വേതന വർദ്ധനവ്, സമയക്രമീകരണം; കേന്ദ്രബജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും പറയാനുണ്ട്...

പദ്ധതി ആരംഭിച്ച് 17 വർഷം പിന്നിട്ടിരിക്കുന്നു. പുതിയൊരു കേന്ദ്രബജറ്റ് എത്തുമ്പോൾ ഈ തൊഴിലാളികൾക്കും നിരവധി ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെക്കാനുണ്ട്. 
 

National Rural Employment Guarantee scheme workers says on union budget

കോട്ടയം: തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചതാണ്. എന്നാൽ കൂടുതൽ വേതനം ലഭ്യമാക്കുക ഒപ്പം തൊഴിൽ സമയങ്ങളും അനുയോജ്യമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളാണ് പുതിയ കാലത്ത് തൊഴിലാളികൾ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ ​ഗ്രാമീണ സമ്പദ്‍വ്യവസ്ഥയിൽ ഏറ്റവും അധികം ചലനം സൃഷ്ടിച്ച കേന്ദ്രപദ്ധതി ഏതെന്ന് ചോദിച്ചാൽ ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാണ്. പദ്ധതി ആരംഭിച്ച് 17 വർഷം പിന്നിട്ടിരിക്കുന്നു. പുതിയൊരു കേന്ദ്രബജറ്റ് എത്തുമ്പോൾ ഈ തൊഴിലാളികൾക്കും നിരവധി ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെക്കാനുണ്ട്. 

''ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം തൊഴിൽ ദിനങ്ങൾ കൂട്ടുക എന്നുള്ളതാണ്. തൊഴിൽ വേതനം കൂട്ടുക, സമയം ക്രമീകരിക്കുക. പത്ത് മണി മുതൽ നാല് മണി വരെയുള്ള സമയം ആണ് വേണ്ടത്. അമ്മമാരാണ് കൂടുതലും ജോലിക്കുള്ളത്. അവർക്ക് സമയക്രമീകരണം വേണം. അതുപോലെ തന്നെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണം. വേതനം ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഞങ്ങൾക്ക് അതാത് മാസം തന്നെ വേതനം ലഭിക്കാനുള്ള സംവിധാനം വേണം.'' കോട്ടയത്ത് നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു.

 500 രൂപ വേതനം വേണം എന്നും ഇവർ ആവശ്യപ്പെടുന്നു. 15 ദിവസത്തിനുള്ളിലെങ്കിലും കൂലി ലഭിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾ ഈ ജോലിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. മറ്റ് വരുമാനങ്ങളൊന്നുമില്ല. കൂടുതൽ ജോലികളിൽ ഇവരെ ഉൾപ്പെടുത്തണമെന്നും ഇവർ പറയുന്നു. വളരെ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഉന്നയിക്കുന്നത്. കേന്ദ്രബജറ്റിൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളും പ്രതീക്ഷിക്കുന്നു. 

Read More: Union Budget 2023: കേന്ദ്ര ബജറ്റ് തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios