'സിന്‍' ഒരു സാധാരണ നോവലല്ല, നമ്മുടെ അലസനേരങ്ങളെ വിഴുങ്ങുന്ന ഒരു തീനാമ്പ് അതിലുണ്ട്

പുസ്തകപ്പുഴയില്‍ ഇന്ന് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കോളമിസ്റ്റും എഴുത്തുകാരിയുമായ ഹരിതയുടെ ആദ്യ നോവലാണിത്. ജയശ്രീ തോട്ടെക്കാട്ട് എഴുതുന്ന വായനാനുഭവം.

Reading Zin a novel by Haritha Savithri

ബാഴ്‌സലോണ സര്‍വകലാശാലയില്‍ 'സാംസ്‌കാരിക സ്വത്വങ്ങളുടെ നിര്‍മിതിയും പ്രതിനിധാനവും' (Construction and representation of cultural identities) എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നതിനിടെയാണ്  ഹരിത കുര്‍ദ് വംശജരിലേക്കെത്തുന്നത്. കുര്‍ദുകള്‍ക്കിടയിലെ പാട്രിയാര്‍ക്കിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹരിത, ലിലാന്‍ എന്ന കുര്‍ദ് വംശജയെ കണ്ടുമുട്ടുന്നത്. ലിലാനുമായുള്ള സംഭാഷണത്തിലൂടെ  നൂറ്റാണ്ടുകളുടെ ദുരന്തം  പേറുന്ന ഒരു സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള ഭയാനകമായ  വാതില്‍ തുറന്നുകിട്ടിയ ആ നിമിഷത്തെ പറ്റി ഹരിത നോവലില്‍ എഴുതുന്നുണ്ട്. 

..................................


ഹരിത സാവിത്രി എഴുതിയ സിന്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Reading Zin a novel by Haritha Savithri
 

നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും  ഹരിത സാവിത്രി (പകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. 

എന്‍.എസ്. മാധവന്‍

 

മനുഷ്യര്‍ക്ക് ചിലപ്പോള്‍ ജീവിതം മാറ്റിമറിക്കുന്ന ചില നിമിഷങ്ങളുണ്ടാകാറുണ്ട്. അതീവസാധാരണമായി കടന്നുപോകുന്ന അത്തരം  നിമിഷങ്ങളിലൊന്ന്, തന്നെ ആകെയുലച്ചുകൊണ്ട്, സ്വന്തം അവബോധവും കാഴ്ചയും നിലപാടുകളും മാറ്റിമറിച്ച് ജീവിതം തന്നെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ട അനുഭവത്തെ പറ്റി ഹരിത സാവിത്രി തന്റെ 'സിന്‍ (Zin)' എന്ന ആദ്യനോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.

ബാഴ്‌സലോണ സര്‍വകലാശാലയില്‍ 'സാംസ്‌കാരിക സ്വത്വങ്ങളുടെ നിര്‍മിതിയും പ്രതിനിധാനവും' (Construction and representation of cultural identities) എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നതിനിടെയാണ്  ഹരിത കുര്‍ദ് വംശജരിലേക്കെത്തുന്നത്. കുര്‍ദുകള്‍ക്കിടയിലെ പാട്രിയാര്‍ക്കിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹരിത, ലിലാന്‍ എന്ന കുര്‍ദ് വംശജയെ കണ്ടുമുട്ടുന്നത്. ലിലാനുമായുള്ള സംഭാഷണത്തിലൂടെ  നൂറ്റാണ്ടുകളുടെ ദുരന്തം  പേറുന്ന ഒരു സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള ഭയാനകമായ  വാതില്‍ തുറന്നുകിട്ടിയ ആ നിമിഷത്തെ പറ്റി ഹരിത നോവലില്‍ എഴുതുന്നുണ്ട്. 

.......................

ഹരിത സാവിത്രി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം

..........................

 

ടര്‍ക്കി, സിറിയ, ഇറാഖ്, അര്‍മീനിയ എന്നീ നാലു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളായ ഒരു വംശമാണ് കുര്‍ദുകള്‍. നാലു രാജ്യങ്ങളിലും ന്യൂനപക്ഷമായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത. എല്ലാ  കാലങ്ങളിലും എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ അതാതു രാജ്യങ്ങളിലെ ഭൂരിപക്ഷത്തിന്റെ വംശവെറിക്ക് ഇരയായും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായും ഉപയോഗിക്കപ്പെട്ട നീണ്ട ചരിത്രമുള്ളവര്‍.

ഭരണകൂടങ്ങളുടെ നിരന്തരമായ അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളുടെ ഫലമായി പൗരാവകാശങ്ങളോരോന്നായി എടുത്തുമാറ്റപ്പെട്ട് രണ്ടാംതരം പൗരന്മാരായി ജീവിക്കാന്‍ വിധിക്കപ്പെട്ട കുര്‍ദുകളെ കാലങ്ങളായി അതിജീവിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെല്ലാംകൂടി ഒന്നായി ലയിപ്പിച്ച്, കുര്‍ദുകള്‍ക്ക് തലയുയര്‍ത്തി നടക്കാവുന്ന സ്വതന്ത്രകുര്‍ദിസ്ഥാന്‍ എന്നൊരു രാജ്യം!  രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ ജൂതവേട്ടയില്‍ നിന്നോടി രക്ഷപെട്ടു ലോകമെങ്ങും ചിതറിപ്പോയ ജൂതന്മാരെ അതിജീവിപ്പിച്ച അതേ സ്വപ്നം. പക്ഷെ ഇസ്രയേല്‍ എന്നൊരു രാജ്യം യഥാര്‍ത്ഥമാകാന്‍ പാശ്ചാത്യശക്തികളൊരുമിച്ചതുപോലെ, തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങള്‍ അവഗണിച്ചുകൊണ്ട് കുര്‍ദിസ്ഥാനു വേണ്ടി ലോകം കൈകോര്‍ക്കാന്‍ ഒരു സാധ്യതയുമില്ല എന്നറിയുമ്പോഴും അവര്‍ക്കാ സ്വപ്നം പ്രിയപ്പെട്ടതാണ്.

 

Reading Zin a novel by Haritha Savithri

 

എങ്കിലും, ജീവിക്കുന്ന രാജ്യങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ട സമത്വവും പൗരാവകാശങ്ങളും നേടിയെടുക്കാന്‍, ഭരണകൂടങ്ങളുടെ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ , അവര്‍ക്കിടയില്‍ നിന്നും സ്വാതന്ത്രപോരാളികള്‍ ജനിക്കുന്നുണ്ട്. ലോകത്തെവിടെയും നടക്കുന്നത് പോലെ ഭരണകൂടങ്ങള്‍ അവരെ വ്യാജപ്രചാരണങ്ങളിലൂടെ തീവ്രവാദികളും ഭീകരരുമായി മുദ്രകുത്തുന്നുമുണ്ട്. അവരുടെ മേല്‍ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് നിശ്ശബ്ദരാക്കാനുള്ള ശ്രമവും തുടരുന്നു. ഒപ്പം അമേരിക്കപോലുള്ള വന്‍ ശക്തികള്‍ സിറിയയില്‍ ഐ എസിനെതിരെയുള്ള യുദ്ധത്തില്‍ കുര്‍ദ്ദുകളെ പങ്കാളികളാക്കി അവരെയുപയോഗിച്ചതിനു ശേഷം കയ്യൊഴിയുകയയും ടര്‍ക്കിയിലെ ഭരണകൂടം അതേ ഐഎസിനെ ഉപയോഗിച്ച്   കുര്‍സുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

അങ്ങിനെയുള്ളൊരു ഐഎസ് ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു കാലുകളും തകര്‍ന്നുപോയ ലിസ ചലാന്‍ (Lisa Calan) എന്ന ജീവിക്കുന്ന രക്തസാക്ഷിയെ ഹരിത മുമ്പൊരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനത്തിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. കുര്‍ദുകളുടെ ഇതിഹാസനായികയായി മാറിയ ലിസ ഒരു സിനിമാസംവിധായിക എന്ന നിലയില്‍ രാജ്യന്തരപ്രശസ്തയാണ്. താന്‍ നേരിട്ട ദുരന്തത്തില്‍ തളര്‍ന്നു വീണുപോകാതെ ഇന്നും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു ലിസ. കുര്‍ദ് വംശജരുടെ കഥകള്‍ പറയുന്നതിനിടെ ഹരിത മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ലിസ ഈ കഴിഞ്ഞ 26 -മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യാതിഥി ആയിരുന്നു. ലിസയുടെ പര്‍വ്വതങ്ങളുടെ ഭാഷ (Language of the Mountains) എന്ന സിനിമ സംസ്ഥാന സര്‍ക്കാറിന്റെ The Spirit of Cinema Award നേടുകയും ചെയ്തു. 

 

Reading Zin a novel by Haritha Savithri

ഹരിത ലിസ ചലാനൊപ്പം
 

പറഞ്ഞുവന്നത്, കുര്‍ദ്ദുകളുടെ ദുരന്തചരിത്രത്തിലേക്ക് ഹരിത എന്ന മലയാളി സ്ത്രീ നടത്തിയ യാത്രകളുടെ ഫലപ്രാപ്തിയാണ്. അതിന്റെ തുടര്‍ച്ചയാണ് മാതൃഭൂമി ബുക്‌സ് ഈയടുത്തായി പ്രസിദ്ധീകരിച്ച ഹരിതയുടെ 'സിന്‍' എന്ന നോവല്‍. കുര്‍ദ് ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും ദുര്‍ഘടപാതയിലൂടെയുള്ള യാത്രയ്‌ക്കൊടുവിലാണ് ഹരിത നോവല്‍ എന്ന സങ്കല്‍പ്പത്തിലെത്തിയത്. ടര്‍ക്കിയുടെ എല്ലാ പ്രാഭവങ്ങളുടെയും പ്രതീകമായിത്തിളങ്ങിനില്‍ക്കുന്ന തലസ്ഥാന നഗരമായ ഇസ്താംബുളില്‍നിന്നും കുര്‍ദുകളുടെ ചോര വീണുകിടക്കുന്ന പിന്നാമ്പുറങ്ങളിലേക്കായിരുന്നു സ്വന്തം സുരക്ഷയെപ്പോലും അപകടത്തിലാക്കിക്കൊണ്ട് ഹരിത അന്ന് സഞ്ചരിച്ചത്. ലോകത്തിനു മുന്‍പില്‍ ഷോക്കേസിലെന്നവണ്ണം പ്രദര്‍ശിപ്പിച്ചിരുന്ന പുരാതന ഓട്ടോമന്‍ സംസ്‌കാരത്തിന്റെ പ്രൗഢിക്കു പുറകില്‍, ആ നഗരത്തില്‍ നിന്ന് ചെത്തിമാറ്റിയടര്‍ത്തിയെന്നതുപോലെയുള്ള ഒരു പ്രദേശത്ത് നിലകൊള്ളുന്ന ടര്‍ക്കിയിലെ കുര്‍ദ്ദിഷ് സംസ്‌ക്കാരത്തിന്റെ  പ്രേതവുമായി മുഖാമുഖം നിന്നപ്പോള്‍ കണ്ട കാഴ്ചകളുടെ ഭീകരതയിലെക്ക് വായനക്കാരെ കൈപിടിച്ചു നടത്തിക്കൊണ്ടാണ് എഴുത്തുകാരി 'സീന്‍' എന്ന നോവലിന്റെ കഥയിലേക്ക് പ്രവേശിക്കുന്നത്

'തീനാമ്പുകള്‍ നക്കിയെടുത്തതുപോലെ കരിപിടിച്ച് ബാക്കിയായ കെട്ടിടാവശിഷ്ടങ്ങള്‍. വിജനമായ തെരുവുകള്‍. എന്തോ കൂട്ടിയിട്ട് കത്തിച്ചതുപോലെ കരിഞ്ഞുകിടക്കുന്ന മണ്‍കൂനകള്‍. വെടിയുണ്ടകള്‍ തുളയിട്ടു പോയ ചുമരുകള്‍.'' 

ഈ ചിത്രം പൂര്‍ണ്ണമാകണമെങ്കില്‍ ഏതാനും വര്‍ഷം പുറകിലേക്ക് സഞ്ചരിക്കണം. അപ്പോള്‍ പശ്ചാതലത്തില്‍, ചീറിപ്പായുന്ന പട്ടാളജീപ്പുകളുടെയും ബൂട്ട്‌സിട്ടോട്ടുന്ന കാലുകളുടെയും ഭീഷണമായ ശബ്ദം നിറയും. രാപ്പകലില്ലാതെ  അടുത്തുനിന്നും അകലെനിന്നുമുയരുന്ന  വെടിയൊച്ചകള്‍. ഇടവിട്ടിടവിട്ട് ചെവിയില്‍ മുഴങ്ങുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ ഇരുണ്ടുചുമക്കുന്ന ആകാശം. ആര്‍ത്തനാദങ്ങള്‍. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടുകള്‍ക്കുള്ളില്‍ ബാക്കിയായായവരില്‍ ചിലരുടെ മാനസികനില തെറ്റിയ ജല്‍പനങ്ങള്‍. അസുഖബാധിതരായ കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ ഒരാശുപത്രി പോലും ബാക്കി വെക്കാതെ ബോംബിട്ടു തകര്‍ത്തവര്‍ക്ക് നേരെ എറിയുന്ന ശാപവാക്കുകള്‍. ഇങ്ങിനെയുള്ള  ആ നരകലോക സിംഫണിയില്‍ നിന്നും മുന്നോട്ടു കഥാകാരി നടക്കുമ്പോഴെത്തുന്നത് ആ ശ്മശാനഭൂവില്‍ നിന്നും പെറുക്കിയെടുത്ത ബാക്കി ജീവിതത്തിന്റെ കഷ്ണങ്ങള്‍ തട്ടിക്കൂട്ടി ജീവിക്കുന്ന കുറേ മനുഷ്യരിലേക്കാണ്.
വെടിയുണ്ടയുടെ തുളവീണ ചുമരുകളുള്ള വീടുകളും കൊച്ചു കടകളും ചായപ്പീടികകളും കയറിയിറങ്ങുമ്പോള്‍ പരിചയപ്പെട്ട മനുഷ്യരേയും അവരുടെ അസ്വസ്ഥതയും ആശങ്കയും മുറ്റി നില്‍ക്കുന്ന വലിഞ്ഞുമുറുകിയ ശരീരഭാഷയ്ക്കു പുറകിലെ നോവുകളെയും, ഒപ്പം ഒടുങ്ങാത്ത അവരുടെ സ്വാതന്ത്രദാഹത്തെയും രേഖപ്പെടുത്തിയതാണ് 'സിന്‍' (Zin) എന്ന നോവല്‍. 

 

Reading Zin a novel by Haritha Savithri

 

അവിടെ പരിചയപ്പെട്ട ഓരോ മനുഷ്യരുടെയും പ്രിയപ്പെട്ടൊരാള്‍ ഇരുപതോ നാല്‍പ്പതോ വര്‍ഷങ്ങളുടെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് (അതൊരു ഒരു പ്രതിഷേധറാലിയില്‍ പങ്കെടുത്തന്ന പോലെ നിസ്സാര കുറ്റങ്ങള്‍ക്കായിരിക്കും) തടവിലുണ്ടാകാം. അതല്ലെങ്കില്‍ ഉറ്റവരിലൊരാളെ കാണാതായിരിക്കാം. അതുമല്ലെങ്കില്‍ ' ഏറ്റുമുട്ടലിലോ' അല്ലാതെയോ ഭരണകൂടം കൊന്നുകളഞ്ഞിരിക്കാം. ഇങ്ങിനെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മറുപേര് നല്‍കി അവരുടെ പൊള്ളുന്ന അനുഭവങ്ങള്‍ ഒരു നോവലായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം തുന്നിച്ചേര്‍ത്ത ഒരു പ്രണയകഥയായിട്ടാണ് കുര്‍ദ്ദിഷ്ഭാഷയായ കുറുമാഞ്ചിയില്‍, ജീനി എന്നര്‍ത്ഥം വരുന്ന 'സിന്‍' എന്ന നോവല്‍ എഴുതിയത് എന്ന് എഴുത്തുകാരി പറയുന്നുണ്ട്. 

കുര്‍ദ് സംസ്‌ക്കാരം തുടച്ചുനീക്കാനുള്ള നടപടികളിലൊന്ന് അവരുടെ ഭാഷയായ കുറുമാഞ്ചിയുടെ നിരോധനമായിരുന്നു. അതും സംസാരിക്കുന്നതും പഠിക്കുന്നതും പോലും കുറ്റകരമായിരുന്നു. ശ്വാസം പോലെ അവര്‍ കൊണ്ടുനടക്കുന്ന ഭാഷയുടെ ഓരങ്ങളില്‍നിന്നാണ്, ഹരിത ആ മനുഷ്യരുടെ തീപ്പൊളലേറ്റ ജീവിതകഥ പറയുന്നത്. അതാണ്, കുര്‍ദുകളെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി, ആകാംക്ഷയോടെയും വേദനനിറഞ്ഞ സസ്‌പെന്‍സോടെയും  കണ്ടിരിക്കാവുന്ന ഒരു ഫിക്ഷനായി രൂപം മാറിയത് പോലെയാണ് ഈ നോവലിന്റെ രൂപാന്തരപ്രാപ്തി. കുര്‍ദിസ്ഥാനില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ കഥാപാത്രങ്ങളുടെ ചൂടും ചൂരും നോവും പകര്‍ന്നെടുത്തു കൊണ്ടുള്ള വായനയില്‍ ഇന്നത്തെ ഇന്‍ഡ്യയില്‍ ജീവിക്കുന്ന നമ്മള്‍ കടുത്ത അന്ത:ക്ഷോഭമനുഭവിക്കുമെങ്കില്‍ അത് കര്‍ദ്ദുകളെക്കുറിച്ച് ഓര്‍ത്തുമാത്രമാവില്ല. സമാന സാഹചര്യങ്ങള്‍ ഉരുണ്ടുകൂടുന്ന നമ്മുടെ രാജ്യവും, ഇവിടെ നിരന്തരം അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഉള്‍ക്കിടിലവും ആധിയും വേവുമൊക്കെ മനസ്സില്‍ നിഴല്‍ വീഴ്ത്തുന്നത് കൊണ്ട് കൂടിയാണ്. 

അതുകൊണ്ട് തന്നെയാണു പുസ്തകമടച്ചുവെച്ചുകഴിഞ്ഞും വായനവഴികളില്‍ നമ്മുടെ ചെവിയില്‍ മുഴങ്ങിത്തുടങ്ങുന്ന അപായമണികള്‍ വിടാതെ പിന്തുടരുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിറവേറ്റേണ്ട കടമകളെപ്പറ്റിയും ഈ ലോകത്തോടുള്ള ഉത്തരവാദിത്വത്തെപറ്റിയും ബോധവതിയാക്കിയ ബാഴ്‌സിലോണ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എന്റിക്ക് മോന്‍ഫോര്‍ട്ടെയെ പുസ്തകത്തില്‍ ഹരിത ഓര്‍ക്കുന്നുണ്ട്. പാശ്ചാത്യലോകം  കണ്ടില്ലെന്നു നടിക്കുന്ന ഒരു വലിയ വംശീയദുരന്തത്തിനെപ്പറ്റിയെഴുതിയ ഈ നോവലായിരിക്കും ഹരിത എന്ന ശിഷ്യയ്ക്ക് അദ്ദേഹത്തിനു കൊടുക്കാവുന്ന ഏറ്റവും വിശിഷ്ടമായ ഗുരുദക്ഷിണ. 

അധികം വൈകാതെ 'സിന്‍' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു അദ്ദേഹത്തിന്റെ കൈകളിലേക്കെത്തുമെന്നാണ് കരുതുന്നത്. മറ്റനേകം വായനക്കാരെപ്പോലെ ഞാനും അതാഗ്രഹിക്കുന്നുണ്ട്. അതിന്റെ പിന്നാലെ കുര്‍ദുകളുടെ ജീവഭാഷയായ കുറുമാഞ്ചിയിലേക്ക് ഈ നോവല്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും അതിലെ കഥാപാത്രങ്ങളിലേക്കും അവരുടെ ബന്ധുക്കളിലേക്കും അതെത്തി ചേരണമെന്നുകൂടി ആഗ്രഹിച്ചുപോവുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ തന്നെ അപൂര്‍വ്വതയായി മാറിയേക്കാവുന്ന 'സിന്‍' സാധാരണ നോവലല്ല, നമ്മുടെ അലസനേരങ്ങളെ വിഴുങ്ങുന്ന ഒരു തീനാമ്പ് അത് അകമേ ഒളിപ്പിച്ചു വെക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios