100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കും - മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച് 126 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

100 tribal youth will be appointed as excise civil officers


തിരുവനന്തപുരം: ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിന്ന് 100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലേക്ക് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചു വരികയാണെന്നും യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്‌നമായി ഇവ മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. എക്‌സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച് 126 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്‌സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്‌സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മാര്‍പ്പണത്തോടെ ഒരു വിഭാഗം എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നു എന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരേഡില്‍ സല്യൂട്ട് സ്വീകരിച്ച മന്ത്രി തുറന്ന ജീപ്പില്‍ പാസിങ് ഔട്ട് പരേഡ് പരിശോധിച്ചു. സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ വാഹനത്തില്‍ മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സേനാംഗങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി മന്ത്രിക്ക് അഭിവാദ്യം അറിയിച്ചു. കൃത്യതയോടെയും സൂക്ഷ്മതയോടെയും താളബോധത്തോടെയും പരേഡ് നടത്തിയ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ മന്ത്രി അഭിനന്ദിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച ഷോട്ടിന് പത്തനംതിട്ട കോന്നി സ്വദേശിനി നെഹ്ല എം മുഹമ്മദ്, മികച്ച ഇന്‍ഡോര്‍ ട്രെയിനി കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അമല്‍ഷാ കെ പി, മികച്ച ഔട്ട്‌ഡോര്‍ ട്രെയിനിയായി പരേഡ് കമാന്റര്‍ കൂടിയായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിനി വിശ്വശ്രീ പി വിശ്വനാഥ്, ഓള്‍റൗണ്ടറായി കൊല്ലം സ്വദേശിനി സിനി തങ്കച്ചന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. 

പരേഡിന് ശേഷം എക്‌സൈസ് വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തന മാര്‍ഗരേഖ മന്ത്രി എക്‌സൈസ് കമ്മീഷ്ണന്‍ എസ് ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. എക്‌സൈസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 60 ഉദ്യോഗസ്ഥര്‍ക്കുള്ള 90 എംഎം ഓട്ടോപിസ്റ്റളുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രാവിലെ 7.35 ന് ആരംഭിച്ച പരേഡില്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ, അഡീഷ്ണല്‍ എക്‌സൈസ് കമ്മീഷ്ണന്‍ ഇ എന്‍ സുരേഷ്, എക്‌സൈസ് കമ്മീഷ്ണര്‍ എസ് ആനന്ദകൃഷ്ണന്‍ എന്നിവര്‍ ട്രെയിനികളില്‍ നിന്ന് അഭിവാദനം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് പ്രധാന ചടങ്ങുകളിലേക്ക് കടന്നത്. .

Latest Videos
Follow Us:
Download App:
  • android
  • ios