'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്ല, രാജ്യവുമില്ല'
പുസ്തകപ്പുഴയില്‍ ഇന്ന് ഷീല ടോമി എഴുതിയ 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിന്റെ വായന. ചിത്ര ശിവന്‍ എഴുതുന്നു
ഷീല ടോമിയുടെ രണ്ടാമത്തെ നോവലായ 'ആ നദിയോട് പേര് ചോദിക്കരുത്' ആത്യന്തികമായി പലായനങ്ങളുടെ പുസ്തകമാണ്. പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയും, ജനിച്ച മണ്ണില്‍ തന്നെ അഭയാര്‍ഥികളാകേണ്ടി വരുന്ന മറ്റൊരു ജനതയും. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ.
ഞാന്‍ സഹല്‍ അല്‍ ഫാദി. ഭീതിയേതുമില്ലാതെ അത്തിപ്പഴം പെറുക്കാന്‍ ഓടിയിരുന്ന പഴയ പ്രഭാതങ്ങള്‍ ഒരിക്കല്‍ മടങ്ങിവരുമെന്ന് സ്വപ്നം കാണുന്നവന്‍. പട്ടാളക്കാരാല്‍ ചോദ്യം ചെയ്യപ്പെടാതെ, ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി, ഭൂമിയുടെ അറ്റത്തോളം സഞ്ചരിക്കാന്‍ കഴിയുന്ന ഒരു നല്ല കാലം വരുമെന്ന് സ്വപ്നം കാണുന്നവന്‍.
ഞാന്‍ പുസ്തകങ്ങളെ സ്‌നേഹിച്ചു. കഥകള്‍ എന്നെ ഉല്ലാസവാനാക്കി. എന്തെന്നാല്‍ ഞാന്‍ വായിച്ച കഥകളിലെ കുട്ടികള്‍ ഞങ്ങളെപ്പോലെയേ ആയിരുന്നില്ല. അവരൊന്നും ഒരിക്കലും ഒരു കഷണം ബ്രെഡിനായി നീണ്ട മണിക്കൂറുകള്‍ വരിയില്‍ നിന്നിട്ടില്ല. അവരൊന്നും ദാഹമടക്കാന്‍ വിസര്‍ജ്യങ്ങള്‍ തള്ളിയ അരുവിയിലെ കലക്കവെള്ളം കുടിച്ചിട്ടില്ല. അവരൊന്നും ദുര്‍ഗന്ധം വമിക്കുന്ന കുടുസ്സു മുറികളില്‍ തണുത്തു മരച്ചു കിടന്നിട്ടില്ല. അവരൊന്നും കൂടാരങ്ങള്‍ കണ്ടിട്ടുപോലുമില്ല. അവരൊന്നും തീപിടിച്ച പട്ടണത്തിലൂടെ ജീവനും കൊണ്ട് പാഞ്ഞിട്ടില്ല. അവരൊന്നും കത്തിയമര്‍ന്ന വീടിനുള്ളില്‍ പൊള്ളിക്കിടന്ന ബാബയെ, മാമയെ കണ്ടു നിന്നിട്ടില്ല. അവരൊന്നും പുകയില്‍ മുറിഞ്ഞു പോയ താരാട്ടു കേട്ടിട്ടില്ല.
ഒരിക്കലും. അവരൊന്നും അറിയില്ല മുറിവേറ്റ കുഞ്ഞു മനുഷ്യരെ, ഭൂമിയോളം ഭാരമുള്ള മനസ്സുകളെ.
ഷീല മുമ്പെഴുതിയ 'വല്ലി'യിലെ ഉണ്ണിയച്ചിയോടു കഥകള്‍ പറഞ്ഞും കേട്ടും മതിയാവാതെ, കാടിന്റെ പച്ചപ്പില്‍ വയനാടിന്‍ കുളിരേറ്റ് കബനിതീരത്തു നില്‍ക്കുകകയായിരുന്ന എന്നിലേക്ക് ആ നദി ഒഴുകിയൊഴുകിയെത്തിയപ്പോള്‍ കബനിയുടെ തണുപ്പാണ് പ്രതീക്ഷിച്ചത്. പക്ഷെ ആ നദിയിലൂടെ ഒഴുകിയതത്രയും ചുടു ചോരയായിരുന്നു. ജനിച്ച മണ്ണിനു വേണ്ടി പോരടിച്ചവരുടെ ചോര.'
......................................
Read More : ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത ഗാസയിലെ പുസ്തകശാല ക്രൗഡ് ഫണ്ടിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
'എന്തിനെപ്പറ്റിയായിരുന്നു കവിത?'- അയാള്‍ ചോദിച്ചു.
'വീടു വിട്ടു പോകുന്ന മനുഷ്യരെകുറിച്ച്'.
'You are Indian. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് മടങ്ങാം. സ്വന്തം മണ്ണില്‍, ആരും പിടിച്ചിറക്കാത്ത കൂരക്കു കീഴില്‍, മക്കളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം. ഒരിക്കലും കടക്കാനാവാത്ത പാലങ്ങള്‍ നിങ്ങള്‍ക്കിടയിലില്ല. പിന്നെന്തിനു വീടു വിട്ടു പോകുന്നവരെ കുറിച്ച് പാടണം? ദേശമില്ലാത്തവന്റെ വേദന അറിയുമോ നിങ്ങള്‍ക്ക്?'
'നോക്കൂ, നാടില്ലാത്തവരുടെ കൂടാരങ്ങളില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ പാര്‍ത്തിട്ടുണ്ടോ?
ടെന്റുകളില്‍ നിന്ന് ടെന്റുകളിലേക്കുള്ള അലച്ചിലറിഞ്ഞിട്ടുണ്ടോ ?
എന്നെങ്കിലും നിങ്ങള്‍ ജീവനോടെ വിഴുങ്ങാന്‍ പതിയിരിക്കുന്ന രാവിനെ പേടിച്ചിട്ടുണ്ടോ ?
ചൂടടുപ്പില്‍ പൊരിക്കുന്ന പകലുകളെ വെറുത്തിട്ടുണ്ടോ?
അതൊന്നുമില്ലെങ്കില്‍ എങ്ങനെയറിയും, എങ്ങനെ മനസ്സിലാക്കും, നിങ്ങള്‍ ഞങ്ങളെ?
പലായനങ്ങളുടെ പുസ്തകം
ഷീല ടോമിയുടെ രണ്ടാമത്തെ നോവലായ 'ആ നദിയോട് പേര് ചോദിക്കരുത്' ആത്യന്തികമായി പലായനങ്ങളുടെ പുസ്തകമാണ്. പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയും, ജനിച്ച മണ്ണില്‍ തന്നെ അഭയാര്‍ഥികളാകേണ്ടി വരുന്ന മറ്റൊരു ജനതയും. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ.
അവിടേക്ക് റൂത്ത് എന്ന മെത്തപ്പേലെത്ത് (care giver) വിധിയുടെ കളിയോടമായി ആ നദിയിലേക്ക് ഒഴുകിയെത്തുന്നു.
വയനാടന്‍ ഗ്രാമമായ പടമലയില്‍ ജനിച്ച്, മാതാപിതാക്കള്‍ നഷ്ടമായി കന്യാസ്ത്രീകളുടെ സംരക്ഷണത്തില്‍ വളര്‍ന്ന റൂത്ത്, നഴ്‌സിങ്പഠനം പൂര്‍ത്തിയാക്കി റിയാദിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. വലിയ ഒരു ചതിക്കുഴിയിലായിരുന്നു മറ്റ് നാല് മലയാളി നഴ്‌സുമാര്‍ക്കൊപ്പം അവളും ചെന്നുപെട്ടത്. അവിടെ നിന്നു രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ റൂത്തിനെ ആല്‍ബര്‍ട്ട് വിവാഹം കഴിക്കുന്നു. ഒരു വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്ന് കിടപ്പിലായ ആല്‍ബര്‍ട്ടിനെയും മക്കളായ തെരേസയേയും കാതറിനേയും പോറ്റാന്‍ റൂത്തിനു വീണ്ടും നാട് വിടേണ്ടി വരുന്നു. അങ്ങനെ ദുബായില്‍ എത്തിയ റൂത്തിനെ കാത്തിരുന്നത് വലിയ ദുരന്തങ്ങള്‍ ആയിരുന്നു. എങ്കിലും ദൈവാനുഗ്രഹത്താലും കുറച്ചാളുകളുടെ കാരുണ്യം കൊണ്ടും അവള്‍ രക്ഷപ്പെടുന്നുണ്ട്.
ദുബായില്‍ തന്റെ ജീവിതം അപകടത്തിലാണ് എന്നു മനസ്സിലായ റൂത്ത് നീനയുടെ സഹായത്തോടെ, വിശുദ്ധനാടുകളിലേക്ക് തീര്‍ത്ഥയാത്ര പോകുന്ന മലയാളികളുടെ ഒരു സംഘത്തോടൊപ്പം ചേര്‍ന്ന്, ഇസ്രയേലില്‍എത്തുന്നു. നസറെത്ത് എന്ന ഗ്രാമത്തിലായിരുന്നു അവള്‍ക്കു ജോലി നല്‍കിയ ദവീദ് മെനഹെമിന്റെ കുടുംബം താമസിച്ചിരുന്നത്. നാലുവര്‍ഷത്തോളം ആ കുടുംബത്തില്‍ ദവീദിന്റെ മെത്തപ്പോലത്തായി (കെയര്‍ ഗിവര്‍ ) കഴിഞ്ഞ കാലത്ത് റൂത്ത് കടന്നുപോകുന്ന ജീവിതമാണ് നോവലിന്റെ കേന്ദ്രകഥാലോകം. റൂത്തിന്റെ സഹനങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും കഥ കൂടിയാണിത്. എല്ലാ മുള്‍ക്കിരീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവള്‍ വഴിയില്‍ കണ്ടു മുട്ടുന്നു. കവികളുടെ നാട്ടില്‍ വെച്ച് റൂത്ത് മനുഷ്യസംസ്‌കാരത്തിന്റെ വ്യാഖ്യാതാവും കൊടും ഹിംസയുടെ ദൃക്‌സാക്ഷിയുമാകുന്നു. പ്രണയം പോലും നീതിയുടെ കുരിശെന്ന് അവള്‍ തിരിച്ചറിയുന്നു.
ഹമാസ് തീവ്രവാദിയായി മുദ്രകുത്തി ഇസ്രയേല്‍ വേട്ടയാടുന്ന സഹലിന്റെയും അയാളെ സഹായിക്കാനിറങ്ങുന്ന ആത്മസുഹൃത്തായ അഷേറിന്റെയും അനുഭവങ്ങളിലൂടെയാണ് മുഖ്യമായും നോവല്‍ പുരോഗമിക്കുന്നത്. ദവീദിന്റെ ഭാര്യ എസ്‌തെര്‍, മകന്‍ അഷര്‍, മകള്‍ ലെയ, അഷറിന്റെ സുഹൃത്തും ജന്മനാട്ടില്‍തന്നെ അഭയാര്‍ഥികളായി മാറിയ ഫലസ്തീനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവാവായ സഹല്‍ എന്നിവരാണ് ആ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം, സഹലിന്റെ സഹോദരങ്ങള്‍ ഗസാനും സാറയും സാറയെ സംരക്ഷിക്കുന്ന യാക്കോബ് കുടുംബവും ഹോളോകോസ്റ്റ് അതിജീവിത നയോമി ബെര്‍ഗ്മാനും റൂത്ത് കണ്ടുമുട്ടുന്ന ബെഥാനിയാക്കാരി മറിയം, പഴയകാല സൂഹൃത്തുക്കളായ ലില്ലി, ബിനു തുടങ്ങിയവരും.
റൂത്ത് മാത്രമല്ല നീനയും എസ്‌തേറും ലെയയും സാറയും മറിയവും നയോമിയും ലില്ലിയും നൂര്‍ജഹാനും കന്യയും റബേക്കയും എല്ലാമെല്ലാം ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു ബഹിഷ്‌കൃതരും അഭയാര്‍ഥികളുമായി ജീവിക്കേണ്ടി വരുന്നു
സംഭവപൂര്‍ണവും സംഘര്‍ഷപൂരിതവുമായ നാലുവര്‍ഷങ്ങള്‍ക്കൊടുവില്‍ ദാവീദിന്റെ മരണശേഷം റൂത്ത് സ്വിറ്റ്‌സര്‍ലാണ്ടിലുള്ള സുഹൃത്ത് ആഗ്‌നസ് ക്ഷണിച്ചതനുസരിച്ച് അവിടേക്കു യാത്രയാകുന്നു.
Read More: പി എഫ് മാത്യൂസ് എഴുതുന്നു: ഒന്നു തൊട്ടാല്‍ മാറിമറിയുന്ന ലോകങ്ങള്‍, ജീവിതങ്ങള്‍!
പല വായനകളുടെ നദി
പല തരത്തില്‍, പല മാനങ്ങളില്‍ വായിച്ചുപോകേണ്ട ഒരു പുസ്തകമാണ് 'ആ നദി ..'
വിഖ്യാത ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീഷിന്റെ വരികളും, മുരീദ് ബര്‍ഗൂദിയുടെയും ഖലീല്‍ ജിബ്രാന്റെയും കവിതാ ശകലങ്ങളും, മഹമൂദ് ഷുകൈറിന്റെ കഥകളും എല്ലാം ഈ നോവലിന്റെ മാറ്റു കൂട്ടുന്നു.
'നസറെത്ത്' എന്ന പേരില്‍ ചെയ്യുന്ന വ്ളോഗിലൂടെ, ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ രക്തവിലാപങ്ങള്‍ റൂത്ത് ലോകത്തിനു മുന്നിലെത്തിക്കുന്നു. അഷേല്‍ 'Warrior of light' എന്ന ഫേസ്ബുക്ക് പേജിലൂടെ ഭരണകൂടങ്ങളുടെ കിരാതനീക്കങ്ങള്‍ തുറന്നുകാട്ടുന്നു. Denying to be Foes വഴി നയോമിയും, Hope എന്ന സന്നദ്ധസംഘടന വഴി സഹലും അഭയാര്‍ഥികള്‍ക്കു മുന്നില്‍ തുറന്നിടുന്നു, സത്യത്തിന്റെ ജാലകം.
ആ നദിയുടെ ആമുഖത്തില്‍ ഷീല ടോമി എഴുതുന്നു: 'മുനാ ഒരിക്കല്‍ നിന്റേതായിരുന്ന മണ്ണില്‍ പോകണമെനിക്ക്. ഗാസയുടെ മുറിവുകളില്‍ തൊടണം. കൂറ്റന്‍ മതിലുകളാല്‍ കൊട്ടിയടക്കപ്പെട്ട അതിര്‍ത്തികളുടെ വിങ്ങലറിയണം. കൂനകൂട്ടിയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, ഇനിയൊരിക്കലും നീ ചവിട്ടാന്‍ ഇടയില്ലാത്ത വഴികളിലൂടെ, നടക്കണം. എന്നിട്ട് എന്റെ തമ്പുരാനോട് കലഹിക്കണം .. ആയുധപരീക്ഷണത്തിനു വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന്...'
ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ട, ഷീല ടോമിയുടെ സഹപ്രവര്‍ത്തക, ഫലസ്തീന്‍കാരിയായ മുനാ ഹസന്റെ വാക്കുകള്‍: 'ഇനി എങ്ങു പോകും ഞാനും മക്കളും? ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ. ഞങ്ങള്‍ക്ക് മണ്ണില്ല, രാജ്യവുമില്ല'-ഈ വാക്കുകള്‍ ആണ് ഷീല ടോമിയുടെ മനസ്സില്‍ 'ആ നദി'യായി ഒഴുകിയത്.
നമുക്കൊട്ടും പരിചയമില്ലാത്ത അധിനിവേശങ്ങളുടെയും പലായനങ്ങളുടെയും കഥയാണ് 'ആ നദിയോട് പേര് ചോദിക്കരുത്.'
.............................
Read More: പ്രണയത്തിന്റെ നാല്‍പ്പത് നിയമങ്ങള്‍; ജീവിതത്തിന്റെയും
ആ നദിയിലെ വാക്കോളങ്ങള്‍
ആ നദിയ്‌ക്കൊപ്പം ഒഴുകുമ്പോള്‍ കൂടെക്കൂടിയ വാക്കുകള്‍ കൂടി താഴെ ചേര്‍ക്കുന്നു:
'ചിലപ്പോള്‍ നമ്മുടെ പ്രകാശമായിരിക്കാം നമ്മളെ ഒറ്റികൊടുക്കുന്നത്'
'ലോകത്തിലേക്കും വലിയ വേദനയെന്തെന്നറിയുമോ? അരുമയായി സ്‌നേഹിച്ചവരാല്‍ തിരസ്‌കരിക്കപ്പെടുന്നത്. ഒരു കുരിശിനും അത്രമേല്‍ ഭാരമുണ്ടാവില്ല. ഒരു ചാട്ടവാറും അത്രമേല്‍ മുറിവേല്‍പ്പിക്കില്ല.'
'നോക്കു , ഒരിക്കെലെങ്കിലുമുണ്ടാവും നിങ്ങള്‍ക്കും തിരസ്‌കാരത്തിന്റെ നിമിഷങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍. അതില്‍ മുങ്ങിത്താണ്, പൊറുത്ത്, ക്ഷമിച്ച്, കരയ്ക്കണയുന്ന മനുഷ്യനാണ് ദൈവം.'
'വായിലേക്ക് പ്രവേശിക്കുന്നതല്ല വായില്‍ നിന്ന് വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത. വായില്‍ നിന്ന് വരുന്നത് ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്.'
'ചിലതൊക്കെ ആരോടും പറയരുത് ഹവേരാ. ചങ്ങാതിയോടു പോലും. ചില പാലങ്ങളുണ്ട്. രണ്ടേ രണ്ടു പേര്‍ക്ക് മാത്രം അന്യോന്യം കടക്കാവുന്നത്. ലോകത്തില്‍ മറ്റാര്‍ക്കും ദൃശ്യമാവാത്തത്.'
'മനസ്സിലടച്ചു വെക്കരുത് ദുഃഖങ്ങള്‍. പങ്കിടണം ആരോടെങ്കിലും, ബാത്. പറയാനാവാത്തത് ഒരു കടലാസ്സില്‍ കുറിക്കുക. എന്നിട്ട് നൂറു നുറുങ്ങായി കീറിയെറിയുക. ശാന്തമാകട്ടെ ഉള്ളം. അതിജീവിക്കുന്നത് അങ്ങനെയൊക്കെയാണ്.'
'സ്വയം അഴിഞ്ഞുതീരുന്നവന്‍ അവനവനില്‍ നിന്ന് മുക്തി നേടും. അവനവനില്‍ നിന്ന് മുക്തി നേടുന്നവന്‍ അപരന്റെ കണ്ണീരും തുടയ്ക്കും.'
'ഭൂതകാലപ്പേടികള്‍ പേറി മുടന്തി നടന്നാല്‍, മുന്നോട്ടുള്ള സഞ്ചാരം എളുപ്പമല്ല ബാത്. ഊരിയെറിയണം പഴയ മാറാപ്പുകള്‍.'
'ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിറഞ്ഞ അപൂര്‍ണ സമസ്യകളാണ് ചില ജീവിതങ്ങള്‍.'
'പെയ്യാനാവാതെ പുഴയില്‍ വീണു കിടക്കുന്ന മേഘമാണവള്‍. ആകാശത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന മേഘം. ഉള്ളിലെ ഇടിമിന്നലുകള്‍ ആരു കാണാന്‍!'
'സ്ത്രീ എപ്പോഴും ഒരു അധിനിവേശ പ്രദേശമാണ്. മറ്റാരുടെയോ പതാകകള്‍ പാറുന്ന വിലക്കപ്പെട്ട ദേശം. ജനിച്ച വീട്ടില്‍ നിന്ന് പടിയിറങ്ങുമ്പോഴേ അവള്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞു.'
'നമ്മുടെ വേദനകള്‍ ഏറ്റവും വലുതെന്ന് നമുക്ക് തോന്നിയാല്‍ സത്യമായും ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെടും.'
'അഹോത്, എല്ലാ കാര്യങ്ങളും അറിയേണ്ട കാര്യമില്ല. ചില അറിവുകള്‍ തീര്‍ത്തും അനാവശ്യമാണ്. അപകടകരവും.'
'മറ്റുള്ളവര്‍ക്ക് വേണ്ടി മുറിയാന്‍ ചിലരുള്ളതുകൊണ്ടല്ലേ ലോകം ഇത്രമേല്‍ സുന്ദരമാകുന്നത്.'
'ഒട്ടകജീവിതമാണ് പല പെണ്ണുങ്ങളുടെയും. കുറച്ചു പച്ചപ്പ് കിട്ടാന്‍ എത്രയോ ദൂരം താണ്ടണം! വരണ്ട കാറ്റില്‍, ചൂടില്‍, തണുപ്പില്‍. ചിലപ്പോള്‍ ഭൂമിയുടെ അറ്റം വരെ.'
'നമ്മുടെ മണ്ണ് അവര്‍ കൊണ്ടുപോയി. നമ്മുടെ വഴികളും. എന്നാല്‍ ആര്‍ക്കും ജ്ഞാനവും വിദ്യയും ആത്മാവും മോഷ്ടിക്കാനാവില്ല ഗസാന്‍.'
'പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യം അതുമാത്രമാണ്. ക്ഷമ എന്ന രണ്ടക്ഷരം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.'
'ഓ ... നിങ്ങള്‍ എഴുതപ്പെട്ടത് വിശ്വസിക്കുന്നു. നോക്കൂ, ചക്രവര്‍ത്തിമാര്‍ക്കുവേണ്ടി ചരിത്രമെഴുതുന്നവര്‍ നുണകളെത്രമാത്രം എഴുതേണ്ടി വരും!'
'ചില മനുഷ്യര്‍ വഴിയില്‍ ദീപം തെളിച്ചുവച്ചു കടന്നു പോകുന്നു. അവര്‍ അറിയുന്നില്ല, ആ വെളിച്ചത്തില്‍ മറുകര കടക്കാന്‍ പോകുന്നവര്‍ ആരെല്ലാമെന്ന്.'
.................................
Read More: പുഴ, ചെറിയൊരു ജലപ്പാമ്പിന്‍ കുഞ്ഞ്!
'ജോര്‍ദാന്‍ നദിയിലെ ജലമേ, നീ കെടുത്തി,
അവരുടെ ദാഹമല്ലാത്ത ദാഹം .
പിന്നെന്തിന്, അവരെന്റെ അരുമക്കിടാങ്ങടെ
ചോര കുടിക്കുന്നു?'
'എന്നെന്നേക്കുമായി വീടുപേക്ഷിച്ചോടുന്ന നിസ്സഹായരുടെ കണ്ണീരും മനോവ്യഥയും ഏതു കടലിനുള്‍ക്കൊള്ളാനാവും! ചെങ്കടലില്‍ പൂക്കുന്ന ചുവന്ന ആല്‍ഗ കണക്കെ ആ ജീവിതങ്ങളില്‍ സദാ കദനത്തിന്റെ, വ്യഥയുടെ, അനിശ്ചിതത്വങ്ങളുടെ, ചുവപ്പ് മൂടിക്കിടക്കുന്നു.'
'എന്റെ നീലാകാശമേ, നൈലിലും യൂഫ്രട്ടീസിലുമധികം
നീലം ചൊരിഞ്ഞു നീ അവരുടെ നക്ഷത്രങ്ങളില്‍.
പിന്നെന്തിന്, ഊതിക്കെടുത്തുന്നു അവര്‍
ഞങ്ങളുടെ കൊച്ചുവെളിച്ചങ്ങള്‍?'
..................................
Also Read: ക്ലോണ്‍ കാലത്തെ ജീവിതം, പ്രണയം, മരണം
ചുട്ടുപൊള്ളുന്ന നദി
'ആ നദി'യുടെ ഓളങ്ങള്‍ കൈക്കുമ്പിളില്‍ കോരിയെടുക്കാന്‍ കഴിയുകയില്ല. ഞാന്‍ നടത്തിയത് ഒരു ശ്രമം മാത്രം. ആ നദിയിലൂടെ ഒഴുകുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കതിന്റെ ചൂടറിയാന്‍ കഴിയൂ. ചുട്ടുപൊള്ളുന്നതും വെന്തുരുകുന്നതും താങ്ങാനാവാതെ, എവിടേക്കാണിത് ഒഴുകുന്നതെന്നുപോലുമറിയാതെ, കൂടെ ഉരുകിയുരുകി, നെഞ്ചകം വിങ്ങി വിങ്ങി ഒരു തുരുത്തു തേടി. ആ നദി ഒഴുകികൊണ്ടേയിരിക്കുന്നു.