കൊവിഡും പ്ലേഗും: രണ്ടു കാലങ്ങളിലെ മനുഷ്യരുടെ അതിജീവന യാത്രകള്‍
പുസ്തകപ്പുഴയില്‍ ഇന്ന് ആബര്‍ കാമ്യുവിന്റെ ദ് പ്ലേഗ് എന്ന നോവലിന്റെ കൊവിഡ് കാല വായന.ആന്റണി പുത്തന്‍പുരക്കല്‍ എഴുതുന്നു
നോവലില്‍ ഉടനീളം, ഒരു ദുരന്തമുഖത്തു സര്‍ക്കാരും മാധ്യമങ്ങളും സമൂഹവും ചെയ്യാവുന്ന തെറ്റുകള്‍ എന്താണെന്ന് കാമു മുന്‍കൂട്ടി പറയുകയാണെന്ന് നമുക്ക് തോന്നിപ്പോകും. ഇതുകൂടാതെ ലോകം ഇപ്പോള്‍ നേരിടുന്ന കൊറോണ-19 മഹാമാരിയെ എങ്ങനെ കാര്യക്ഷമമായി തരണം ചെയ്യാന്‍ കഴിയും എന്നതിനുളള ഒരു രൂപരേഖയും ഈ കൃതിയില്‍ കാണാം. ഇതിനുപുറമേ, ഇന്നു നാം നേരിടുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളും സന്ദേശങ്ങളും ഈ നോവലിലുണ്ട്.
മഹാമാരി എന്നതിന്റെ അര്‍ത്ഥമെന്താണ്? ഇത് ജീവിതമാണ്, അത്രമാത്രം.
ആല്‍ബര്‍ കാമ്യ, ദി പ്ലേഗ്
1947-ല്‍ ഫ്രഞ്ച് എഴുത്തുകാരനും തത്ത്വചിന്തകനുമായ ആല്‍ബര്‍ കാമു തന്റെ 'ദി പ്ലേഗ്' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളോടുളള ഏറ്റുമുട്ടലിനെയും മരണത്തോടുള്ള കീഴടങ്ങലിനെയും കുറിച്ച് പറയുന്നു ഇതിഹാസം.
പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് അള്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1849-ല്‍ കോളറ എന്ന മഹാമാരി പടര്‍ന്നുപിടിച്ചതും അവിടുത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കിയതിന്റെയും കഥയാണ് പ്ലേഗ്. അടിസ്ഥാനപരമായി അതൊരു ദാര്‍ശനിക നോവലാണ്. നിസ്സംഗവും അസംബന്ധവുമായ ലോകത്തെക്കുറിച്ചും, മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ജീവിതത്തിലുടനീളം കാമു വളരെയധികം ആശങ്കാകുലനായിരുന്നു. മനുഷ്യരുടെ വേദനകള്‍ പരിഹരിക്കുന്നതിനും തടയുന്നതിനുമുള്ള ശ്രമം പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിനോ, നാശത്തിനോ, വലിയതോതിലുള്ള വ്യത്യാസം വരുത്തുന്നില്ലെന്ന് നമുക്ക് തോന്നുമെങ്കിലും, ദുരന്തത്തെ നേരിടുന്ന സ്ഥിരോത്സാഹം മാന്യമായ ഒരു പോരാട്ടമാണെന്ന് കാമു വാദിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ സ്വാര്‍ത്ഥതാല്‍പര്യവും സാമൂഹിക ഉത്തരവാദിത്തവും തമ്മിലുള്ള പിരിമുറുക്കത്തെ പരീക്ഷിക്കുന്നു.
മനുഷ്യന്റെ നിലനില്‍പ്പില്‍ അവനില്‍ അന്തര്‍ലീനമായ യുക്തിക്കോ, ധാര്‍മ്മികതക്കോ അര്‍ത്ഥമില്ലെന്ന് കാമു കരുതുന്നു. അദ്ദേഹം പറയുന്നു, ''ഒരു ആശയത്തിനായി മരിക്കുന്ന ധാരാളം ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വീരത്വത്തില്‍ വിശ്വസിക്കുന്നില്ല; ഇത് എളുപ്പമാണെന്ന് എനിക്കറിയാം, ഇത് കൊലപാതകമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒരാള്‍ക്ക് ഇഷ്ടപ്പെടുന്നതിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതാണ് എനിക്ക് താല്‍പ്പര്യമുള്ളത്.''
അത്യന്തികമായി ഈ നോവല്‍ മനുഷ്യാസ്തിത്വത്തിന്റെ അഗാധതലങ്ങളിലേക്ക് നടത്തുന്ന ആഴത്തിലുള്ള ഒരന്വേഷണമാണ്. മഹത്തായ ചില ദാര്‍ശനിക ചോദ്യങ്ങള്‍ക്കു പര്യവേക്ഷണം ചെയ്യാന്‍ കാമു മഹാമാരി ബാധിച്ച ഓറാന്‍ പട്ടണത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ആത്മാന്വേഷണം എന്ന തിരഞ്ഞെടുപ്പ്
കാറ്റിനെതിരെ എറിയപ്പെടുന്ന ആത്മാന്വേഷണത്തിന്റെ ഒരു ചെറിയ കടലാസ് കുറിപ്പു മാത്രമാണ്, ജീവിതം. ഒരുവന്റെ ആത്മാന്വേഷണം അനുനിമിഷം നൂതനവും അദ്വിതീയവുമായിരിക്കും. കാല്‍പനികതയുടെ അതിര്‍വരമ്പുകള്‍ക്കുളളില്‍ നിര്‍വചിക്കപ്പെടുന്ന അസ്തിത്വത്തിന്റെ കുറിപ്പ് അവ്യക്തവും അപൂര്‍ണ്ണവുമാണ്. സത്യസന്ധവും, ശക്തവും മൂര്‍ച്ചയുള്ളതുമായ വാക്കുകള്‍ അതില്‍ ഉണ്ടാവില്ല. പരാജയത്തിന്റെയും കുറ്റബോധത്തിന്റെയും പരിഭ്രാന്തിയുടെയും ഭാരമേറിയ മാറാപ്പ് മനുഷ്യന്റെ ചുമലില്‍ നിലനില്‍ക്കുമ്പോള്‍ വര്‍ണരഹിതമായ അവബോധം അവനു ലഭിക്കുകയില്ല. കാരണം, സമഗ്രജീവിതത്തിന്റെ വാസ്തവികത പിറക്കുന്നത് വര്‍ത്തമാനകാലത്തിലാണ്. ഈ നിമിഷത്തെ അറിയാതെ ആര്‍ക്കും ആത്മാന്വേഷണം ആരംഭിക്കാന്‍ കഴിയില്ല. ആത്മാന്വേഷണം അവനവനറിഞ്ഞ് അവനവനിലേക്ക് എത്തിച്ചേരാന്‍ അവനവന്‍ കാട്ടുന്ന ധൈര്യമാണ്. പഴഞ്ചന്‍ പ്രാമാണികതകള്‍ തകര്‍ത്തുകളഞ്ഞ്, ആവര്‍ത്താധിഷ്ഠിത ചിന്താബിംബങ്ങളെ തകര്‍ക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ആത്മവിശ്വാസത്തോടെ സ്വയം നിര്‍വചിക്കാന്‍ കഴിയുന്ന ഒരേയൊരു കുറിമാനം എഴുതാന്‍ കഴിയൂ.
ആത്മാന്വേഷണം നിരന്തരമായ ഒരു തിരഞ്ഞെടുപ്പു കൂടിയാണ്. പക്ഷേ, ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് അധികമാരും ബോധവാന്മാരല്ല. മനുഷ്യന്‍ ശീലവിധയത്വമാര്‍ന്ന മനസ്സിന്റെയും അസംബന്ധ യാഥാസ്ഥിതികതയുടെയും നിരര്‍ത്ഥകമായ അന്ധവിശ്വാസങ്ങളുടെയും വിരസത തോന്നാത്ത അനുഷ്ഠാനങ്ങളുടെയും ഇരയാണ്. ഇടയ്ക്കിടെ ശിക്ഷ വിധിക്കാന്‍ യുദ്ധവും മഹാമാരികളും വന്നുപോകുന്നു. ഭൂമിയില്‍ യുദ്ധങ്ങളും ബാധകളും നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഓരോ ബാധകളും യുദ്ധങ്ങളും കഴിയുമ്പോള്‍ മനുഷ്യര്‍ വീണ്ടും താന്താങ്ങളുടെ അവബോധരഹിതമായ അസംബന്ധ ചിന്താവിഷയങ്ങളെ ആഞ്ഞു പുല്കി ഒന്നും സംഭവിക്കാത്ത രീതിയില്‍ താളാത്മകമായി ജീവിതവേദിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങും. ഈ നൃത്തത്തിന് ഒരു വിരാമം ഉണ്ടാകുന്നത് വീണ്ടും ഒരു ദുരന്തം വരുമ്പോഴാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്ലാത്ത അന്തിമമായ ഒരു വിധി ഉണ്ട്: മരണം. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നമുക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല.
ജനിമൃതിയെന്ന സ്വഭാവികവും ലളിതവുമായ പ്രതിഭാസത്തെ ഭൂത, ഭാവി ബിന്ദുക്കളിലേക്ക് മാത്രം ചലിക്കുന്ന ഉത്തോലകമായി സ്വയം മാറ്റി, നിരന്തരം വിഷമാവസ്ഥയില്‍ എക്കാലവും കഴിയുകയാണ് മനുഷ്യര്‍. മരണത്തിനും ക്ലേശങ്ങള്‍ക്കുമിടയിലെ ജീവിതം ഇതിവൃത്തം ഇല്ലാത്ത കലാപവും നിരര്‍ത്ഥകമെന്നു തോന്നുന്ന ഒരു പകര്‍ച്ചവ്യാധിയുമാണ്. മഹാമാരിക്കെതിരായി മനുഷ്യര്‍ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ ദുരന്തത്തിന്റെ പുരോഗതിയില്‍ വലിയ വ്യത്യാസം വരുത്തുന്നില്ലെന്ന് ആദ്യമെ നമുക്കു തോന്നാം. ഈ കലാപം മാന്യവും അര്‍ത്ഥവത്തായതുമായ ഒരു പോരാട്ടമാണെന്ന് കാമുവിന്റെ നോവല്‍ പ്രഖ്യാപിക്കുന്നു. ഈ വിധത്തില്‍, പ്രതീക്ഷയില്ലാത്ത സമയങ്ങളില്‍ ശുഭാപ്തിവിശ്വാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള കാമുവിന്റെ വിശ്വാസമാണ് 'ദി പ്ലേഗില്‍' നിറഞ്ഞിരിക്കുന്നത്. ജനനത്തിനും മരണത്തിനുമിടയില്‍ അര്‍ത്ഥമില്ലാത്തതായി തോന്നുന്ന ഇത്തരം തിരഞ്ഞെടുപ്പുകള്‍ മനുഷ്യര്‍ നടത്താറുണ്ട്. തങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും പോരാടാനുള്ള ഈ തിരഞ്ഞെടുപ്പ് ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.
ആല്‍ബര്‍ കാമു
കൊറോണയും പ്ലേഗും
നോവലില്‍ ഉടനീളം, ഒരു ദുരന്തമുഖത്തു സര്‍ക്കാരും മാധ്യമങ്ങളും സമൂഹവും ചെയ്യാവുന്ന തെറ്റുകള്‍ എന്താണെന്ന് കാമു മുന്‍കൂട്ടി പറയുകയാണെന്ന് നമുക്ക് തോന്നിപ്പോകും. ഇതുകൂടാതെ ലോകം ഇപ്പോള്‍ നേരിടുന്ന കൊറോണ-19 മഹാമാരിയെ എങ്ങനെ കാര്യക്ഷമമായി തരണം ചെയ്യാന്‍ കഴിയും എന്നതിനുളള ഒരു രൂപരേഖയും ഈ കൃതിയില്‍ കാണാം. ഇതിനുപുറമേ, ഇന്നു നാം നേരിടുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളും സന്ദേശങ്ങളും ഈ നോവലിലുണ്ട്.
ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് അതിനെ ചുറ്റിപ്പറ്റിയും എതിരായും ഒത്തുകൂടിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഇത്. കോവിഡ്-19 വ്യാപനത്തെ പല സര്‍ക്കാരുകളും നേരിട്ട രീതി 'ദി പ്ലേഗി' ല്‍ സംഭവിച്ചതു പോലെയാണ്. ഗുരുതരമായ ഒരു പകര്‍ച്ചവ്യാധി ഒറാന്‍ നഗരത്തെ നശിപ്പിക്കുകയാണെന്ന് അവസാനംവരെ നിഷേധിക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കിയശേഷം മാത്രമാണ് അന്ന് അധികാരികള്‍ കര്‍ശനമായ ശുചിത്വ നടപടികള്‍ നടപ്പിലാക്കിയത്. നഗരത്തെ മുഴുവന്‍ സംസര്‍ഗനിരോധന നിയമത്തിന് വിധേയമാക്കാന്‍ ഒറാനിലെ അധികൃതര്‍ വൈകിയാണ് തീരുമാനിച്ചത്. കൊറോണ വൈറസ് ക്രമാതീതമായി പടര്‍ന്ന പല രാജ്യങ്ങളിലും ഇതൊക്കെയാണ് സംഭവിച്ചത്. ഈ പകര്‍ച്ചവ്യാധി വെറും തട്ടിപ്പും സാങ്കല്‍പ്പികവും മാത്രമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഒറാനിലും അന്ന് ഉണ്ടായിരുന്നു. കൊറോണ വൈറസിനെ ആദ്യ ദിവസം മുതല്‍ തന്നെ പല ഭരണകൂടങ്ങളും ഗൗരവമായി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നു.
നിയമവിരുദ്ധതയുടെ പാഠങ്ങള്‍
നഗരവ്യാപകമായി സംസര്‍ഗനിഷേധനിയമവും സാമൂഹ്യ അകലവും പ്രഖ്യാപിച്ച ശേഷം, ഓറനിലെ പൊതുജനങ്ങള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്താവാന്‍ തീവ്രമായ ആഗ്രഹത്തോടെ ്രശമങ്ങള്‍ നടത്തുന്നു. നോവലിലെ ഒരു കഥാപാത്രമായ റെയ്മണ്ട് റാംബര്‍ട്ട് പാരീസിലെ തന്റെ ഭാര്യയുടെ അടുത്തെത്താന്‍ ഓറാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ നഗരത്തിലെ ഉദ്യോഗസ്ഥര്‍ അയാളെ വിടാന്‍ വിസമ്മതിക്കുന്നു. കുറ്റവാളികളായ കൂട്ടാളികളുടെ സഹായത്തോടെ നിയമവിരുദ്ധമായി രക്ഷപ്പെടാനാണ് അദ്ദേഹം വീണ്ടും ശ്രമിച്ചത്. പലരും കുടുംബങ്ങളില്‍ നിന്ന് അകന്ന് വീടുകളില്‍ ഒതുങ്ങിനിന്നപ്പോഴും ഇതേ അവസ്ഥയുണ്ടായി. ഇതുപോലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സ്വയം അലഞ്ഞുതിരിയേണ്ടിവന്നു. രാജ്യവ്യാപകമായ പൂട്ടിയിടല്‍ ജനങ്ങളില്‍ പലരേയും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു.
നോവലിലെ രണ്ട് സംഭവങ്ങള്‍ നമുക്ക് രണ്ട് സന്ദേശങ്ങള്‍ നല്‍കുന്നു. ആദ്യത്തേത് നമ്മുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും എല്ലായ്‌പ്പോഴും വിലമതിക്കുകയും അവരോടൊപ്പം ഒന്നിച്ചു നില്ക്കുകയും ചെയ്യുക എന്നതാണ്. കാരണം യുദ്ധമോ, മഹാമാരിയോ പോലുള്ള ദുരന്തങ്ങള്‍ എപ്പോള്‍ ഉണ്ടാകുമെന്നും നമ്മുടെ പ്രിയപ്പെട്ടവരെ നമ്മില്‍ നിന്ന് എന്ന് തട്ടിയെടുക്കുമെന്നും ആര്‍ക്കും അറിയില്ല. രണ്ടാമത്തേത്, തൊഴിലാളിവര്‍ഗത്തെയും അവരുടെ ആവശ്യങ്ങളെയും വിലമതിക്കാന്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന സന്ദേശമാണ്. ദീര്‍ഘവീക്ഷണവും രാജ്യനന്മയും ജനക്ഷമകരമായ പദ്ധതികളും കാര്യക്ഷമമായി ആസൂത്രണം ചെയ്തില്ലെങ്കില്‍, ഈ നോവലിലെ കഥാപാത്രമായ റാംബെര്‍ട്ടിനെപ്പോലെ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ പൗരന്മാര്‍ക്ക് അവലംബിക്കേണ്ടിവരും.
സംസര്‍ഗനിഷേധകാലാവധി മാസങ്ങള്‍ നീണ്ടുനിന്നതിനുശേഷം, ഒറാനിലെ പല പൗരന്മാര്‍ക്കും വ്യക്തിപരമായ കഷ്ടപ്പാടുകളോടുള്ള സ്വാര്‍ത്ഥമായ അഭിനിവേശം നഷ്ടപ്പെടുന്നു. എല്ലാവരുടെയും ആശങ്ക ഒരു ദുരന്തത്തെ എങ്ങനെ കൂട്ടായി നേരിടണമെന്നായി. അവര്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തെ അഭിമുഖീകരിക്കുകയും മഹാമാരിവിരുദ്ധ ശ്രമങ്ങളില്‍ ചേരുകയും ചെയ്യുന്നു. കൊറോണ വൈറസ് സമയത്ത് സമാനമായ രീതിയില്‍ ഇതു സംഭവിച്ചു. ഡോക്ടര്‍മാര്‍, സംരംഭകര്‍, സാമൂഹ്യ സേവകര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ കൈകോര്‍ത്തു. ഏതുതരം ഗുരുതരമായ സാഹചര്യങ്ങളെയും നേരിടാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം സഹായിക്കുന്നുവെന്ന് ഇത് തെളിയിച്ചു.
അതിജീവന പോരാട്ടങ്ങള്‍
ഈ നോവലിലും മറ്റു കൃതികളിലെപ്പോലെ കാമു മനുഷ്യന്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്ന അതിജീവനത്തിനായുളള ഏറ്റുമുട്ടലിനെ സൂചിപ്പിക്കുന്നു. മനുഷ്യരില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന സ്വാര്‍ത്ഥത, കലഹം, അസൂയ, അത്യാര്‍ത്തി, മാത്സര്യം, നിയമലംഘനം എന്നിവയെല്ലാം 'ദി പ്ലേഗി'ലും നിഴലിക്കുന്നു. ദുരന്തമുഖത്തു നില്ക്കുമ്പോഴാണ് മനുഷ്യന്‍ സഹവാസത്തിന്റയും സാഹോദര്യത്തിന്റെയും ഉപാധി ആദ്യം ഉപയോഗിക്കാന്‍ പഠിക്കുന്നത്. മരണത്തോടുള്ള മനുഷ്യരാശിയുടെ എല്ലാ പ്രതികരണങ്ങളും ഇതില്‍ പ്രതിനിധീകരിക്കുന്നു. മനുഷ്യന്റെ കഷ്ടപ്പാടുകളുടെ അനിവാര്യതയുടെ പ്രതീകമാണ് 'ദി പ്ലേഗ്' എന്നു കരുതാം. പ്രതിസന്ധി, രോഗം, പീഡനം, മരണം -ഏത് നിമിഷവും ഏത് സമയത്തും അവ വരാം.
'പ്ലേഗി'ലെ കഥാപാത്രങ്ങള്‍ എക്കാലത്തേയും മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നവരാണ്. മനുഷ്യര്‍ക്ക് കഷ്ടപ്പാടുകളോട് പ്രതികരിക്കാന്‍ കഴിയുന്ന വഴികളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. മതപരമായ കാഴ്ചപ്പാട്, സ്വന്തം കടമയിലുളള ഉറച്ചുനില്‍പ്, കടമകള്‍ക്ക് കീഴടങ്ങല്‍, പ്രത്യാശ, സഹവര്‍തിത്വം, ആര്‍ദ്രത, മറ്റുള്ളവരോടുളള ആദരം, ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍, നമ്മുടെ സ്വന്തം നേട്ടത്തിനായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പലതും ഇവരിലുണ്ട്. വിനാശകരമായ ശക്തിയുടെ മുന്‍പില്‍ ഇവയെല്ലാം നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന വഴികളാണ്. നമ്മുടെ സ്വന്തം അര്‍ത്ഥം, ധാര്‍മ്മികത, തത്ത്വചിന്ത, ലോകവീക്ഷണം എന്നിവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതും ജീവിത യാഥാര്‍ത്ഥ്യത്തെ ആ തത്ത്വചിന്ത ഉപയോഗിച്ച് എങ്ങനെ നേരിടാം എന്നും ഇവിടെ കാണുന്നു.
പുരോഹിതനായ പാനലോക്‌സിലും ടാരൂവിലും നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ഒരാള്‍ വിവേകശൂന്യതയ്ക്ക് നിര്‍ബന്ധിത അര്‍ത്ഥം അടിച്ചേല്‍പ്പിക്കാന്‍ ബാഹ്യവിശ്വാസ സമ്പ്രദായം ഉപയോഗിക്കുന്നു. മറ്റൊരാള്‍ സ്വന്തം ധാര്‍മ്മികതയും ആത്മീയതയും ചേര്‍ത്ത് ജീവിതത്തിന്റെ അസംബന്ധ ഘടകങ്ങളെ പുകഴ്ത്തുന്നു. പ്രകൃതിയുടെ ക്രൂരത ഒരു കൊച്ചുകുട്ടിയുടെ മരണവേദനയില്‍ കൂടി നന്നായി വിവരിക്കുന്നു. അതാണ് കഷ്ടതയുടെ ക്രൂരവും നിസ്സംഗവുമായ സ്വഭാവം, അസംബന്ധം. ഇത് ക്രമരഹിതമായി വിതരണം ചെയ്യപ്പെടുന്നത് മഹാമാരിയുടെ കാലത്താണ്. നിരപരാധികള്‍ എത്ര നീചമായ കഷ്ടപ്പാടുകളും സഹിക്കുന്നു. അത് മനുഷ്യന്റെ യുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ്. ഇവിടെ വിശ്വാസിയും അവിശ്വാസിയും ഒരേ വിധിക്ക് കീഴടങ്ങണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്ര നിരര്‍ഥകമാണെന്ന് തോന്നിയാലും ക്രൂരമായ സാഹചര്യങ്ങള്‍ക്കെതിരെ പോരാടാനാണ് കാമുവിന്റെ ആഹ്വാനം. നീതിക്കു വേണ്ടിയും മനുഷ്യത്വത്തിനൊപ്പവും നിലകൊള്ളുക. ഇവിടെ നമ്മുടെ ഉള്ളില്‍ വിഭജനം പാടില്ല.
നോവലിന്റെ ഗതിയില്‍, പുരോഹിതനായ പാനലോക്‌സ് കര്‍ശനമായ ഒരു പ്രസംഗം നടത്തുന്നു, പ്ലേഗ് ഓറാന്റെ പാപങ്ങള്‍ക്കുള്ള ദൈവത്തിന്റെ ശിക്ഷയാണെന്ന് പ്രഖ്യാപിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, സ്വയം പ്രഖ്യാപിത വിദഗ്ധരും മതസംഘടനകളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. രോഗത്തിന്റെ ശാസ്ത്രീയ കോണിനെ അവര്‍ നിഷേധിക്കുകയും കൊറോണ വൈറസിന് അശാസ്ത്രീയവും യുക്തിരഹിതവുമായ വിശദീകരണം നല്‍കുകയും ചെയ്തു. ഇതു വിശ്വസിച്ചവര്‍ രോഗത്തെ ഗൗരവമായി കാണാതെ ജീവന്‍ നഷ്ടപ്പെടുത്തി. വിശ്വാസവും അന്ധമായ വിശ്വാസവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പഠിക്കുന്നതിനുള്ള ഒരു യഥാര്‍ത്ഥ ഉദാഹരണമാണിത്. ആരെങ്കിലും എത്രമാത്രം ബോധ്യപ്പെടുത്തിയാലും 'എന്തുകൊണ്ട്' എന്ന് ചോദിക്കാന്‍ ഒരിക്കലും മറക്കരുത്. വിശദീകരണത്തില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍, അതിന് യുക്തിസഹജവും ശാസ്ത്രീയവുമായ അടിസ്ഥാനം ഉണ്ടെങ്കില്‍ മാത്രം പ്രതികരണം സ്വീകരിക്കുക.'
സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍
കാമുവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുളള വിചിന്തനം ഈ കഥയിലെ കേന്ദ്രതലമാണ്. ഒറാനിലെ പൗരന്മാര്‍ പ്ലേഗിന്റെ തടവുകാരായിത്തീരുന്നു, അവരുടെ നഗരം മൊത്തം നിയന്ത്രണമേഖലയാകുന്നു. പരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ സമയം ഇവര്‍ പരാതിപ്പെടുന്നു. പക്ഷേ, അവര്‍ മഹാമാരിക്ക് മുമ്പ് ശരിക്കും സ്വതന്ത്രരായിരുന്നോ?. എന്താണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം? കാലം കല്പ്പിച്ചു നല്‍കിയ കാല്‍പനികതകള്‍ നമ്മുടെ മസ്തിഷ്‌കം മനസ്സ്, പരിസ്ഥിതി എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ഉളവാക്കുന്ന പ്രതികരണ വ്യവസ്ഥയാണോ സ്വാതന്ത്ര്യം? പാരമ്പര്യങ്ങളുടെ അന്ധമായ അനുകരണമോ, സാംസ്‌കാരിക അനുധാവനമോ, മതാധിപത്യങ്ങള്‍ വിശദീകരിച്ച മൂല്യമോ, പരിവര്‍ത്തനോന്‍മുഖമായ അസ്തിത്വത്തിന്റെ ഏകീഭാവമോ, ശാസ്ത്രം പകര്‍ന്നുനല്‍കിയ വിശേഷവിജ്ഞാനമോ ഏതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം? രാജ്യം മുഴുവനും പകര്‍ച്ചവ്യാധിയില്‍ കഷ്ടപ്പെടുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് ആവലാതി പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണോ? സുഹൃത്തുക്കളില്‍ കുടുംബങ്ങളില്‍ നിന്നുമുള്ള താല്ക്കാലികമായി വേര്‍പിരിയുമ്പോഴാണ് നാം ഏറ്റവും കൂടുതല്‍ സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത്.
അസ്തിത്വവാദത്തിന്റെയും മാനവികതയുടെയും സംയോജനമാണ് കാമുവിന്റെ തത്ത്വചിന്ത. നിരീശ്വരവാദിയായ കാമു മരണത്തിനും കഷ്ടപ്പാടുകള്‍ക്കും മനുഷ്യന്റെ നിലനില്‍പ്പിനും അന്തര്‍ലീനമായ ധാര്‍മ്മികമോ യുക്തിപരമോ ആയ അര്‍ത്ഥമുണ്ടെന്ന് വിശ്വസിച്ചില്ല. താന്‍ ദൈവത്തിലോ മരണാനന്തര ജീവിതത്തിലോ വിശ്വസിക്കാത്തതിനാല്‍, മനുഷ്യര്‍, മനുഷ്യരെന്ന നിലയില്‍, വിവരണാതീതവും യുക്തിരഹിതവും പൂര്‍ണ്ണമായും അസംബന്ധവുമായ വധശിക്ഷയ്ക്ക് വിധേയരാണെന്ന് കാമു അഭിപ്രായപ്പെട്ടു. എന്നാലും, ആളുകള്‍ക്ക് അവരുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കാന്‍ കഴിവുണ്ടെന്ന് കാമു കരുതി. കാമുവിന്റെ തത്ത്വചിന്തയുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും അര്‍ത്ഥവത്തായ പ്രവര്‍ത്തനം മരണത്തോടും കഷ്ടപ്പാടുകളോടും പോരാടാന്‍ തയ്യാറെടുക്കുക എന്നതാണ്.
ശുഭാപ്തി വിശ്വാസം എന്ന താങ്ങ്
പ്രതീക്ഷയില്ലാത്ത സമയങ്ങളില്‍ ശുഭാപ്തിവിശ്വാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള കാമുവിന്റെ വിശ്വാസമാണ് 'പ്ലേഗി'ല്‍ നിറഞ്ഞിരിക്കുന്നത്. മഹമാരിക്കെതിരെ പോരാടാനും മരണത്തിനെതിരെ മത്സരിക്കാനും തിരഞ്ഞെടുക്കുന്ന എല്ലാവര്‍ക്കും അറിയാം, അവരുടെ ശ്രമങ്ങള്‍ പകര്‍ച്ചവ്യാധി ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും, എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ മഹമാരി ബാധിക്കാമെന്നും. ജീവിതത്തിനും മരണത്തിനുമിടയില്‍ അര്‍ത്ഥമില്ലാത്തതായി തോന്നുന്ന ഇത്തരം ഒരു തിരഞ്ഞെടുപ്പിന് മുന്നില്‍, അവര്‍ തങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും പോരാടാനും ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുവെന്നത് കൂടുതല്‍ അര്‍ത്ഥവത്താകുന്നു. കൊറോണ വൈറസിന് പ്രിയങ്കരങ്ങളൊന്നുമില്ല, ഇത് പിടിക്കാതിരിക്കാന്‍ എല്ലാവരും അണിനിരക്കുന്നു. ചിലര്‍ മരിക്കും, മറ്റുചിലര്‍ ഇതിനെ അതിജീവിക്കും.
ജീവശാസ്ത്രപരമായി എല്ലാ ജീവജാലങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് മരണം അല്ലെങ്കില്‍ നാശം. സചേതനതയില്‍ നിന്നും അചേതനതയിലേക്കുളള സ്ഥിരമായ അവസ്ഥാന്തരണത്തെയാണ് നാം മരണമെന്ന് വിളിക്കുന്നത്. ഈ രൂപാന്തരീകരണം സമസ്ത ജീവജാലങ്ങള്‍ക്കും ബാധകമാണ്. അനിഷേധ്യവും അതേസമയം അപ്രതീക്ഷിതവുമായി കടന്നുവരുന്ന മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉപാധികളോടെ മാത്രം സ്വീകരിക്കുവാനാണ് മനുഷ്യര്‍ ഇഷ്ടപ്പെടുന്നത്. മരണമെന്ന ശാശ്വതമായ മാറ്റത്തെ അംഗീകാരിക്കാന്‍ തയ്യാറാകാത്തവര്‍ മരണശേഷവും ജീവിതത്തിന് ഒരു സനാതന പരിവേഷം കല്പിച്ചു നല്കാന്‍ പാടുപെടുന്നു.
മരണത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍
മരണം; അത് എല്ലായ്‌പ്പോഴും എവിടെയും ഉണ്ട്. മനുഷ്യന്റെ എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണമാണ്. ആയിരക്കണക്കിന് വ്യത്യസ്ത രീതികളില്‍ ഏത് സമയത്തും സംഭവിക്കാനിടയുള്ള ഭയങ്കരമായ വിധിയാണെന്ന് അതിനെ ഭയപ്പെടുന്നവര്‍ക്ക് അറിയാം. കൂട്ടക്കൊലയ്ക്ക് വിധേയരായ ജൂതന്മാര്‍ക്ക് ഇത് അറിയാം, റുവാണ്ടയിലെ ന്യൂനപക്ഷ ഗോത്രമായ ടുട്‌സികള്‍ക്ക് ഇത് അറിയാം, സ്റ്റാലിന്‍ ഭരണകൂടത്തിന്റെ ക്രൂരതയാല്‍ കൊല്ലപ്പെട്ടവര്‍ക്ക് ഇത് അറിയാം, പോല്‍ പോടിന്റെ കംപോഡിയയില്‍ നരഹത്യക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് ഇത് അറിയാം, ഹെയ്തിയിലെ ജനങ്ങള്‍ക്ക് ഇത് അറിയാം, വാഹനാപകടത്തില്‍ തന്റെ ഏകമകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് ഇത് അറിയാം... മിക്ക വ്യക്തികളും സംഘടനകളും മരണത്തിന്റെ വസ്തുതയോട് പോരാടുകയും തങ്ങളോട് തന്നെ കള്ളം പറയുകയും അതിന്റെ യാഥാര്‍ത്ഥ്യം ഒഴിവാക്കാന്‍ സമര്‍ത്ഥമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മരണത്തെ അതിന്റെ തണുത്ത, വിവേചനരഹിതമായ കണ്ണുകളിലൂടെ നോക്കുന്നത് ഒരുപക്ഷേ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രയാസകരമായ കാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്റെ ഫലം - സമയമടുക്കുമ്പോള്‍ - നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചയാണ്. അതിന്റെ ഫലം കുറച്ച് പേര്‍ക്ക് അറിയാവുന്ന ഒരു ആന്തരിക ശക്തിയാണ്. പക്ഷേ, മരണത്തിന്റെ കണ്ണിലേക്ക് ആത്മാര്‍ത്ഥമായി നോക്കിക്കാണുന്നവര്‍ക്ക് - അതിന്റെ യാഥാര്‍ത്ഥ്യത്തെ അവബോധത്തിനുള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് - അതൊരു ജ്ഞാനവും ആഴത്തിലുള്ള പ്രബുദ്ധതയുമാണ്.
ഈ നോവല്‍ ഒരേ സമയം നാം ജീവിതത്തെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ചും മരണത്തെക്കുറിച്ചും വിചിന്തനം നടത്തുന്നു. നമ്മള്‍ ഒറാനിലെ ജനങ്ങളെപ്പോലെ ജീവിക്കുന്നുന്നവരാണോ? ഓരോ ദിവസവും യഥാര്‍ഥത്തില്‍ ചിന്തിക്കാതെ, അവബോധം ഇല്ലാത്തവരായി തള്ളിനീക്കുന്നവരല്ലേ? കാര്യങ്ങളെ നിസ്സാരമായി എടുത്ത്, അറിവില്ലാത്തതും എന്നാല്‍ തുറന്നുകാണിക്കുന്നതുമായ വിഡ്ഢിത്തത്തിലൂടെ, ചലനങ്ങളിലൂടെ, നിര്‍വികാരതയിലൂടെ, അയല്‍ക്കാരനോട് അകലവം പുലര്‍ത്തി, കടന്നുപോകുന്നവരാണോ? അതോ നാം മരണത്തെ - വിപുലീകരണത്തിലൂടെ, കണ്ണില്‍ നോക്കാതെ, ഒന്നും കണക്കിലെടുക്കാതെ, നമ്മുടെ സങ്കീര്‍ണ്ണതകളെയും സമ്മാനങ്ങളെയും ശ്രദ്ധിക്കുകയും വിലമതിക്കുകയും, സത്യത്തിനായി പരിശ്രമിക്കുകയും, നല്ല മനുഷ്യരാകാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണോ? ദിനരാത്രങ്ങള്‍ എത്ര വേദനാജനകവും പ്രയാസകരവുമാണെങ്കിലും നാം യാഥാര്‍ത്ഥ്യത്തെ ധൈര്യത്തോടെ നേരിടുന്നുണ്ടോ? മരണത്തേക്കാള്‍ മോശമായ ജീവിതങ്ങളുണ്ട്. അര്‍ദ്ധമനസ്സോടെ, സത്യമില്ലാതെ, കാരുണ്യമില്ലാതെ, അഭിനിവേശമില്ലാതെ, അന്യനോട് ആദരമില്ലാതെ, ബോധ്യമില്ലാതെ, ത്യാഗമില്ലാതെ, സ്‌നേഹമില്ലാതെ നയിക്കുന്ന ജീവിതങ്ങള്‍.
ദുരന്തകാലത്തെ ജീവിതം
ഒരു പകര്‍ച്ചവ്യാധി സമയത്ത് ജീവിതം എങ്ങനെയുള്ളതാണ്? ഉത്തരം, നേരിടാന്‍ സമയവും സ്ഥലവും നല്‍കിയിട്ടുള്ള എല്ലാ കാര്യങ്ങളും മനുഷ്യര്‍ ഒടുവില്‍ ഒരു ശീലമാക്കി മാറ്റുന്നു എന്നതാണ്. ഒരു പകര്‍ച്ചവ്യാധി എല്ലാവരുടേയും ഏറ്റവും കഠിനവും അനിവാര്യവുമായ സത്യത്തെ സാധാരണമാക്കുന്നു: മരണം. മഹാമാരി തീര്‍ച്ചയായും ജീവിതമാണ്. എന്താണ് യുദ്ധം? മറ്റൊരു പകര്‍ച്ചവ്യാധി.
എത്രയോ കഥാപാത്രങ്ങള്‍, അത്രയധികം മനോഭാവങ്ങളും പെരുമാറ്റങ്ങളും ഈ നോവലില്‍ നാം കാണുന്നു. കുലീനത, നിസ്വാര്‍ത്ഥമായ സഹായം, ദൈനംദിന വീരത്വം മുതല്‍ അര്‍ത്ഥവും നിസ്സംഗതയും വരെ. മനുഷ്യന്റെ പെരുമാറ്റത്തെ നിര്‍ണായക നിമിഷത്തില്‍ നോവല്‍ പര്യവേക്ഷണം ചെയ്യുന്നു. ലളിതമായ മനുഷ്യ ഐക്യത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും പറയുന്നു.
'പ്ലേഗ്' ഒരു നോവലാണ്, അസ്തിത്വവാദികളുടെ ചോദ്യങ്ങളും പ്രശ്‌നങ്ങളും ശല്യപ്പെടുത്തുന്ന എല്ലാ സംശയങ്ങളുമുളള നോവല്‍. ഒരു മനുഷ്യനില്‍ അന്തര്‍ലീനമായുള്ളത് തിന്മയാണോ എന്നത് ചോദിക്കുന്നു. തിന്മ ചെയ്യാനുള്ള അവസരങ്ങളുടെ അഭാവം മാത്രമാണോ ഒരുവനെ നല്ല മനുഷ്യനാക്കുന്നത് എന്നും. തിന്മയുമായി പോരാടുന്നതിന് അവന്‍ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്നുണ്ടോ? അവന്റെ ജീവിതത്തിന് ആഴമേറിയ അര്‍ത്ഥമുണ്ടോ? ഒരു മനുഷ്യന്‍ എന്നതിന്റെ അര്‍ത്ഥമെന്താണ്?