അധ്യാപക പരിശീലനം പുതിയ കാഴ്ചപ്പാടോടെ; ഡയറ്റുകളെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠന രംഗത്ത് സംഭവിച്ച പഠന നഷ്ടം നികത്താനും കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാനും വേണ്ടി വിവിധ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും ഉള്ള അക്കാദമിക ഇതര പുസ്‍തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും മറ്റ് സമാനമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി സജ്ജമാക്കണം
ദില്ലി: വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ബജറ്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അധ്യാപക പരിശീലനം സംബന്ധിച്ചുള്ളത്. നൂതന ബോധന മാധ്യമങ്ങളിലൂടെയും നിരന്തരമായ ഔദ്യോഗിക പുരോഗതിയിലൂടെയും അധ്യാപക പരിശീലനം പുതിയ കാഴ്ചപ്പാടിലേക്ക് മാറണമെന്നാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും നിരന്തര വിലയിരുത്തലുകളും ഇതിനുള്ള വഴിയായി മാറണമെന്നും ഈ ലക്ഷ്യം കൈവരിക്കാനായി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളെ (ഡയറ്റ്) മികച്ച സ്ഥാപനങ്ങളാക്കി മാറ്റുമെന്നും ബജറ്റില്‍ പറയുന്നു.
ഇതിന് പുറമെയാണ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടി ദേശീയ തലത്തില്‍ സ്ഥാപിതമാവുന്ന നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സംബന്ധിച്ച പ്രഖ്യാപനം. വിവിധ പ്രദേശങ്ങളിലെയും ഭാഷകളിലെയും വിവിധ തലങ്ങളിലും തലക്കെട്ടുകളിലും ലഭ്യമാവുന്ന പുസ്‍തകങ്ങളുടെ ഡിജിറ്റല്‍ ശേഖരമാണ് ഡിജിറ്റല്‍ ലൈബ്രറിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമൊക്കെ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഡിജിറ്റല്‍ ലൈബ്രറിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇവിടങ്ങളില്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം.
കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠന രംഗത്ത് സംഭവിച്ച പഠന നഷ്ടം നികത്താനും കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാനും വേണ്ടി വിവിധ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും ഉള്ള അക്കാദമിക ഇതര പുസ്‍തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും മറ്റ് സമാനമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി സജ്ജമാക്കണമെന്നാണ് ബജറ്റിലെ മറ്റൊരു നിര്‍ദേശം. സാമ്പത്തിക സാക്ഷരത വളര്‍ത്താനും സാമ്പത്തിക രംഗത്തെ നിയമാവബോധം വളര്‍ത്താനും ഇത്തരം ലൈബ്രറികളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെയ്ക്കുന്നു.
Read also: ബജറ്റിൽ കേരളത്തിന് നിരാശ, കർഷകർക്ക് സഹായമില്ല, തൊഴിലുറപ്പിന് ദയാവധമെന്നും ഇടത് എംപിമാർ