ബജറ്റ് സമ്മേളനത്തിൽ ശക്തമായി പ്രതിഷേധിക്കും, ജലീലിന്റെ ആരോപണം വെല്ലുവിളി: കൊടിക്കുന്നിൽ സുരേഷ്

എയർ ഇന്ത്യ വിൽപന, ചൈനീസ് അധിനിവേശം, കർഷകരോടുള്ള സമീപനം തുടങ്ങി നിരവധി വിഷയങ്ങളിലെ പ്രതിഷേധമാണ് ബജറ്റ് സമ്മേളനത്തിൽ ഉയർത്തുക

Budget 2022 Opposition will Protest Jaleel Allegation are challenge to Judiciary Kodikkunnil Suresh

ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിവിധ വിവാദ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. പെഗാസസ് വിവര ചോർച്ച. എയർ ഇന്ത്യ വിൽപന, ചൈനീസ് അധിനിവേശം, കർഷകരോടുള്ള സമീപനം തുടങ്ങി നിരവധി വിഷയങ്ങളിലെ പ്രതിഷേധമാണ് ബജറ്റ് സമ്മേളനത്തിൽ ഉയർത്തുക.

പെഗാസസ് വിഷയത്തിൽ ന്യൂയോർക്ക് ടൈംസ് പുതിയ വിവരം പുറത്തു വിടുന്നുവെന്ന് എംപി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ സഭയിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് തെളിഞ്ഞു. പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാർ എന്തോ ഒളിച്ചുവെക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല. ഇത് പാർലമെന്റിൽ ഉന്നയിക്കും. താങ്ങുവില വിഷയത്തിലെ ഉറപ്പ് കേന്ദ്രസർക്കാർ പാലിച്ചില്ല. അജയ് മിശ്രയെ പുറത്താക്കിയില്ല. ചൈനയുടെ കടന്നു കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റേത് തണുപ്പൻ നയമാണ്. എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതടക്കം എല്ലാ വിഷയങ്ങളും പാർലമെന്റിൽ ഉയർത്തും. വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും കൊവിഡിന്റെ മൂന്നാം തരംഗം തടയാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.

ലോകായുക്ത ഓർഡിനൻസ് ജനവിരുദ്ധം

ലോകായുക്ത വിഷയത്തിൽ കേരള സർക്കാർ പുറപ്പെടുവിക്കാൻ പോകുന്ന ഓർഡിനൻസ് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ ഘടന അട്ടിമറിക്കുന്നതിൽ മോദി സർക്കാർ കേന്ദ്രത്തിൽ സ്വീകരിക്കുന്നതിന് സമാനമായ നടപടി ആണ് പിണറായി സർക്കാറും സ്വീകരിക്കുന്നത്. ലോകായുക്ത പോലെയുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിക്ക് നിർത്താൻ ഉള്ള ശ്രമമാണിത്. കെ ടി ജലീലിന്റെ ആരോപണം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. ഇതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ആരോപണത്തിന്റെ നിജസ്ഥിതി  മുഖ്യമന്ത്രി വ്യക്തമാക്കണം. അയോഗ്യനായ ഒരാളെ ആണോ ലോകയുക്തയായി നിയമിച്ചത് എന്ന് ഇടത് മുന്നണി വ്യക്തമാക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios