പിന്നോക്ക സമുദായത്തില്‍ നിന്ന് പോരാടി പഠിച്ച് ഐഎഎസ് വരെ; കള്ളിനും കള്ളനും അനീതിക്കും എതിരായ യുദ്ധം
അനീതിക്കെതിരായി നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ഒരുപൗരസേവകനെ 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ കണ്ടെത്താന്‍ കഴിയും. ഓരോ തിരിച്ചടിയിലും അയാള്‍ പതറാതെ നിന്നു. അതിന് തന്നെ പ്രാപ്തനാക്കിയത് എന്താണ് എന്ന് മീണ പറയുന്നുണ്ട്.
'ജയ്പൂരിലെ ദോസ കോളേജില്‍ ജീവശാസ്ത്രം ബിരുദത്തിന് ചേര്‍ത്തപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അച്ഛന്‍ എന്നെ ഡോക്ടറാക്കാന്‍ തന്നെ തീരുമാനിച്ചുകഴിഞ്ഞു എന്ന്. മുപ്പത് ദിവസം കൊണ്ട് ആ പഠനം തുടരാനാകില്ലെന്നുറപ്പിച്ച് കോളേജില്‍ നിന്ന് മടങ്ങി. രണ്ടുംകല്‍പ്പിച്ച് വീട്ടിലേക്ക്. അച്ഛനെ നേരിടാന്‍ അധൈര്യമായിരുന്നു എങ്കിലും അനിവാര്യമായ തീരുമാനം കൈക്കൊള്ളാതിരിക്കാന്‍ കഴിയുമായിരുന്നില്ല. സവായ്മധേപൂരില്‍ ബിഎയ്ക്ക് ചേരാന്‍ മനസ്സാ തീരുമാനിച്ചാണ് വീട്ടിലെത്തിയത്. ഡോക്ടറുടെ വൈദ്യശാസ്ത്ര സേവനത്തിനപ്പുറത്ത് സമൂഹത്തെ സേവിക്കാന്‍ ലക്ഷ്യമിട്ടാണ് എന്റെ തീരുമാനം. ഇക്കാര്യം പറഞ്ഞുനോക്കിയെങ്കിലും അതൊന്നും അച്ഛന് സ്വീകാര്യമായില്ല. ചാട്ടവാര്‍ കൈയിലെടുത്ത് പൊതിരെ തല്ലി. എന്റെ ഉറച്ച തീരുമാനം അച്ഛനെ അറിയിച്ചതിലൂടെ സ്വയം ആര്‍ജ്ജിച്ച മനശ്ശക്തി മറ്റ് വേദനകളെയെല്ലാം നിസ്സാരമാക്കി.'
ആ യുവാവിന്റെ സിവില്‍ സര്‍വ്വീസിലേക്കും തുടര്‍ന്നുമുള്ള യാത്രയില്‍ പങ്കുചേരാന്‍ സാഹചര്യം വന്നു. ഇന്ന് കേരളീയര്‍ക്ക് സുപരിചിതനായ ഒരാളായി ഉയര്‍ന്ന ടിക്കാറാം മീണയുടെ ജീവിതത്തിലെ ഒരു നിര്‍ണായക അധ്യായമാണ് മുകളില്‍ പറഞ്ഞത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയിലൂടെ ടിക്കാറാം സ്വന്തം ജീവിതം വരച്ചിടുകയാണ്. എം.കെ രാംദാസാണ് മീണയുടെ ജീവിതം കേട്ടെഴുതിയത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് 'തോല്‍ക്കില്ല ഞാന്‍' വായിക്കപ്പെട്ടതെങ്കിലും സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ഒരു പട്ടികജാതി സമൂഹത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സിവില്‍ സര്‍വ്വന്റായി ഉയിര്‍ത്ത കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കഥയാണ് 'തോല്‍ക്കില്ല ഞാന്‍' പറയുന്നത്.
തിരിച്ചടിച്ച് വളര്‍ന്ന കാലം
കമ്യൂണിസ്റ്റ് ചിന്തകള്‍ ഉള്ളില്‍ സൂക്ഷിക്കുകയും പാതി കോണ്‍ഗ്രസ്സുകാരന്റെ ആദര്‍ശങ്ങളില്‍ ജീവിക്കുകയും ചെയ്ത ഒരാളാണ് ടിക്കാറാമിന്റെ അച്ഛന്‍. യുവാവായ ടിക്കാറാം പലപ്പോഴും ഒരു കമ്യൂണിസ്റ്റുകാരനെ പോലെ പെരുമാറി. അനീതി കണ്ടാല്‍ പ്രതികരിക്കുക എന്നത് ടിക്കാറാം ശീലമാക്കിയിരുന്നു. ബിഎയ്ക്ക് ചേര്‍ന്ന കാലത്തെ ഒരനുഭവം ആത്മകഥയില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളിലും സഹപാഠികളുടെ മറ്റുകാര്യങ്ങളിലുമെല്ലാം ടിക്കാറാം സജീവമായി ഇടപെട്ടിരുന്നു. പലരുടെയും അനിഷ്ടത്തിന് പാത്രവുമായിരുന്നു. എന്നാല്‍, ടിക്കാറാം എന്ന പേരില്‍ തന്നെ മറ്റൊരു വിദ്യാര്‍ത്ഥി അതേ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. ചെയ്യുന്ന സകല കാര്യങ്ങളുടെയും ഫലം ഏറ്റുവാങ്ങിയത് പൊതുവേ ശാന്തശീലനായിരുന്ന ആ ടിക്കാറാം ആയിരുന്നു. ഒരുദിവസം ശാന്തനായ ആ ടിക്കാറാമിനെ ചിലര്‍ ക്രൂരമായി മര്‍ദിച്ചു. പതിനഞ്ചോളം കുത്തുകളേറ്റ് ആശുപത്രിയിലായി. ഇത് കണ്ട് അടങ്ങിയിരിക്കാന്‍ ടിക്കാറാം മീണയ്ക്ക് കഴിയുമായിരുന്നില്ല. അക്രമികളെ കൈകാര്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ പത്തുപേരടങ്ങുന്ന മീണയുടെ സംഘം തിരിച്ചടിച്ചു. എതിരാളികളെ ആക്രമിച്ചു. അവര്‍ ചിതറിയോടിയെങ്കിലും കാര്യമായി തന്നെ ആക്രമിച്ചു. മാരകമായി പരിക്കേറ്റെന്ന് ഉറപ്പുവരുത്തിയാണ് സ്ഥലം വിട്ടത്. കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നതരായ അവരുടെ രക്ഷിതാക്കള്‍ പൊലീസിനെ സ്വാധീനിച്ച് ടിക്കാറാമിനെയും കൂട്ടുകാരെയും അഴിക്കുള്ളിലാക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു.
എന്നാല്‍, സഹപാഠികളിലൊരാള്‍ പോലും തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല, വീട്ടുകാര്‍ പോലും കൂടെ നിന്ന സംഭവമായിരുന്നു അത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്നറിഞ്ഞ ആരും എതിര്‍ത്തില്ല. ഒടുവില്‍ കോടതിയില്‍ വിചാരണവരെ ഒളിവില്‍ കഴിഞ്ഞു. പലഗ്രാമങ്ങളില്‍ പലരുടെ വീടുകളില്‍ മാറി മാറി ഒളിച്ചുതാമസിച്ച കാലം ടിക്കാറാമിന്റെ ജീവിതത്തില്‍ പുതിയൊരു നിശ്ചയദാര്‍ഢ്യം പ്രദാനം ചെയ്തു. കേസ് കോടതിയിലെത്തിയെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. അന്ന് ഉള്ളിലുണ്ടായ തിരിച്ചറിവ് ടിക്കാറാം മീണ ജീവിതത്തിലുടനീളം പാലിച്ചു. അനീതിക്കെതിരായ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന തിരിച്ചറിവ്.
പഠനകാലം
സവായ് മധേപൂര്‍ ജില്ലയിലെ പുരജോലന്ദയില്‍ 1962 -ലാണ് ടിക്കാറാം ജനിച്ചത്. കിലോമീറ്ററുകളോളം നടന്ന് വിദ്യാഭ്യാസം നേടേണ്ട സാഹചര്യം. വാച്ചോ ക്ലോക്കോ ഇല്ലാതെ നിഴലിനെ ആശ്രയിച്ച് സമയം നിശ്ചയിച്ചിരുന്ന നാട്. അവിടെ മീണ സമുദായത്തിലാണെങ്കിലും ഗ്രാമത്തില്‍ സാമാന്യം പരിഗണന കിട്ടിയിരുന്ന ജയറാം എന്ന ഒരച്ഛന്റെ മകന്‍. മകനെ ഡോക്ടറാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്‌നം കണ്ട അച്ഛന്റെ മനസ്സ്. നാട്ടിലൊരു ഡോക്ടര്‍ എന്ന സ്വപ്നത്തോട് പക്ഷേ ടിക്കാറാമിന് നീതി പുലര്‍ത്താനായില്ല. ടിക്കാറാം സിവില്‍സര്‍വീസ് ലക്ഷ്യംവച്ച് പഠിച്ചു. നേടിയെടുത്തു. പഠനകാലത്തെ തിരിച്ചടികളില്‍ നിന്ന് ടിക്കാറാം അതിശക്തമായി കരകയറി. പലപ്പോഴും സഹപാഠികളുടെ ഹുങ്കിനെ നേരിടാന്‍ കരുത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു. അനീതിക്കെതിരെ ഏതറ്റംവരെയും പോകാന്‍ കെല്‍പ്പുള്ള ആളായി വളര്‍ന്നു. ഇതിനിടിയില്‍ കല്യാണം കഴിച്ചു. സാമൂഹിക ആചാരപ്രകാരം ബാല്യത്തിലേ വിവാഹം. ഒടുവില്‍ സിവില്‍സര്‍വ്വീസ് വരെ നീളുന്ന പഠനകാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി.
മലപ്പുറത്തെ 1500 ഏക്കര്‍
കേരളകേഡറിലെത്തി സിവില്‍ സര്‍വീസ് പരിശീലനഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം ടിക്കാറാം മീണയ്ക്ക് ലഭിച്ച ആദ്യനിയമനം മലപ്പുറം സബ്കളക്ടറായാണ്. ആവേശത്തോടെയാണ് ആദ്യ ഔദ്യോഗിക പദവി സ്വീകരിച്ചത്. അച്ഛന്റെ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് ചിന്തകള്‍ ഉള്ളില്‍ പലപ്പോഴും അനീതിക്കെതിരായ ആയുധമായി ടിക്കാറാം മീണയുടെ ഉള്ളിലും എത്തും. മലപ്പുറത്തെ അനധികൃത മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കവും സമാനചിന്തയുടെ ഭാഗമായിരുന്നു. അനധികൃത ഭൂമി തിരിച്ചുപിടിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണം എന്ന ലക്ഷ്യത്തോടെ നടപടികള്‍ ആരംഭിച്ചു. മിക്കഭൂമിയും നായര്‍കോവിലകങ്ങളും മുസ്ലിംപ്രമാണിമാരും കൈയടക്കിവച്ചിരിക്കുകയായിരിന്നു.
തര്‍ക്കം നിലനിന്നിരുന്ന പ്രധാനപരാതികളിലൊന്ന് ഒരു കോവിലകത്തിന്റെ അധീനതയിലുള്ള 1500 ഏക്കറോളം ഭൂമിയായിരുന്നു. കടുത്ത നടപടിക്ക് തന്നെ സബ്കളക്ടര്‍ ടിക്കാറാം മീണ ഇറങ്ങിത്തിരിച്ചു. മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് നാലകത്ത് സൂപ്പിയാണ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ ഭൂമിയായിരുന്നു. ഉത്തരവ് പൂര്‍ത്തിയാക്കും മുമ്പ് തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.വി. ആനന്ദബോസ് കാത്തിരുന്ന് ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍ മുന്നോട്ടുപോകാന്‍ അനുവാദം നല്‍കി. അന്ന് രാത്രി തന്നെ ഉത്തരവ് പൂര്‍ത്തിയാക്കി പുറത്തിറക്കി. 1500 ഏക്കര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് സ്ഥലത്ത് പതിച്ചു. ഭൂമി ഏറ്റെടുത്തു.
വിവരമറിഞ്ഞ് മുഖ്യമന്ത്രി കോപാകുലനായി. ഒരാഴ്ചയ്ക്കകം ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍, അന്ന് വൈകുന്നേരത്തോടെ സ്ഥലം മാറ്റ ഉത്തരവിറങ്ങി. അതിനെ കുറിച്ച് ടിക്കാറാം മീണ ഇങ്ങനെ എഴുതുന്നു, '' ഭൂരഹിതരായ അനേകമാളുകള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുകയെന്ന ദൗത്യം വിജയിപ്പിക്കാനാകാത്തതില്‍ വേദന തോന്നി. എന്നാല്‍ ഇതിന് ശേഷം പല വികലമായ പല ഉപാഖ്യാനങ്ങളും ഉണ്ടായി. കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനിലേക്കുള്ള രൂപമാറ്റം ആരംഭിക്കുന്നത് മലപ്പുറത്തെ മണ്ണില്‍ നിന്നാണെന്ന് സംഗ്രഹിക്കാം.''
പദവി പോലും നല്‍കാതെ
സിവില്‍സപ്ലൈസ് ഡയരക്ടറായിരിക്കുമ്പോഴാണ് ആകെ തകര്‍ത്ത മറ്റൊരു സംഭവമുണ്ടാകുന്നത്. നിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നത് കണ്ടുപിടിക്കുകയും ക്രമക്കേടിന് കടുത്ത നടപടി കൈക്കൊള്ളുകയും ചെയ്തത് വിവാദമായി. 7 ടിഎസ്ഒ -മാരെ സസ്‌പെന്റ് ചെയ്ത നടപടി മന്ത്രിയെ ക്ഷുഭിതനാക്കി. മന്ത്രി നേരിട്ട് വിളിച്ച് പുലഭ്യം പറഞ്ഞു. അന്ന് മന്ത്രിയോടുള്ള മറുപടി ഇങ്ങനെ 'അസഭ്യം പറയരുത്. നടപടി പിന്‍വലിക്കാനൊരുക്കമല്ല, എന്നെ പദവിയില്‍ നിന്ന് മാറ്റുക.'
എന്നാല്‍, ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇടപെടുന്ന സ്ഥിതിയുണ്ടായി. മുഖ്യമന്ത്രിയുടെ വകയും കിട്ടി. ''എന്താണ് മീണ ഇങ്ങനെയെല്ലാം കുഴപ്പങ്ങളുണ്ടാക്കുന്നത്. അടിയന്തിരമായി ഇത് അവസാനിപ്പിക്കണം. നിങ്ങള്‍ ചെറുപ്പക്കാരനാണ്. സര്‍വ്വീസ് ആരംഭിച്ചിട്ടേയള്ളൂ. ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും.'' അന്ന് മന്ത്രിയോട് പറഞ്ഞ മറുപടി തന്നെ മുഖ്യമന്ത്രിയോടും പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഒടുവില്‍ സസ്‌പെന്‍ഷനുണ്ടായില്ലെങ്കിലും ഡയരക്ടര്‍സ്ഥാനത്ത് നിന്ന് മാറ്റി പദവിയില്ലാതെ കുറേ നാള്‍ അലഞ്ഞു. ആ കാലത്തെ കുറിച്ച് മീണ ഇങ്ങനെ എഴുതുന്നു
'യുദ്ധഭൂമിയില്‍ നിരായുധനാക്കപ്പെട്ട പോരാളിയുടെ മനോഭാവത്തോടെയാണ് പിന്നീടുള്ള മാസങ്ങള്‍ പിന്നിടേണ്ടി വന്നത്. പദവിയോ ഓഫീസോ ഉണ്ടായിരുന്നില്ല. സെക്രട്ടേറിയേറ്റില്‍ നിന്ന് കിലോമീറ്റര്‍ അകലെയള്ള പേരൂര്‍ക്കടയിലെ വാടകക്കെട്ടിടത്തിലായിരുന്നു താമസം. എന്റെ പ്രസരിപ്പില്ലായ്മ ധോളി(ഭാര്യ)യെ ആകുലയാക്കി. എന്നാല്‍, ഒരിക്കല്‍ പോലും എന്നെ കുറ്റപ്പെടുത്തിയില്ല. എന്റെ പക്ഷമാണ് നീതിയുടേത് എന്ന് അവള്‍ വിശ്വസിച്ചു.'
ഒടുവില്‍ രാഷ്ട്രീയകോളിളക്കങ്ങള്‍ക്ക് ശേഷം ഭരണം മാറി ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോഴാണ് ടിക്കാറാം മീണയുടെ ജീവിതത്തിലൊരു മാറ്റമുണ്ടായത്. തൃശൂര്‍ കളക്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
ചാരായവും സ്ഥലംമാറ്റവും
മീണ തൃശൂരിലെത്തുമ്പോള്‍ തൊട്ടുമുമ്പത്തെ സര്‍ക്കാര്‍ ചാരായം നിരോധിച്ചതിന്റെ അനുരണനങ്ങള്‍ അവസാനിച്ചിരുന്നില്ല. തൃശൂരിലുള്‍പ്പെടെ വ്യാപകമായി അനധികൃത ചാരായം ഒഴുകി. മായം കലര്‍ത്തി എത്തിയ വ്യാജചാരായം ഒരുവന്‍ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന ഘട്ടത്തിലാണ് ശക്തമായ പരിശോധനയ്ക്ക് ടിക്കാറാം മീണയും തീരുമാനിച്ചത്.
വ്യാജകള്ളിനെതിരായ നീക്കമാണ് പ്രധാനമായും നടത്തിയത്. തൃശൂര്‍ ജില്ലാപൊലീസ് സൂപ്രണ്ട് ബി. സന്ധ്യയായിരുന്നു. എക്‌സൈസ് വകുപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ട് റെയ്ഡുകള്‍ കളക്ടര്‍ ആസൂത്രണം ചെയ്തു. മദ്യവ്യാപാരികളെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു. ഒരാള്‍ 'ഇതിലും വലിയ കളക്ടര്‍ വന്നിട്ട് നടന്നില്ല എന്നിട്ടാണോ ഇപ്പോള്‍' എന്നൊരു ഭീഷണിയാണ് മുഴക്കിയത്. കള്ളുസംഭരണകേന്ദ്രങ്ങള്‍ മറയാക്കി നടക്കുന്ന വ്യാജമദ്യനിര്‍മാണം പിടിക്കാന്‍ നടത്തിയ റെയ്ഡുകള്‍ വലിയ ഫലമുണ്ടായി. ഒന്നരലക്ഷത്തിലധികം വ്യാജകള്ള് പിടിച്ചു. പലരും അറസ്റ്റിലായി. അവരിലൊരാള്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു. ഇതറിഞ്ഞ് എക്‌സൈസ് മന്ത്രി വിളിച്ചു. മീണ കാര്യംപറഞ്ഞ് ബോധ്യപ്പെടുത്തി.
ഒടുക്കം മുഖ്യമന്ത്രി തന്നെ വിളിച്ചു. 'എന്താടോ ഈ കാണിക്ക്ന്നത്' എന്ന് ചോദിച്ചു. വിശദമായി മറുപടി നല്‍കി. ഒടുവില്‍, 'നിങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകരുത്. എല്ലാം നിര്‍ത്തിവയ്ക്കണം' എന്ന് ആജ്ഞാപിച്ച് ഫോണ്‍ വച്ചു. കോടതിയില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരന്‍ ശക്തമായ നിലപാടെടുത്തു. പ്രധാനപ്രതി ജയിലില്‍ പോയി. വ്യാജമദ്യക്കേസ് പ്രതിയുടെ ജയില്‍ വാദം ഭരണകക്ഷിക്ക് വലിയ ക്ഷീണമായി. ഇതിന്റെ തുടര്‍ച്ചയായി തൃശൂരില്‍ കൈക്കൊണ്ട നിരവധി നടപടികള്‍ക്കൊടുവില്‍ വയനാട് കളക്ടറായി ഒരുഗ്രന്‍ സ്ഥലം മാറ്റവും മീണയെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ ആ സസ്‌പെന്‍ഷന്‍
വയനാട് കളക്ടറായിരിക്കെ എതിരാളികള്‍ അളവിനൊത്ത ഒരുകയറുണ്ടാക്കിയെടുത്തു. മീണയുടെ കഴുത്തില്‍ കുരുക്കാന്‍. ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ഭവനപദ്ധതിക്ക് അനുവദിച്ച ഫണ്ട് സൂക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. യോഗതീരുമാനപ്രകാരം നിര്‍മിതികേന്ദ്രത്തിനാണ് ചുമതല. അവര്‍ക്കുള്ള ഫണ്ട് പകുതി എസ്ബിഐയിലും പകുതി സഹകരണബാങ്കിലും ഇട്ടു. നിര്‍മിതി കേന്ദ്രം ഡയരക്ടര്‍ കൂടിയായ മാനന്തവാടി സബ്കളക്ടര്‍ പൂര്‍ത്തീകരിച്ച നടപടിക്രമം വിവാദത്തിലായി. പണം സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു എന്ന് വാര്‍ത്തവന്നു. കുരുക്കുമായി കാത്തിരുന്നവര്‍ക്ക് സുവര്‍ണാവസരമായി. അന്നത്തെ സാഹചര്യത്തെ കുറിച്ച് മീണ ഇങ്ങനെ എഴുതുന്നു
'കുറ്റമെല്ലാം എന്റെ തലയിലായി. സസ്‌പെന്‍ഷന്‍ വിധിക്കാനുള്ള യോഗം തിരുവനന്തപുരത്ത് നടന്നു. നടപടി പഞ്ചായത്ത് രാജ് സംവിധാനത്തിനെതിരായ നീക്കമായി വിലയിരുത്തപ്പെട്ടു. ഒടുവില്‍ മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ടു. സെക്രട്ടേറിയേറ്റിലെ 40 ഓളം ഐഎസ് ഉദ്യോഗസ്ഥര്‍ കറുത്ത ബാഡ്ജ് കുത്തി ജോലിക്കെത്തി. അവരുടെ വാദം മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുത്തില്ല.
ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ഉപദേശങ്ങള്‍ നല്‍കിയത് എന്നും വിശദീകരണം വന്നു. പാര്‍ട്ടി തീരുമാനം പോളിറ്റ് ബ്യൂറോയില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.'
അങ്ങനെ ഒടുവില്‍ ആ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കിലയില്‍ ഡയരക്ടറായി തൃശൂരിലേക്ക് തന്നെ മടക്കം. സംഭവബഹുലമായ കിലയിലെ ജീവിതത്തെ കുറിച്ചും മീണ വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. തിരിച്ചടികളുടെയും അതിജീവനത്തിന്റെയും ബൃഹത്തായ അധ്യായമാണ് ടിക്കാറാം മീണയുടെ ജീവിതം. അനീതിക്കെതിരായി നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ഒരുപൗരസേവകനെ 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ കണ്ടെത്താന്‍ കഴിയും. ഓരോ തിരിച്ചടിയിലും അയാള്‍ പതറാതെ നിന്നു. അതിന് തന്നെ പ്രാപ്തനാക്കിയത് എന്താണ് എന്ന് മീണ പറയുന്നുണ്ട്.
'ദുര്‍ഘടമായ ജീവിത കയങ്ങളില്‍ നിന്ന് നീന്തിക്കരേറാന്‍ എന്നെ പ്രാപ്തനാക്കിയത് പുരജോലന്ദയെന്ന കുഗ്രാമത്തില്‍ നിന്ന് ആവാഹിച്ചെടുത്ത ജീവിത പരിചയങ്ങളാണ്.'
അസാമാന്യധൈര്യത്തോടെയും ലക്ഷ്യബോധത്തോടെയും നീതിക്ക് വേണ്ടി നിലകൊണ്ട ഒരു സിവില്‍സര്‍വന്റിന്റെ നീന്തിക്കരേറലുകളുടെ ചരിതമാണ് 'തോല്‍ക്കില്ല ഞാന്‍' എന്ന ഈ പുസ്തകം എന്ന് ഒറ്റവാക്കില്‍ പറയാം.