പിംഗിനെത്തിയ 9 കാരിയെ കാണാതായി, നിർണായകമായി കുറിപ്പിലെ വിരലടയാളം
കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു സ്ത്രീ അടുത്തിടെ ബിരുദാനന്തര ബിരുദം നേരിയിരുന്നു. കൊലപാതക കേസില്‍ ശിക്ഷക്കപ്പെട്ട ഇവരുടെ ഭര്‍ത്താവ് നേരത്തെ ജയില്‍ മോചിതനാവുകയും ചെയ്തു. ബിരുദാനന്തര ബിരുദം നേടിയതു കൊണ്ട് ശിക്ഷാ കാലയളവില്‍ മൂന്ന് മാസത്തെ ഇളവാണ് ഇവര്‍ക്ക് ലഭിച്ചത്. നാഗ്പൂര്‍ ജയിലില്‍ നിന്ന് 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 61 പേരെയാണ് മോചിതരായത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടാന്‍ തടവുകാരെ പ്രേരിപ്പിക്കാനും ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമൂഹവുമായി പൊരുത്തപ്പെട്ടു പോകാന്‍ കൂടുതല്‍ നല്ല അവസരം ഒരുക്കാനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിതാഭ് ഗുപ്ത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...