സ്ത്രീകള്‍ക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടും,നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ബജറ്റ് പ്രഖ്യാപനം
മുതിർന്ന പൌരന്മാർക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപത്തിന്‍റെ പരിധി ഇപ്പോൾ 15 ലക്ഷമാണ്. ഇത് മുപ്പത് ലക്ഷമാക്കി ഉയർത്തി
ദില്ലി:വനിതകൾക്കും പെൺകുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിച്ചു . മുതിർന്ന പൌരന്മാർക്ക് കൂടുതൽ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ഉയർത്തി. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ ഇടിയുമ്പോൾ വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രം രൂപം നല്കുന്നത്. മഹിളാ സമ്മാൻ സേവിംഗ് പദ്ധതിയുടെ കീഴിൽ രണ്ടു ലക്ഷം രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിക്കാം. ഏഴര ശതമാനം പലിശ ഇതിന് ഉറപ്പാക്കും. ഭാഗികമായി തുക പലിശ നഷ്ടം ഇല്ലാതെ പിൻവലിക്കാനും അവസരം ഉണ്ടാകും. 2025 മാർച്ച് വരെയാകും നിക്ഷേപത്തിൻറെ കാലാവധി. മുതിർന്ന പൌരന്മാർക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപത്തിൻറെ പരിധി ഇപ്പോൾ 15 ലക്ഷമാണ്. ഇത് മുപ്പത് ലക്ഷമാക്കി ഉയർത്തിയാണ് കൂടുതൽ വരുമാനത്തിനുള്ള വഴിയൊരുക്കുന്നത്. ഇതിന് പുറമെ പ്രതിമാസ വരുമാനത്തിനുള്ള നിക്ഷേപ പദ്ധതിയുടെ പരിധി 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.
മൃഗക്ഷേമം, ക്ഷീരവികസനം, ഫിഷറീസ് ഉൾപ്പടെയുള്ള മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കാർഷിക സ്റ്റാർട്ടുപ്പകൾക്കായി കാർഷിക ഉത്തേജക നിധി രൂപീകരിക്കും. ചെറു ധാന്യ വികസനത്തിന് ശ്രീ അന്ന എന്ന പേരിൽ പദ്ധതിയുണ്ടാകും. കാർഷിക വായപാ ലക്ഷ്യം ഇരുപത് ലക്ഷം കോടിയായി ഉയർത്തി. കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തുറക്കും. 157 പുതിയ നഴ്സിംഗ് കോളേജുകൾ കൂടി തുടങ്ങും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
ബജറ്റിൽ കേരളത്തിന് നിരാശ, കർഷകർക്ക് സഹായമില്ല, തൊഴിലുറപ്പിന് ദയാവധമെന്നും ഇടത് എംപിമാർ