വോള്‍ സോയിങ്കയുടെ നോവല്‍ വരുന്നു, ഏകദേശം 50 വര്‍ഷത്തിനുശേഷം; പ്രതീക്ഷിക്കാനേറെയുണ്ടെന്ന് പ്രസാധകര്‍
എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ സോയിങ്കയെ 'ഇംഗ്ലീഷിൽ എഴുതുന്ന ഏറ്റവും മികച്ച കാവ്യാത്മക നാടകകൃത്തുക്കളിൽ ഒരാൾ' എന്നാണ് നൊബേല്‍ പുരസ്‍കാര സമയത്ത് വിശേഷിപ്പിച്ചത്.
ഏകദേശം 50 വര്‍ഷത്തിനുശേഷം പ്രശസ്‍ത എഴുത്തുകാരന്‍ വോള്‍ സോയിങ്കയുടെ നോവല്‍ വരുന്നു. നൈജീരിയന്‍ നാടകകൃത്തും, കവിയുമായ സോയിങ്ക സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‍കാരം നേടുന്ന ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരന്‍ കൂടിയാണ്. 1965 -ലാണ് അദ്ദേഹത്തിന്‍റെ 'ഇന്‍റര്‍പ്രെട്ടേഴ്സ്' എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട്, 1973 -ല്‍ 'അനോമി' എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
'ക്രോണിക്കിള്‍സ് ഓഫ് ദ ഹാപ്പിയസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്ത്' എന്ന പുതിയ നോവല്‍ ഈ വര്‍ഷം അവസാനത്തോടെ നൈജീരിയയില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. പ്രസാധകരായ ബുക്ക്ക്രാഫ്റ്റ് പറയുന്നത് 2021 തുടക്കത്തില്‍ തന്നെ ആഗോളതലത്തില്‍ പുസ്‍തകം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ്. 'ഈ നോവലില്‍ എല്ലാമുണ്ട് - സൗഹൃദവും ചതിയും, വിശ്വാസവും വിശ്വാസവഞ്ചനയും; പ്രത്യാശയും നിഗൂഢതയും, കൊലപാതകം, അപകടം, എന്നിങ്ങനെ എല്ലാം ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സമകാലീന നൈജീരിയയുടെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്' എന്നും പ്രസാധകൻ പറയുന്നു. 'ഒരു സോയിങ്ക കൃതിയിൽ നിന്ന് നിങ്ങൾ എന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ തന്നെ വിവിധങ്ങളായ കഥാപാത്രങ്ങൾ, ആഴത്തിലുള്ള ഉള്‍ക്കാഴ്ച, രസകരമായ വ്യാഖ്യാനം, ഏറ്റവും മനോഹരമായ ഭാഷ എന്നിവയും ഇതില്‍ കാണാമെന്നും' പ്രസാധകര്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ പുതിയ രചനകളുടെയും നാടകപ്രവര്‍ത്തനങ്ങളുടെയും പുനരുജ്ജീവനത്തിന് സഹായമായിട്ടുണ്ട് എന്ന് സോയിങ്ക പറയുന്നു. ഡിസംബറില്‍ ലാഗോസില്‍ നടക്കുന്ന അദ്ദേഹം തന്നെ രചിച്ച 'ഡെത്ത് ആന്‍ഡ് കിംഗ്‍സ്ഹോഴ്സ്മെന്‍' എന്ന നാടകത്തിന്‍റെ പുനരവതരണത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നു സോയിങ്കയ്ക്ക്. അഞ്ചുമാസം നീണ്ടുനിന്ന എഴുത്ത് പൂര്‍ത്തിയാക്കിയശേഷം മനസിനെ ഒന്ന് തുറന്നുവിടുന്നതിനായി വ്യത്യസ്‍തമായ ഒരു ദിശയിലേക്ക് മാറുന്നത് ഒരു മോശം കാര്യമല്ല എന്നും സോയിങ്ക പറയുന്നു.
എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ സോയിങ്കയെ 'ഇംഗ്ലീഷിൽ എഴുതുന്ന ഏറ്റവും മികച്ച കാവ്യാത്മക നാടകകൃത്തുക്കളിൽ ഒരാൾ' എന്നാണ് നൊബേല്‍ പുരസ്‍കാര സമയത്ത് വിശേഷിപ്പിച്ചത്. 1960 -കളിൽ നൈജീരിയയിൽ ഒരു രാഷ്ട്രീയ തടവുകാരനായി അദ്ദേഹത്തെ ജയിലിലടയ്ക്കുകയുണ്ടായി. അക്കാലത്ത് ടോയ്‍ലെറ്റ് പേപ്പറുകളിലാണ് അദ്ദേഹം രഹസ്യമായി കവിതകളെഴുതിയിരുന്നത്. തടവില്‍ നിന്നും മോചിതനായശേഷം അദ്ദേഹം നാടുകടത്തപ്പെട്ടു. 1975 -ൽ നൈജീരിയയിലേക്ക് മടങ്ങിയെങ്കിലും 1994 -ൽ അന്നത്തെ സൈനിക ഭരണാധികാരിയായിരുന്ന സാനി അബാച്ച അദ്ദേഹത്തിന്‍റെ പാസ്‌പോർട്ട് കണ്ടുകെട്ടിയതിനാല്‍ വീണ്ടും നൈജീരിയ വിടേണ്ടി വന്നു. അദ്ദേഹത്തിന്‍റെ അഭാവത്തിലും അദ്ദേഹത്തിന് വധശിക്ഷ വിധിക്കുക വരെയുണ്ടായി. അബാച്ചയുടെ മരണശേഷം 1998 -ലാണ് സോയിങ്ക പിന്നീട് നൈജീരിയയിലേക്ക് മടങ്ങുന്നത്. 2016 -ല്‍ ട്രംപ് അധികാരത്തിലേറിയതോടെ സോയിങ്ക തന്‍റെ ഗ്രീന്‍ കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു.