വാക്കുകള്‍ തല്ലിക്കൊഴിച്ചിട്ടും അവളില്‍ നിന്നൊരു തരി  വീണുപോയില്ല, കണ്ണു ചൂഴ്‌ന്നെടുത്തിട്ടും കരഞ്ഞില്ല!

പുസ്തകപ്പുഴ. ജൂലിയസ് ഫ്യൂചിക്ക് എഴുതിയ 'കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍' എന്ന പുസ്തകത്തിന്റെ വായന. റോസ് ജോര്‍ജ് എഴുതുന്നു  
 

reading Notes from the gallows by Julius Fucik by Rose george

തുണ്ടു കടലാസ്സില്‍ തന്റെ ഭര്‍ത്താവ് കുറിച്ചു വച്ചതൊക്കെ അവര്‍ ജയില്‍ വാര്‍ഡര്‍ ആയിരുന്ന കോളിന്‍സ്‌കിയുടെ പക്കല്‍ നിന്നും ശേഖരിച്ചു ലോകത്തിന് സമര്‍പ്പച്ചു. അതാണീ പുസ്തകം. ബന്ധിതരുടെയും പീഡിതരുടെയും നെടുവീര്‍പ്പില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന അത്യന്തം ശ്രേഷ്ഠമായ വിചാരങ്ങളുടെ മഞ്ഞു തുള്ളികള്‍ ഒരോ കുറിപ്പിലും കാണാം .

 

reading Notes from the gallows by Julius Fucik by Rose george
 


മാനവസമൂഹം കടന്ന് പോകേണ്ടി വന്ന വഴിത്താരകളില്‍ ബന്ധനങ്ങളുടെ തുറുങ്കുമുറികളും സഹനങ്ങളുടെ കിടങ്ങുകളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. നിശ്ശബ്ദ സഹനങ്ങള്‍ കൊണ്ട്  ചിലര്‍ തങ്ങളുടെ തടവുമുറികളെ ആരാധനാലയങ്ങളുടെ വിശുദ്ധിയിലേക്ക് ഉയര്‍ത്തുന്നു. ദുര്‍ബ്ബലമായ ശരീരത്തില്‍ ധാര്‍മ്മികവിജയം നേടി കടന്നു പോവുന്നു. 

ചരിത്രത്തിലോട്ട് നോക്കിയാല്‍  അങ്ങനെ പലരെയും കാണാം. അവരുടെ തടവുമുറിയുടെ ചുവരുകളില്‍ മനുഷ്യജന്മത്തിന്റെ എല്ലാ വികാരങ്ങളും വിചാരങ്ങളൂം നിഴല്‍രൂപങ്ങളായി മിന്നിമറഞ്ഞിട്ടുണ്ടാവും. ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍  പോലുംവിചാരങ്ങളുടെ പ്രതിധ്വനി വാക്കുകളില്‍ എഴുതി വച്ചിട്ടുണ്ടാവും.

അങ്ങനെ രണ്ടുപേര്‍. ജൂലിയസ് ഫ്യൂച്ചിക്കും അഗസ്തിനയും. ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ രണ്ട് സഖാക്കള്‍.

അവരെ ഞാന്‍ അറിഞ്ഞത് അച്ഛന്റെ കുറിപ്പുകളില്‍ നിന്നാണ്. 'കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍' എന്ന പുസ്തകത്തിലൂടെ, അതിവേഗമാണ് ജീവിതത്തിലേക്ക് അവര്‍ വന്നത്, തികച്ചും യാദൃശ്ചികമായി. 

വായിക്കാന്‍ ഏറെ പുതിയ പുസ്തകങ്ങള്‍ മേശപ്പുറത്ത് നിരന്നു കിടന്നിരുന്നു. അവയ്ക്കിടയില്‍  നിന്നാണ് സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കോളേജ് വിദ്യാഭ്യാസത്തിനായി മുംബൈയില്‍ എത്തിയ എന്റെ  പിതാവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ കൈയില്‍ തടയുന്നത്. വര്‍ഷങ്ങളുടെ കാലപ്പഴക്കത്തില്‍ ആ ഇരുനൂറ് പേജിന്റെ നോട്ടുബുക്ക് ഇളം മഞ്ഞനിറത്തില്‍ ആയിത്തീര്‍ന്നിരുന്നു. ഈര്‍പ്പം തങ്ങിനില്‍ക്കുന്ന തണുപ്പില്‍  ഒട്ടിച്ചേര്‍ന്നിരിക്കുന്ന താളുകള്‍.
തൊട്ടാല്‍ പൊടിയുന്ന പ്രതലത്തിലൂടെ വല്ലാത്തൊരു ആര്‍ജ്ജവത്തോടെ മുന്നോട്ട് മാര്‍ച്ച് ചെയ്യുന്ന അക്ഷരങ്ങള്‍ ഒരു ജനാവലി പോലെ തോന്നിപ്പിച്ചു .

അതിവേഗം അലുത്ത് ഇല്ലാതാകുമോ എന്നൊരു ജാഗ്രതയില്‍ ഞാന്‍ അവയൊക്കെ പൂതിയൊരു നോട്ട് ബുക്കിലോട്ട് പകര്‍ത്തി എഴുതി. അപ്പാള്‍ കണ്ടു, അതിനിടയില്‍, അച്ഛന്റെ കയ്യക്ഷരത്തില്‍ ജൂലിയസ് ഫ്യൂച്ചിക്കിന്റെ വിലാപങ്ങള്‍!  

'ആരുടെ നന്മക്കായി ജീവിതം ഉഴിഞ്ഞുവച്ചുവോ അവരെക്കൊണ്ടു തന്നെ ഞാന്‍  മര്‍ദ്ദനം ഏല്‍ക്കുന്നു-പട്ടാളത്തിലും പോലീസിലും ജോലിയുള്ള ഗ്രാമീണരുടെ മക്കള്‍ത്തന്നെ തന്റെ വിപ്ലവസഖാക്കളെ മര്‍ദിക്കുന്നതു കണ്ട് ജൂലിയസ് ഫ്യൂച്ചിക് വിലപിക്കുന്നു. 

വായന അവിടെ നിന്നു. എഴുതിയതിനേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ താളുകളുണ്ടായിരുന്ന ആ നോട്ട്ബുക്ക് മടക്കി വച്ച് ജൂലിയസ് ഫ്യൂച്ചിക്കിനെ അന്വേഷിച്ചിറങ്ങി.

കണ്ടെത്തി. 

പ്രാഗിലെ പാന്‍ക്രാട്‌സ് ജയിലറകളിലെ പല മുറികളിലായി, ഏറ്റവും ശക്തമായൊരു ആയുധം രണ്ട് വിരലുകള്‍ക്കുള്ളില്‍ തെരുപ്പിടിപ്പിച്ചു ജൂലിയസ് കുനിഞ്ഞിരുന്ന് എഴുതുകയാണ് 'കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍.'

ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട യുദ്ധകാല സാഹിത്യകൃതിയാണിത്. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികള്‍ ചെക്കോസ്ലോവാക്യ പിടിച്ചടക്കിയപ്പോള്‍ ജൂലിയസ് ജര്‍മ്മന്‍ രഹസ്യാന്വേഷണവിഭാഗമായ ഗെസ്റ്റാപ്പോയാല്‍ അറസ്റ്റുചെയ്യപ്പെടുകയും നിരന്തരം പീഡനമേല്‍ക്കുകയും ചെയ്തു. എങ്കിലും ജീവിതത്തോടുള്ള സ്‌നേഹം കാത്തുസൂക്ഷിച്ചു കൊണ്ട് അനശ്വരതയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാള്‍ ജീവിച്ചു. നാല്‍പതാമത്തെ വയസ്സില്‍, 1943 സെപ്റ്റംബര്‍ 8 -ന് കൊല്ലപ്പെട്ടു. കരുതി ഇരിക്കണമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ കാഴ്ചക്കാരില്ലെന്നും നാമെല്ലാവരും ജീവിതത്തില്‍ പങ്കെടുക്കുന്നു എന്നും ഓര്‍മിപ്പിച്ചു കൊണ്ട് 'കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍' അവസാനിപ്പിക്കേണ്ടി വന്നു ഫ്യൂച്ചിക്കിന്.

1903 -ല്‍ പ്രേഗിലെ സ്മിച്ചോവില്‍ ജനിച്ച ജൂലിയസ് പത്രപ്രവര്‍ത്തകന്‍, സാഹിത്യനിരൂപകന്‍, കമ്മ്യൂണിസ്‌റ് നേതാവ് എന്നീ നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. പ്രേഗ് സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം 1929 -ല്‍ അദ്ദേഹം തോര്‍ബ എന്ന സോഷ്യലിസ്റ്റ് പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. ചെക്കോസ്ലാവാക്യയിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടി മുഖപത്രമായ റൂദ് പ്രാവോയുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളുടെ അനുരണനങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും ഫാസിസത്തില്‍ നിന്നുള്ള വിടുതലിനും അത്യന്താപേക്ഷിതമാണെന്ന് വിശ്വസിച്ച ജൂലിയസ് കര്‍മ്മ നിരതനായി ഓടി നടന്നു. കൂടെ ഭാര്യ അഗസ്തിനയും. 

നാസി ആരാച്ചാരന്മാരുടെ കൊലമരത്തിന്റെ കുരുക്കുകള്‍ എതു നിമിഷവും തന്റെ മേല്‍ വീഴുമെന്ന് അറിഞ്ഞിട്ടും, ആസന്നമായ മരണത്തെ കണ്‍മുന്‍പില്‍ ദര്‍ശിച്ചിട്ടും, ആത്മവഞ്ചന ചെയ്യാതെ അതിനായി ഒരുങ്ങി ജീവിച്ച ഒരു മനുഷ്യന്‍. മരണത്തിന്റെ നിഴല്‍ വീണ ജയില്‍ മുറികളില്‍ വൈക്കോല്‍തടുക്കുകളില്‍ ഇരുന്ന് അയാള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടലാസ്സു പാലങ്ങള്‍ ഉണ്ടാക്കി, അനിശ്ചിതത്വത്തിന്റെ ഇന്നിനെ പ്രതീക്ഷയുടെ നാളെയുമായി കൂട്ടിമുട്ടിക്കാന്‍.

മുറിപെന്‍സില്‍ കൊണ്ട് ജൂലിയസ് ഇരുന്നെഴുതിയപ്പോള്‍ കോളിന്‍സ്‌കി എന്ന ദയാലുവായ ജയില്‍ വാര്‍ഡര്‍ വാതില്‍ക്കല്‍ കാവല്‍ നിന്നു. ജൂലിയസ് കണ്ണുയര്‍ത്തി നോക്കുമ്പോഴെല്ലാം അയാള്‍ കണ്‍പോളകള്‍ അമര്‍ത്തിയടച്ചു ധൈര്യം  കൊടുത്തു.  പിന്നീടവ ഓരോന്നും സുരക്ഷിതമായി പുറത്തേക്ക് കടത്തിക്കൊണ്ടു വന്നു. കാലത്തിന്റെ തികവില്‍ അവയൊക്കെ പ്രസിദ്ധീകരിക്കുമെന്നും തനിക്ക് പൂര്‍ത്തിയാക്കാനാവാത്ത അവസാന അധ്യായങ്ങള്‍ ഏഴുതി പൂര്‍ത്തിയാക്കാന്‍ ജനകോടികള്‍ ഭൂമിയില്‍ നിലനില്‍ക്കുമെന്നും അയാള്‍ വിശ്വസിച്ചു, പ്രത്യാശിച്ചു.

 

reading Notes from the gallows by Julius Fucik by Rose george

 

ജൂലിയസും അഗസ്തീനയും ആണ് വായനവഴിയില്‍ എന്നെ തടഞ്ഞു നിര്‍ത്തിയവര്‍. ചരിത്രത്തിലെ ആ സഹയാത്രികര്‍  ആഴമുള്ള ഇച്ഛാശക്തികൊണ്ടാണ് അത്ര സമാധാനപരമല്ലാത്ത ജീവിതത്തിലും ആത്മാവിന്റെ സമ്പന്നതയാല്‍ കരുത്താര്‍ജ്ജിച്ചത് . കുതിരയുടെ ഉടലുള്ള ജൂലിയസിന്റെ പോരാട്ടവീര്യത്തിന് കാരിരുമ്പിന്റെ കരുത്തു പകര്‍ന്ന പ്രിയതമ. ജയിലില്‍ ഗെസ്റ്റപ്പോയുടെ ഓരോ ചോദ്യം ചെയ്യലിലും അവള്‍ വിശ്വസ്തത കാത്തു സൂക്ഷിച്ചു .

'വാക്കുകള്‍കൊണ്ട് 
തല്ലിക്കൊഴിച്ചിട്ടും 
അവളില്‍ നിന്നൊരു തരി 
വീണുപോയില്ല 
കണ്ണുകള്‍കൊണ്ട് 
ചൂഴ്‌ന്നെടുത്തിട്ടും 
കണ്ണീരുറവകള്‍ 
പൊട്ടിയില്ല.'

ജൂലിയസിന്റെ തടവുമുറിയുടെ താഴത്തെ നിലയില്‍ ആയിരുന്നു അഗസ്തീനയുടെ വാസം. ദീനരോദനങ്ങളും നെടുവീര്‍പ്പുകളും അവളുടെ തകര്‍ന്ന മനസ്സ് കാന്തം പോലെ പിടിച്ചെടുത്തു. ഉത്കണയും ആകുലതയും പുതച്ചിരുന്ന ആ നാളുകളില്‍ ജൂലിയസ് കൊല്ലപ്പെട്ടുവെന്ന കിംവദന്തിയും അവരെ തേടിയെത്തി. അപ്പോഴൊക്കെ സന്ധ്യസമയത്ത്  ജനാലക്കരുകില്‍ മതിലിന് അഭിമുഖമായി ചേര്‍ന്ന് നിന്ന് സാന്ത്വനത്തിന്റെ ഒരു ഗാനം  ജൂലിയസ് അവള്‍ക്ക് വേണ്ടി മൂളി .

1943 മെയ് 19 ന് ജൂലിയസ് എഴുതുന്നു: 'എന്റെ അഗസ്തീന  പോയി. അവര്‍ അവളെ എങ്ങോട്ടായിരിക്കും കൊണ്ടു പോയത് ? കടല്‍ബോട്ടിലെ വേലക്കോ കപ്പലിലെ കുശിനിയിലേക്കോ അതോ വസൂരി കൊണ്ടുള്ള മരണത്തിലേക്കോ?'

സാന്നിദ്ധ്യം കൊണ്ട് വിദൂരത്തിലായപ്പോഴും സന്ധ്യസമയത്ത് ജൂലിയസ് അവള്‍ക്കായി പാടി. മര്‍ദ്ദനമേറ്റ ശരീരം വേച്ചു വേച്ചു പൈന്‍മരപ്പലകയിലുടെ ജനാലക്കലേക്ക് നീങ്ങി. 

ഏതൊക്കെ പാട്ടുകള്‍ ആയിരുന്നു അവ?

ആ സ്റ്റെപ്പി പരപ്പിലെ ആ ഇളം പച്ച പുല്‍ക്കൊടികള്‍ പോലും മര്‍മ്മരമുണര്‍ത്തി പാടുന്ന ഗറില്ലാ യുദ്ധകഥകള്‍. കഥകള്‍ എല്ലാം പാട്ടുകളായ സായാഹ്നങ്ങള്‍.

ആത്മമിത്രങ്ങള്‍ക്ക് മാത്രം സാധിക്കുന്ന രീതിയില്‍ പല ജീവിത യാഥാര്‍ഥ്യങ്ങളും നേരിടുന്നതില്‍ അവര്‍ ഒരേ ഹൃദയമിടിപ്പോടെ ഒത്തു ചേര്‍ന്നു.

തന്റെ ഒന്നാമത്തെ വായനക്കാരിയും വിമര്‍ശകയും ആണ് അഗസ്തീന എന്ന് ജൂലിയസ് എഴുതുന്നു.  അവളുടെ കണ്ണുകള്‍ തന്റെ മേല്‍ ഉണ്ടെന്നുള്ളൊരു തോന്നല്‍ ഇല്ലെങ്കില്‍ എഴുത്ത് പോലും മൂന്നോട്ട് പോവില്ലെന്നും .

യാത്ര പറഞ്ഞു പിരിയാന്‍  പോലും  അവര്‍ക്കായില്ല. തീവ്രമായ ഒരാലിംഗനമോ കയ്യമര്‍ത്തലോ ഇല്ലാതെ ഒരു നാള്‍ വിദൂരതയിലേക്ക്  അഗസ്തീന അകറ്റപ്പെട്ടു.

പ്രത്യാശയുടെ ഗീതങ്ങള്‍ പേനത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു പിന്നെയും.

'ആനന്ദത്തിനു വേണ്ടിയാണ് 
ഞങ്ങള്‍ പൊരുതിയത് 
മരിക്കുന്നതും അതിനു വേണ്ടി തന്നെ, 
വ്യസനം ആ സന്തോഷങ്ങളില്‍ 
തേച്ചു പിടിപ്പിക്കരുതേ.'

പിന്നെയും പല വിധത്തിലുള്ള കടന്നു പോവലുകള്‍. പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന വിസ്താരങ്ങള്‍ക്കുശേഷം  പ്രേഗിലെ നെരൂദ തെരുവിലെ കൊട്ടാരക്കെട്ടിലൂടെ, പല വിധ പ്രലോഭനങ്ങളിലൂടെ ജൂലിയസ്.

'നോക്കൂ പ്രേഗ് എത്രമനോഹരിയാണ് 
നീ അവളെ സ്‌നേഹിക്കുന്നില്ലേ ?
മടങ്ങി വരണ്ടേ നിനക്ക്?
ഈ ഗ്രീഷ്മ സന്ധ്യയില്‍ 
മഞ്ഞിന്റെ വരവിന് 
ഒരുക്കം കൂട്ടുന്ന കുളിര്‍കാറ്റ്,
ഇളം നീലനിറം പൂണ്ട 
പഴുത്ത മുന്തിരിക്കുല പോലെ 

മാദകവും വശ്യവുമായ കാഴ്ച്ചകള്‍.'

ഗെസ്റ്റപ്പോയുടെ വശീകരണ ചോദ്യങ്ങള്‍. ലോകത്തിന്റെ പ്രലോഭനങ്ങള്‍ .

അവസാന വിചാരണയിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍ വീണുപോവാതെ, ക്ഷയിക്കാത്ത പ്രത്യാശയോടെ, സത്യത്തിലുള്ള മൗലികമായ പ്രത്യാശയോടെ ജൂലിയസ് തടവ് മുറിയിലേക്ക് വീണ്ടും എത്തിച്ചേരുന്നു.

അറ്റന്‍ഷന്‍ ആയി കാല്‍മുട്ടുകളില്‍ കൈകള്‍ ഊന്നി ഇരിക്കേണ്ട വിചാരണമുറികളില്‍ ചിന്തകളെ അറ്റന്‍ഷന്‍ ആക്കാന്‍ പറ്റാതെ ജൂലിയസ് പണിപ്പെട്ടു. ശരിയായ വെളിച്ചത്തില്‍ ഭരണകൂടങ്ങളുടെ മുഖം പ്രകാശിപ്പിക്കേണ്ടതെങ്ങനെ എന്ന് ചിന്തിച്ചു  കൂട്ടി. 

അദ്ദേഹം ചോദിക്കുന്നു: 'തടവുമുറിയില്‍, ഭീകരതയുടെ ഒത്ത നടുവില്‍ താമസിക്കുന്ന ഞങ്ങള്‍ രാജ്യത്തിലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായ സൃഷ്ടികളാണോ?'

1943, ജൂണ്‍ 9 -ന് കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍ അവസാനിപ്പിച്ചു കൊണ്ട് ജൂലിയസ് എഴുതുന്നു: 

''മരണം എപ്പോഴും എന്റെ പരിഗണനയിലുണ്ട്. 
ഇനി ഉയരേണ്ടത് ജീവിതത്തിന്റെ അവസാന തിരശീലയാണ് 
സുഹൃത്തുക്കളെ  നിങ്ങളെ ഞാന്‍ സ്‌നേഹിച്ചു, കരുതലോടെ ഇരിക്കുക.''

ഇനി മൂന്നോട്ട് വായിക്കാന്‍ താളുകളില്ല. വായനക്കാര്‍ക്കും എഴുത്തുകാരനും അജ്ഞാതമായ ആ ജീവിതത്തിന്റെ അന്ത്യം എങ്ങനെ ആയിരുന്നു?

'കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍' എന്ന ജീവിതപുസ്തകത്തിന്റെ പുറംചട്ടയോട് ചേര്‍ന്ന്  അഗസ്തീന ഉണ്ട് .ഒരേ പുസ്തകത്തില്‍ ഒരൊറ്റ ഉടല്‍ ആയി. കപ്പല്‍ശാലയില്‍ നിന്ന് അഗസ്തീന  എത്തിപ്പെട്ടത് ജര്‍മനിയിലെ റവന്‍സ്ബ്രൂക്കിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. 1943 ആഗസ്റ്റ് 25 -ന് ബെര്‍ലിനിലെ നാസി കോടതി ജൂലിയസിനു മരണ ശിക്ഷ വിധിച്ചിരിക്കുന്നു എന്ന് സഹതടവുകാരിയില്‍ നിന്നാണ് അവളറിഞ്ഞത്. 

അവളുടെ വ്യഥകള്‍, ഭര്‍ത്താവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍, എല്ലാം ഉത്തരം കിട്ടാതെ എരിഞ്ഞടങ്ങി .

പിന്നീട്  ആ ദിവസം സമാഗതമായി. 1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ പരാജയം. തടവറകളില്‍ നിന്നും മോചിതരായ ആയിരങ്ങളുടെ കൂടെ ജന്മദേശത്തേക്കു അഗസ്തീനയും എത്തി.  പരതുന്ന കണ്ണുകളോടെ അലയുന്ന ജനതയില്‍ ഒരുവളായി.

ഏറ്റവും ദുഖകരമായ ആ വാര്‍ത്ത അഗസ്തീനയില്‍ എത്താന്‍ അധികതാമസമുണ്ടായില്ല.

ശിക്ഷക്ക് വിധിക്കപ്പെട്ടതിന്റെ പതിനാലാം ദിനം ബര്‍ലിനില്‍ ജൂലിയസിന്റെ മരണശിക്ഷ നടപ്പാക്കപ്പെട്ടു.

തുണ്ടു കടലാസ്സില്‍ തന്റെ ഭര്‍ത്താവ് കുറിച്ചു വച്ചതൊക്കെ അവര്‍ ജയില്‍ വാര്‍ഡര്‍ ആയിരുന്ന കോളിന്‍സ്‌കിയുടെ പക്കല്‍ നിന്നും ശേഖരിച്ചു ലോകത്തിന് സമര്‍പ്പച്ചു. അതാണീ പുസ്തകം. ബന്ധിതരുടെയും പീഡിതരുടെയും നെടുവീര്‍പ്പില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന അത്യന്തം ശ്രേഷ്ഠമായ വിചാരങ്ങളുടെ മഞ്ഞു തുള്ളികള്‍ ഒരോ കുറിപ്പിലും കാണാം .രാഷ്ട്രം വ്യക്തിയുടെ വലിയ പതിപ്പാകയാല്‍ ഒരോ മനുഷ്യജന്മവും പ്രകാശിപ്പിക്കപ്പെടേണ്ടതാണെന്നും പിന്തിരിപ്പന്‍ മനോഭാവങ്ങളും ഭരണകൂടഭീകരതയും ആ ലക്ഷ്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നുവെന്നും  ഈ കാലവും നമ്മെ ഓര്‍മിപ്പിക്കുന്നു. മരണവും ജീവിതവും ഒരേ നേര്‍രേഖയില്‍ കണ്ടുമുട്ടുകയും മരണം ജീവിതത്തെ നോക്കി കോക്രീ കാണിക്കുകയും ചെയ്യുന്ന കാലമാണിത് . അരികുകളിലേക്കും അകങ്ങളിലേക്കും മാറി നില്‍ക്കുമ്പോഴും സമര്‍ത്ഥനായ കബഡി കളിക്കാരനെപോലെ  അത് ലോകത്തെ മുഴുവന്‍ ജാഗ്രതയില്‍ ആക്കിയിരിക്കുന്നു. കലയും സാഹിത്യവും ഈ ഇരുണ്ടകാലത്ത് ആത്മാവിന്റെ ആഴങ്ങളോളം കടന്നു ചെല്ലുന്നു. അതെന്നും സൗഖ്യദായകവും ജീവദായകവുമാണ്. ജൂലിയസ് ഫ്യൂച്ചിക്കിന്റെ കുറിപ്പുകള്‍ ചെന്നെത്തിക്കുന്നത് ആ  വിമലീകരണത്തിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios