Budget 2022 Electric Vehicle : ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ്; ബാറ്ററി ഉപയോഗ നയം വരും
ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ദില്ലി: രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ (Electric Vehicle) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് പോളിസി ( Battery Swapping Policy) കൊണ്ടുവരും. നഗരങ്ങളിൽ സ്ഥലലഭ്യത കുറവായതിനാൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പരിമിതി കണക്കിലെടുത്താണ് പുതിയ നയം. ഇലക്ട്രിക്ക് വാബന മേഖലയിൽ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ബിസനസ് മോഡലുകൾ വികസിപ്പിക്കാൻ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നാണ് നിർമല സീതാരമൻ്റെ ബജറ്റ് പ്രഖ്യാപനം.
ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ ഒരുക്കുമെന്നും പ്രഖ്യാപനമുണ്ട്. പരമ്പരാഗത പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സീറോ ഫോസിൽ ഫ്യുവൽ പോളിസി മൊബിലിറ്റി സോണുകൾ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.
ബാറ്ററികളും, ഊർജ്ജവും ഒരു സേവനമായി ലഭ്യമാക്കുന്ന ബിസിനസ് മോഡലുകൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുമെന്നാണ് നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനം.
25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറപാകുന്ന ബജറ്റെന്നാണ് ഒന്നര മണിക്കൂർ പ്രസംഗത്തെ ധനമന്ത്രി വിശേഷിപ്പിച്ചത്. ആദായ നികുതി സ്ലാബുകളിൽ മാറ്റമോ പുതിയ ഇളവുകളോ ഈ ബജറ്റിൽ പ്രഖ്യാപിച്ചില്ല. ആദായ നികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തി. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം വരെ സമയം ഉണ്ടാകും. ഡിജിറ്റൽ കറൻസിയിലേക്ക് രാജ്യം പോകുന്നുവെന്ന നിർണ്ണായക പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി.