ക്ലോണ്‍ കാലത്തെ ജീവിതം, പ്രണയം, മരണം
2017-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായ കസുവോ ഇഷിഗുരോയുടെ 'Never Let Me Go' എന്ന നോവലിന്റെ വായന.രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
അധികാരം സ്ഥാപിക്കാനും ആശ്രിതത്വത്തിനും ശാസ്ത്രം മനുഷ്യന് വേണ്ടി മനുഷ്യനില്‍ നിന്ന് സൃഷ്ടിക്കുന്ന ക്ലോണുകളുടെ പ്രശ്‌നമണ്ഡലത്തിലാണ് ഇഷിഗുരോ 'Never Let Me Go' എന്ന നോവല്‍ പ്രതിഷ്ഠിക്കുന്നത്. ജീവജാലങ്ങളും ടെക്‌നോളജിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പരിശോധിക്കാന്‍ കൂടി ശ്രമിക്കുന്ന ഈ നോവല്‍, സാഹിത്യം സമകാലത്ത് സഞ്ചരിക്കുന്ന വഴികളെ രേഖപ്പെടുത്തുന്നു. പരമ്പരാഗതമായ നിബന്ധനകള്‍ പിന്തുടരുന്ന ഹൈല്‍ഷാം എന്ന് പേരുള്ള ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലമാണ് നോവലിന്റെ ഏറിയ പങ്കും. അവിടത്തെ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ അവയവദാനത്തിനായി സൃഷ്ടിക്കപ്പെട്ട ക്ലോണുകളാണ്. ജീവിതമെന്നത് ഒരു സ്വപ്നം മാത്രമാണെന്നും ആവശ്യമനുസരിച്ച് അവയവങ്ങള്‍ ദാനം ചെയ്യുക എന്ന കര്‍മ്മം മാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും അവര്‍ വളരെ പതുക്കെയേ അറിയുന്നുള്ളു
മനുഷ്യന്റെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടി ശാസ്ത്രത്തെയും സാങ്കേതികതയെയും വലിയ തോതില്‍ കൂട്ടുപിടിക്കുന്ന പ്രവണത സാധാരണമായി കഴിഞ്ഞു. മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുക എന്നത് ശാസ്ത്രലോകത്തിന്റെ കാര്യപരിപാടി തന്നെ ആയി മാറിയിട്ടുണ്ട്. ഒരു പക്ഷെ ശാസ്ത്രം സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ മുന്‍പേ സാഹിത്യമാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലോകത്തിന്റെ ഭാവിയെ സംബന്ധിച്ച പല തരം സമവാക്യങ്ങള്‍ ഇതിനോടകം തന്നെ 'സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍' (Speculative Fiction) എന്ന ശാഖയില്‍ നിന്ന് ആവിര്‍ഭവിച്ചിട്ടുണ്ട്. മാനവികാംശങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ശാഖയായി വികസിക്കുന്ന സ്‌പെക്കുലേറ്റിവ് ഫിക്ഷനില്‍ അതിഭാവുകത്വത്തിനു നല്ല സ്ഥാനം കല്‍പ്പിക്കുന്നു.
അവയവദാനത്തിനായി ക്ലോണുകളുടെ സമൂഹത്തെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെ പരിസരപ്രദേശത്താണ് 2017-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായ കസുവോ ഇഷിഗുരോയുടെ 'Never Let Me Go' എന്ന നോവല്‍ നിലയുറപ്പിക്കുന്നത്. ക്ലോണിങ് എന്ന സാങ്കേതികവിദ്യയിലൂടെ മനുഷ്യായവങ്ങള്‍ മാറ്റി വെക്കുന്ന രീതി ശാസ്ത്രം പരീക്ഷിച്ചതിന്റെ പശ്ചാത്തലത്തില്‍ വേണം ഈ നോവല്‍ വായിക്കേണ്ടത്. വൈകാരികവും ധൈഷണികവുമായ ആഴത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള വ്യവഹാരങ്ങള്‍ മനുഷ്യജീവിതത്തില്‍ അസാധാരണമല്ല. എന്നാല്‍ ശാസ്ത്രം മനുഷ്യനില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ക്ലോണുകള്‍ക്കും ഇപ്പറഞ്ഞ സംഗതി ബാധകമാവുന്നെങ്കില്‍ പ്രകൃതിനിയമങ്ങള്‍ തന്നെ മാറ്റിയെഴുതേണ്ട കാലം അടുത്തെത്തിയോ എന്ന് ന്യായമായും സംശയിക്കേണ്ടി വരും. മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ക്ലോണുകള്‍ക്കിടയില്‍ ഉടലെടുക്കുന്ന സ്‌നേഹ -പ്രണയ -നിരാസങ്ങളുടെ ലോകം ഒട്ടുമേ സുസ്ഥിരമല്ല. അയഥാര്‍ത്ഥ മനുഷ്യരൂപങ്ങളില്‍ നിന്നും യഥാര്‍ത്ഥ മനുഷ്യലോകത്തിന്റെ തുറസ്സുകളിലേക്ക് സഞ്ചരിക്കാന്‍ വെമ്പുന്ന ഒരു കൂട്ടം ക്ലോണുകളുടെ സങ്കീര്‍ണ മാനസികാവസ്ഥകളാണ് ഈ നോവലിന്റെ പ്രതിപാദ്യവിഷയം. മനുഷ്യരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി ശാസ്ത്രം പരിപോഷിപ്പിക്കുന്ന ക്ലോണുകള്‍ ബഹിഷ്‌കൃതലോകത്തിലെ അംഗങ്ങളായി മാറിക്കൊണ്ട് 'ശബ്ദം' ഇല്ലാത്തവരായി തീരുകയാണ്. നോവലിന്റെ മലയാളപരിഭാഷ 'നിഴലായ്' ഇപ്പോള്‍ ലഭ്യമാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി ലൈല സൈന്‍ ആണ് പരിഭാഷപ്പെടുത്തിയത്.
ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ത്വരിതഗതിയിലുള്ള വളര്‍ച്ച പുതിയ രാഷ്ട്രീയബോധ്യങ്ങളെ നിര്‍മ്മിക്കുന്നുണ്ട് എന്നു കരുതണം. ആഗോളീകരണത്തിന്റെ ഭാഗമായി വര്‍ധിച്ച രീതിയില്‍ നിലവില്‍ വന്ന പുറംപണികരാറുകള്‍, മൂന്നാം ലോകരാഷ്ട്രങ്ങളിലെ അധ്വാനവര്‍ഗം, ഐ ടി അനുബന്ധ മേഖലയിലെ വികസിത രാജ്യങ്ങളുടെ മേല്‍ക്കോയ്മ തുടങ്ങിയവയെല്ലാം ഇതിന്റെ പരിണതഫലങ്ങളാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുരോഗതി മനുഷ്യവര്‍ഗത്തിനു സൃഷ്ടിക്കുന്ന ഗുണപരമായ (ദോഷകരവും) ചലനങ്ങള്‍ക്ക് സാഹിത്യത്തിലും ആവിഷ്‌കാരങ്ങളുണ്ടാകുന്നു. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികജ്ഞാനം ഫിക്ഷന്റെയും വിഷയമായി ഭവിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.
കസുവോ ഇഷിഗുരോ
ജീവജാലങ്ങളും ടെക്‌നോളജിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍
അധികാരം സ്ഥാപിക്കാനും ആശ്രിതത്വത്തിനും ശാസ്ത്രം മനുഷ്യന് വേണ്ടി മനുഷ്യനില്‍ നിന്ന് സൃഷ്ടിക്കുന്ന ക്ലോണുകളുടെ പ്രശ്‌നമണ്ഡലത്തിലാണ് ഇഷിഗുരോ 'Never Let Me Go' എന്ന നോവല്‍ പ്രതിഷ്ഠിക്കുന്നത്. ജീവജാലങ്ങളും ടെക്‌നോളജിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പരിശോധിക്കാന്‍ കൂടി ശ്രമിക്കുന്ന ഈ നോവല്‍, സാഹിത്യം സമകാലത്ത് സഞ്ചരിക്കുന്ന വഴികളെ രേഖപ്പെടുത്തുന്നു. പരമ്പരാഗതമായ നിബന്ധനകള്‍ പിന്തുടരുന്ന ഹൈല്‍ഷാം എന്ന് പേരുള്ള ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലമാണ് നോവലിന്റെ ഏറിയ പങ്കും. അവിടത്തെ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ അവയവദാനത്തിനായി സൃഷ്ടിക്കപ്പെട്ട ക്ലോണുകളാണ്. ജീവിതമെന്നത് ഒരു സ്വപ്നം മാത്രമാണെന്നും ആവശ്യമനുസരിച്ച് അവയവങ്ങള്‍ ദാനം ചെയ്യുക എന്ന കര്‍മ്മം മാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും അവര്‍ വളരെ പതുക്കെയേ അറിയുന്നുള്ളു. തന്മൂലം അവരില്‍ ഭയവും നിരാശയും ഉരുണ്ടു കൂടുന്നുണ്ട്. ഇപ്രകാരം പരിഷ്‌കൃതസമൂഹത്തിന്റെ (സ്വാര്‍ത്ഥ)ലാഭങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ക്ലോണുകളുടെ സ്വത്വവിചാരത്തെയും അസ്തിത്വത്തെയും കേന്ദ്രീകരിച്ചു കൊണ്ടുള്ള ആഖ്യാനമായ Never Let Me Go-യുടെ വിഷയം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സാധ്യമായ രീതിയില്‍ ഒരു 'സാമൂഹിക'ജീവിതം നയിക്കുന്നതില്‍ ക്ലോണുകള്‍ക്ക് മുന്നില്‍ പല തടസ്സങ്ങളും ഉടലെടുക്കുന്നു. തമ്മില്‍ത്തമ്മില്‍ സംസാരിക്കുകയും അടുക്കുകയും ചെയ്യുന്നുവെങ്കിലും അനിശ്ചിതമായ ഭാവി അവരെ ബാധിക്കുന്നുണ്ട്. ഈ തരത്തില്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ടു കൊണ്ട് യൗവനാവസ്ഥയില്‍ എത്തി നില്‍ക്കുന്ന മൂന്ന് പേരിലൂടെയാണ് ഇഷിഗുരോ നോവല്‍ മുന്നോട്ട് നയിക്കുന്നത്. മോഹങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ചു കൊണ്ട് തിരിച്ചറിവിന്റെ ലോകത്തില്‍ എത്തി ചേരുന്ന കാറ്റിക്കും റൂത്തിനും ടോമിക്കും- രണ്ടു സ്ത്രീകളും ഒരു പുരുഷനും-ഇനി ഒരു അതിജീവനം സാധ്യമല്ല എന്നത് അംഗീകരിക്കേണ്ടി വരുന്നു. മരണം ആസന്നമായ അവസ്ഥയാണെന്നും ആത്മാവില്ലാത്ത 'കൃത്രിമ'ശരീരങ്ങള്‍ ആയി ജീവിതം അവസാനിക്കുമെന്നും ഉള്ള ബോധ്യം അവരുടെ വേദന കൂട്ടുകയാണ്.
ക്ലോണുകള്‍ പ്രണയിച്ചാല്‍
രണ്ടു പേര്‍ പ്രണയിച്ചാല്‍ ലോകം മാറുമെന്ന കാല്‍പനികതയുള്ള വാക്യത്തിന് ക്ലോണുകളുടെ ഇടയില്‍ പ്രസക്തി ഇല്ല എന്ന് തന്നെ പറയാം. പ്രണയികളായ ക്ലോണുകളെ അവയവദാനത്തില്‍ നിന്നും ഹ്രസ്വകാലത്തേക്ക് ഒഴിവാക്കാറുണ്ട് എന്ന 'അലിഖിത' നിയമം ഉണ്ടെങ്കിലും അതൊരു നടപ്പിലാക്കാന്‍ സാധിക്കാത്ത ഉത്തരവ് ആയി തീരുകയാണ്. മാത്രമല്ല ഈ വിവരം തന്നെ ക്ലോണ്‍ സമൂഹത്തിലെ ഒരു 'വിലക്കപ്പെട്ട രഹസ്യ'മാണ്. ജീവിക്കാനുള്ള അതിതീവ്രമായ ആഗ്രഹം കൊണ്ട് പരസ്പരം പ്രണയിക്കാന്‍ തയ്യാറാവുന്നവരെയും അവര്‍ക്കിടയില്‍ കാണാന്‍ സാധിക്കും. തങ്ങളുടെ പ്രണയം ഉല്‍ക്കടവും സത്യസന്ധവുമാണെന്നും അത് തകര്‍ക്കാന്‍ കഴിയുകയില്ലെന്നും തെളിവുകള്‍ സഹിതം വ്യക്തമാക്കാന്‍ വ്യഗ്രത കാണിക്കുന്ന കാറ്റിയും ടോമിയും, എന്നാല്‍ അധികൃതര്‍ക്ക് മുന്നില്‍ പരാജയപ്പെടുകയാണ്. ഇത്തരത്തില്‍ വ്യക്തിപരമായ അവകാശം എല്ലാ വിധത്തിലും ലംഘിക്കപ്പെട്ട ഒരു വ്യവസ്ഥിതിയില്‍ ആണ് അവര്‍ ജീവിക്കുന്നത്. Donor ആയും donorനെ പരിചരിക്കുന്ന Carer ആയും ക്ലോണുകളെ വിഭജിച്ചിരുന്നു. പഠനവും വിഭജനവും ഒക്കെ ക്രമമായി നടന്നിരുന്നുവെങ്കിലും ജീവിതത്തില്‍ എന്ത് അവകാശമാണ് ക്ലോണുകള്‍ക്കുള്ളത് എന്ന ചോദ്യം ഉന്നയിക്കുകയാണ് ഇഷിഗുരോ. ഒരു ത്രികോണ പ്രണയത്തിന്റെ അകമ്പടിയോടെയാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നതെങ്കിലും അതിനുമപ്പുറം നൈതികതയുടെ വലിയ ഒരു തലത്തെ അഭിസംബോധന ചെയ്യാനാണ് ഈ നോവല്‍ ശ്രമിക്കുന്നത്.
രക്ഷിതാക്കളോ മാതാപിതാക്കളോ ഇല്ലാതെ വളര്‍ന്ന ടോമിയും റൂത്തും കാറ്റിയും അടങ്ങുന്ന ക്ലോണുകളെ ഹൈല്‍ഷാമില്‍ ചില നിഷ്‌കര്‍ഷകളോട് കൂടെയായിരുന്നു പഠിപ്പിച്ചത്. തന്മൂലം അവര്‍ക്ക് മറ്റുള്ളവരുമായി ഒരു വിവേചനം ഉണ്ടാവുകയും ചെയ്തു. ടോമി വരച്ചിരുന്ന ചിത്രങ്ങള്‍ ഹൈല്‍ഷാം അധികൃതര്‍ പ്രദര്‍ശനത്തിന് എടുത്തിരുന്നില്ല. മൃഗങ്ങളെ ആയിരുന്നു ടോമി വരച്ചിരുന്നത്. പിന്നീട റൂത്തിന്റെയും കാറ്റിയുടെയും പുസ്തകങ്ങളില്‍ ടോമി വരയ്ക്കാന്‍ തുടങ്ങി. മനുഷ്യരെ പോലെ ചിന്തിച്ചുകൊണ്ട് ടോമി വരച്ചിരുന്ന ചിത്രങ്ങള്‍ ക്ലോണ്‍ സമൂഹത്തിനു അനഭിമതമായി. ഇങ്ങനെ മനുഷ്യനും ക്ലോണും തമ്മിലുള്ള ഉച്ചനീചത്വം സകല ഇടങ്ങളിലും സ്പഷ്ടമായി പ്രകടമാകുന്ന ഒരന്തരീക്ഷത്തെയാണ് ഇഷിഗുരോ അവതരിപ്പിക്കുന്നത്. ജൈവികമായ ധാര്‍മ്മികത ഒരു തരത്തിലും പുലര്‍ത്താത്ത സമൂഹത്തിന്റെ രീതികളെ ക്ലോണുകളുടെ കാഴ്ചപ്പാടില്‍ കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു പോസ്റ്റ് ഹ്യൂമന്‍ സമൂഹത്തില്‍ സന്തുലിതമായ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട് എന്നതും പരോക്ഷമായി നോവലില്‍ പറയുന്നുണ്ട്.
ഹൈല്‍ഷാം അധികൃതര്‍ മനുഷ്യരുടേതിന് സമാനമായ സര്‍ഗ്ഗപരമായ നൈപുണ്യം ക്ലോണുകള്‍ക്കും വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവരുടെ കലാരൂപങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിലും മറ്റും അത് വ്യക്തമാണ് . എങ്കിലും ചില അതിരുകള്‍ ഇത്തരം പരിചരണത്തിനും ഉണ്ടായിരുന്നു. മനുഷ്യര്‍ക്കും ക്ലോണുകള്‍ക്കും ഇടയില്‍ സംഭവിക്കുന്ന വര്‍ഗവിവേചനം ഹൈല്‍ഷാമിലും പ്രത്യക്ഷമായിരുന്നു. നാവലിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം കാറ്റി ഒരു തലയണയെ 'Never Let Me Go' എന്ന താരാട്ടു പാടി ഉറക്കുന്നതാണ്. ഇത് കാണുന്ന, പൊതുവെ കര്‍ക്കശസ്വഭാവക്കാരിയായ മാഡം എമിലിയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ട്. വര്ഷങ്ങള്‍ക്കു ശേഷം ഈ സംഭവം അവര്‍ ഓര്‍ത്തെടുക്കുന്നുമുണ്ട്. 'ഞാന്‍ കരഞ്ഞത് മറ്റൊരു കാരണം കൊണ്ടായിരുന്നു. ഞാന്‍ ആ താരാട്ടുരംഗത്ത് വേറൊരു കാഴ്ചയാണ് കണ്ടത്.; പുതിയ ഒരു ലോകം ഉരുവപ്പെടുന്നതിന്റെ കാഴ്ച. കൂടുതല്‍ ശാസ്ത്രീയമായ ഒരു ലോകം; അസുഖങ്ങളെയും വൈഷമ്യങ്ങളെയും ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള ഒന്ന്. എന്നാല്‍ ക്രൂരമായത്. കാരുണ്യം നിറഞ്ഞ പഴയ ലോകത്തെ കുഞ്ഞിനെയെന്നപോലെ ഒരു പെണ്‍കുട്ടി മാറോട് അടക്കി പിടിച്ച ദൃശ്യമാണ് ഞാന്‍ കണ്ടത്. അവളില്‍ നിന്നും ആ ലോകം പോകാതിരിക്കാന്‍ വെമ്പല്‍ കൊണ്ട് never let me go എന്ന ഗാനം ആലപിക്കുന്ന പെണ്‍കുട്ടി'.
യാഥാര്‍ഥ്യവും പ്രതിനിധാനവും
യാഥാര്‍ഥ്യത്തെ യാഥാര്‍ഥ്യത്തിന്റെ അനുകരണത്തില്‍ നിന്നും വേര്‍തിരിച്ചു മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥകളെ പറ്റി ബോദ്രിയാദ് വിശദമായി പഠിച്ചിട്ടുണ്ട്. യാഥാര്‍ഥ്യത്തെ അതിന്റെ പ്രതിനിധാനങ്ങളായി അവതരിപ്പിക്കുന്ന രീതിയാണ് വര്‍ത്തമാനകാല ജീവിതപരിസരങ്ങളില്‍ കാണുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് സംബന്ധിച്ച ബോദ്രിയാദിന്റെ നിരീക്ഷണങ്ങള്‍ 'നെവര്‍ ലെറ്റ് മി ഗോ'വില്‍ എങ്ങനെയെല്ലാം അവരോധിക്കാം എന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്.
Simulacra and Simulation എന്ന പുസ്തകത്തില്‍ അദ്ദേഹം ഈ നിരീക്ഷണങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. സത്യം അഥവാ യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ അത് വികൃതമായിട്ടാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും ബോദ്രിയാദ് വിശ്വസിച്ചു. യാഥാര്‍ഥ്യവും പ്രതിനിധാനവും തമ്മില്‍ ആഴത്തിലുള്ള പരസ്പരബന്ധം ഉണ്ടായെന്നും വരില്ല എന്നും അദ്ദേഹം കരുതി. ഇഷിഗുരോ ഭാവനയില്‍ കണ്ട ക്ലോണുകളുടെ ജീവിതത്തെ മനുഷ്യജീവിതവുമായി തട്ടിച്ചു നോക്കിയാല്‍ ഇപ്പറഞ്ഞ അവലോകനങ്ങള്‍ കൃത്യമായും ശരിയാണ്. മാനുഷികവശങ്ങളുടെ ഊടും പാവും നെയ്തു കൊണ്ട് രൂപപ്പെടുത്തിയ ക്ലോണുകള്‍ക്ക് മനുഷ്യസഹജമായ ചലനങ്ങളുടെ കാന്‍വാസ് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നാണ് 'Never Let Me Go'യിലെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുന്നത്. യന്ത്രവും (കൃത്രിമമനുഷ്യനും) മനുഷ്യനുമായുള്ള വിവേചനം ഇവിടെ പ്രത്യക്ഷത്തില്‍ പ്രകടമാകുന്നില്ല എന്ന് മാത്രമേയുള്ളു; അവര്‍ക്കിടയിലുള്ള അന്തരം നില നില്‍ക്കുക തന്നെ ചെയ്യും. പരിമിതമായ സമയം മാത്രമേ ആയുസ്സുള്ളൂ എന്ന അറിവില്‍ ജീവിക്കേണ്ടി വരുന്നവരുടെ അങ്കലാപ്പുകള്‍ വിവരിക്കാന്‍ പ്രയാസമാണ്. യഥാര്‍ത്ഥ മനുഷ്യരോട് ഇടപഴകി ജീവിക്കുകയുകയും എന്നാല്‍ അവര്‍ക്ക് സ്വായത്തമായ സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ദാരുണമത്രേ. തങ്ങളെ ആരില്‍ നിന്നാണ് രൂപപ്പെടുത്തിയത് എന്നറിയാനുള്ള ആകാംക്ഷ റൂത്തും കാറ്റിയും പ്രകടമാക്കിയിരുന്നു. നോവലിലെ ഒരധ്യായത്തില്‍ റൂത്ത് തന്റെ 'മൂലരൂപ'ത്തെ അന്വേഷിച്ചു പോകുന്ന രംഗം വിവരിച്ചിട്ടുണ്ട്. പോണ്‍ മാസികകളില്‍ ആണ് കാറ്റി തന്റെ 'ഒറിജിനലിനെ' തേടിയത്. ലൈംഗികാഭിനിവേശം തന്നിലേക്ക് പാരമ്പര്യവശാല്‍ ലഭിച്ചതാണെന്നു അവള്‍ വിചാരിച്ചു. അതിനാല്‍ പോണ്‍ മാസികകളില്‍ ആണ് തന്റെ 'യഥാര്‍ത്ഥ' രൂപത്തെ അവള്‍ തെരഞ്ഞത്. 'നിങ്ങളെ സൃഷ്ടിച്ചെടുത്ത ആളെ കണ്ടാല്‍ നിങ്ങളുടെ ജീവിതം എങ്ങനെയെല്ലാമാണ് രൂപപ്പെടുന്നത് എന്നറിയാന്‍ സാധിക്കും' എന്ന വിശ്വാസപ്രമാണത്തില്‍ ആയിരുന്നു കാറ്റി ഇതു ചെയ്തത്. ഭാവിജീവിതത്തെ തന്നിഷ്ടപ്രകാരം കരുപ്പിടിപ്പിക്കാന്‍ കഴിയാതെ പോകുന്ന ഇവരെ പോലുള്ളവരുടെ സ്ഥിതി വേദനാജനകമാണ്.
ക്ലോണിംഗിലൂടെ ജന്‍മമെടുത്ത ആദ്യ സസ്തനിയായ ഡോളി എന്ന ചെമ്മരിയാട് ജൈവ പകര്‍പ്പെടുക്കലിന് നേതൃത്വം നല്‍കിയ സ്‌കോട്ലാന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകനായ ഡോ.ഇയാന്‍ വില്‍മെറ്റിനൊപ്പം
2
സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ്, സ്വത്വബോധം എന്നിവ മനുഷ്യന്റെ അസ്തിത്വത്തെ സ്വാധീനിക്കുന്ന (ബാധിക്കുന്ന) ഘടകങ്ങളാണ്. എന്നാല്‍ മനുഷ്യന് സവിശേഷമായിട്ടുള്ള അവകാശങ്ങള്‍ ഇല്ലാതെ വരുന്ന ക്ലോണുകളുടെ പുനരധിവാസവും അതിജീവനവും സങ്കീര്‍ണമാണ്. അധികാരം, ശരീരം, വിപണി എന്നീ സംവര്‍ഗങ്ങളില്‍ അധിഷ്ഠിതമായ സമകാല വ്യവഹാരങ്ങളുടെ ഭാഗമായിട്ടാണ് ക്ലോണുകളും ഉദയം കൊണ്ടത്. കുത്തൊഴുക്കില്‍ പെട്ട പുഴയിലെ വെള്ളത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മുങ്ങിത്താഴുന്നവരാണ് തങ്ങളെന്ന് ടോമി പറയുന്നുണ്ട്. ജീവിതകാലം മുഴുവന്‍ പരസ്പരം സ്‌നേഹിച്ചിട്ടും ഒരുമിച്ച് ജീവിക്കാന്‍ ഭാഗ്യമില്ലാത്തവരാണ് തങ്ങളെന്നും ടോമി കൂട്ടിച്ചെര്‍ക്കുന്നുണ്ട്. മനുഷ്യരുടെ ജീവിതത്തില്‍ ഗാഢസൗഹൃദത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള ആലോചനയാണ് ഈ നോവല്‍ എഴുതാന്‍ പ്രേരകമായത് എന്ന് ഇഷിഗുരോ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കണം. സമയം ഹ്രസ്വവും മരണം നിശ്ചിതവുമായ ഒരു സാഹചര്യത്തില്‍ മനുഷ്യരുടെ ബന്ധങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഇഴ ചേര്‍ക്കുന്നു എന്നതിന്റെ വിശകലനമാണ് അദ്ദേഹത്തിന്റെ ഈ ഉദ്യമം. അവയവദാനത്തിന് ശേഷം അവസാനിക്കുന്ന ക്ലോണുകളുടെ സ്വത്വബോധം ഒരു നൈതികപ്രശ്‌നമായി പൊതുവെ കണക്കാക്കാറില്ല. തങ്ങളുടെ ജീവിതത്തിനും അതിജീവനത്തിനും മറ്റു വസ്തുക്കളെയും ജീവികളെയും ആശ്രയിക്കുന്ന മനുഷ്യന്റെ ഉപഭോഗതൃഷ്ണയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം (ദുരന്തവും) ആണ് ക്ലോണുകള്‍. മനുഷ്യന്റേതായ ചേതനയും വൈകാരികതയും ഓരോ അണുവിലും പുലര്‍ത്തുന്ന പ്രസ്തുതവര്‍ഗത്തിന് തുല്യനീതി നിഷേധിച്ചു കൊണ്ട് മനുഷ്യര്‍ ശാസ്ത്രത്തെ സ്വാര്‍ത്ഥപരമായ വ്യവഹാരമാക്കുകയാണ്. ദൈനംദിനവ്യവഹാരങ്ങള്‍ പോലും ടെക്‌നോളജി ഏറ്റെടുത്ത സ്ഥിതിയില്‍ മനുഷ്യവംശത്തിന്റെ ആശ്രിതത്വത്തിന്റെ പ്രമാണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകളും ചിപ്പുകളും പകരുന്ന സംസ്‌കാരത്തിന്റെ ഇടയിലാണ് നാം ജീവിക്കുന്നത്. 'ജീവിതം' എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുകയും 'ജീവിതശൈലി'യ്ക്ക് പ്രാധാന്യം വരികയുമാണ്.
പുതിയൊരു രീതിക്ക്/ പരീക്ഷണത്തിന് ഘടനാപരമായ സാധ്യത കല്പിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അത് ഫലപ്രദമാവുമോ എന്നത് തീര്‍ച്ചയില്ല. അതു പോലെ ഇത്തരം നവീനരീതികള്‍ വസ്തുതാപരമായി കൃത്യമാവുമോ എന്നതും തര്‍ക്കവിഷയമാണ്. വസ്തുവിന്റെ ഘടനാപരമായ നിലനില്‍പ്പ് എല്ലാ തുറകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കണമെന്നില്ല. മനുഷ്യന്റെ ബുദ്ധിയും വ്യവസ്ഥിതികളും ചേര്‍ന്നൊരുക്കുന്ന പ്രശ്‌നഭൂമികയിലേക്ക് കൃത്രിമമായി നിര്‍മിച്ച രൂപങ്ങളെയും മാതൃകകളെയും വിന്യസിപ്പിക്കാന്‍ കഴിയും. മനുഷ്യന്‍ പെരുമാറുന്നത് പോലെ അവയും പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ മനുഷ്യന്റെ സവിശേഷമായ അന്തസത്ത അവയ്ക്കുണ്ടാവുന്നില്ല. ക്ലോണുകളെ ഈ ഗണത്തില്‍ പെടുത്താവുന്നതാണ് അടിമത്തസമ്പ്രദായത്തിന്റെ കാലത്ത് അടിമകളെ ഉപയോഗിച്ചിരുന്ന വിധത്തിന്റെ കാലികോദാഹരണമായി ക്ലോണുകളെ കരുതുന്നതില്‍ തെറ്റില്ല.
യന്ത്രചേതനയുടെ സൃഷ്ടികര്‍മ്മങ്ങള്‍
പൂര്‍ണമായും യന്ത്രവല്‍ക്കരിക്കപ്പെട്ട ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ശാസ്ത്ര -സാങ്കേതിക ലോകം വിഭാവനം ചെയ്യുന്നുണ്ട്. എന്നാലും എവിടെക്കൊയോ വിശ്വാസക്കുറവിന്റെയും ഉത്കണ്ഠയുടെയും നിഴലുകളുണ്ട്. ബോധത്തിന്റെ സത്ത മനുഷ്യനില്‍ നിന്ന് ഉപകരണത്തിലേക്ക് (യന്ത്രത്തിലേക്ക്) സംക്രമിക്കുന്നതിനെ പറ്റി ഒ വി വിജയന്‍ 'മധുരം ഗായതി' എന്ന നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രത്തിന്റെ മുറ പ്രജ്ഞയില്‍ നിന്നുറവെടുത്ത അന്വേഷണമാണെന്നു പറഞ്ഞു വെയ്ക്കുന്ന നോവലില്‍ വികാരവും സര്‍ഗ്ഗശക്തിയും ഉള്ള യന്ത്രചേതനയുടെ സൃഷ്ടികര്‍മ്മത്തെ കുറിച്ച് സംവദിക്കുന്നുണ്ട്. മനുഷ്യന്റെ വൈകാരിക ദൗര്‍ബല്യങ്ങള്‍ മറി കടക്കാന്‍ അവന്‍ ബുദ്ധി കൊണ്ട് സൃഷ്ടിച്ച യന്ത്രങ്ങള്‍ക്കും മറ്റു രൂപങ്ങള്‍ക്കും സാധ്യമാകും എന്നാണ് പൊതുവിശ്വാസം.
യന്ത്രങ്ങള്‍ക്ക് മനുഷ്യന്റെ ബുദ്ധിയെയും ചിന്താശക്തിയെയും കീഴടക്കി കൊണ്ട് വിവേകപൂര്‍വം പെരുമാറാനാവുമോ എന്ന ചിന്ത ശാസ്ത്രലോകത്തെ എപ്പോഴും അലട്ടിയിരുന്നു. സാങ്കേതികതമുന്നേറ്റങ്ങള്‍ നമ്മുടെ ജീവിതയിടങ്ങളെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുമോ എന്നതിനേക്കാള്‍ അവയെ ഉപയോഗിച്ച് നമ്മുടെ അറിവും ബുദ്ധിയും വികസിപ്പിക്കുക എന്നതാണ് പ്രായോഗികത. മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവ് ഈ തത്വത്തിന്റെ ഏറ്റവും മികച്ച പ്രചാരകനാണ്. . Deep Thinking എന്ന അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ ഇത്തരം ആശയങ്ങള്‍ ആണ് ഉള്ളത്. കമ്പ്യൂട്ടറുമായി പല വട്ടം മത്സരിച്ചു ജയപരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനെ അദ്ദേഹം വസ്തുനിഷ്ഠമായി അവലോകനം ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും അദ്ദേഹം പഠിച്ച ഒരു പാഠമുണ്ട്. മനുഷ്യന്‍ തങ്ങളോട് തന്നെ മത്സരിച്ച് ജ്ഞാനവും ഉള്‍ക്കാമ്പും ബുദ്ധിയും വികസിപ്പിക്കുകയാണ് വേണ്ടത് എന്നാണ് കാസ്പറോവ് അഭിപ്രായപ്പെടുന്നത്. അതാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും കാസ്പറോവ് ഊന്നിപ്പറയുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുതിയ ആശയങ്ങളെ മനുഷ്യനന്മയ്ക്ക് ഉതകുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ മനുഷ്യചേതനയും പുതിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാവണം.
വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
അമേരിക്കയിലെ ചിന്തകനായ ഫ്രാന്‍സിസ് ഫുക്കുയാമ ക്ലോണിങ്ങിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മാനവരാശിയുടെ നീതിശാസ്ത്രത്തെ തകര്‍ക്കുന്ന തരത്തിലുള്ള ക്ലോണിങ് പോലെയുള്ള രീതികള്‍ പ്രതിലോമകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സാങ്കേതികത മനുഷ്യന്റെ യജമാനനായി വര്‍ത്തിക്കാതെ സഹായിയായി തീരുന്നതാണ് അഭികാമ്യം എന്നാണ് ഫുക്കുയാമ 'Our Post Human Future' എന്ന പുസ്തകത്തില്‍ ദൃഢസ്വരത്തില്‍ പറയുന്നത് ഈ ഘട്ടത്തില്‍ എടുത്തു പറയണം. 2015ല്‍ എഴുപതോളം രാജ്യങ്ങളില്‍ ക്ലോണിങ് നിയമപരമായി നിരോധിച്ചെങ്കിലും അമേരിക്കയെ പോലൊരു രാജ്യത്ത് നിരോധനം എത്ര മാത്രം ഫലപ്രദമാണെന്ന് തീര്‍ച്ചയില്ല. മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതിനനുസരിച്ചുള്ള രൂപരേഖ പ്രകാരം കുട്ടികളെ 'സൃഷ്ടിക്കുന്ന' ഈ സമ്പ്രദായം അപകടകരമായ ചുറ്റുപാടുകളാണ് സംജാതമാകുന്നത്. അവയദാനത്തിനു ശേഷം നോവലിലെ ക്ലോണുകള്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങുകയാണ്. മരണം എന്ന വാക്കിനു പകരം 'പൂര്‍ത്തീകരണം' എന്ന പദമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മുന്‍കൂട്ടി ചര്‍ച്ച ചെയ്ത ഒരു പദ്ധതിയിലെ വിഭവങ്ങള്‍ മാത്രമായി ക്ലോണുകള്‍ ഒതുങ്ങുകയാണ്. ഫുക്കുയാമയുടെ ആശങ്ക ശരി വെയ്ക്കുന്ന വിധത്തിലാണ് നോവലിലെ കാഴ്ചപ്പാട്ഫുക്കുയാമ സൂചിപ്പിക്കുന്ന വിധത്തില്‍ ലോകം സുസ്ഥിരതയ്ക്ക് വേണ്ടി ക്ലോണുകളെ വാര്‍ത്തെടുക്കുന്നതില്‍ ഇനിയും താത്പര്യം കാണിച്ചേക്കാം. എന്നാല്‍ ഇത്തരത്തില്‍ ജനനം കൊള്ളുന്ന ക്ലോണുകള്‍ നേരിടുന്ന പരമപ്രധാനമായ പ്രശ്‌നം അവരുടെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ല എന്നതാണ്. ഇഷിഗുരോ ഈ നോവലിലൂടെ ഉയര്‍ത്തുന്ന വാദഗതിയും ഇതു തന്നെയാണ്.
ലോകത്തിന്റെ 'അവസാനത്തെ' തടയാന്‍ വേണ്ടിയുള്ള പരീക്ഷങ്ങളെ സംബന്ധിച്ച ഫിക്ഷനുകള്‍ ധാരാളമുണ്ട്. സയന്‍സ് ഫിക്ഷന്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളതും ഈ പ്രമേയം ആസ്പദമാക്കിയാണ്. ഒരു ഡിസ്‌ട്ടോപ്യന്‍ ലോകത്തെ ടെക്‌നോളജിയുടെ സഹായത്തോടെ എങ്ങനെ മറി കടക്കാം എന്ന അന്വേഷണമാണ് ഇത്തരം നോവലുകളുടെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അത്തരം നോവലുകള്‍ പൊതുവെ ശാസ്ത്രത്തിനും സാങ്കേതികമാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മാനവികാംശങ്ങളെ അത്ര കണ്ട പരിഗണിക്കുകയും ചെയ്യാറില്ല. ഇവിടെയാണ് Never Let Me Go എന്ന നോവല്‍ വ്യത്യസ്തവും പ്രസക്തവും ആവുന്നത്. ശാസ്ത്ര-സാങ്കേതികതയുടെ ഉത്പന്നങ്ങളായ കഥാപാത്രങ്ങള്‍ മനുഷ്യരുടെ വികാരവിചാരങ്ങള്‍ അതേ പോലെ അനുഭവിപ്പിക്കുകയാണ് ഈ നോവലില്‍
യഥാര്‍ത്ഥമനുഷ്യന്‍, അയഥാര്‍ത്ഥമനുഷ്യന്‍, ഉപമനുഷ്യന്‍ എന്നിങ്ങനെയുള്ള തരംതിരിവുകള്‍ ഭാവിയില്‍ സാധ്യമായേക്കും. ഏതെല്ലാം ഘടകങ്ങളാണ് മാനസികവും ശാരീരികവും വളര്‍ച്ചയില്‍ ഇവരെ പിന്തുണയ്ക്കുക എന്നതിനും കാലക്രമത്തില്‍ മാറ്റമുണ്ടായെന്നു വരാം. ശാസ്ത്രത്തിന്റെ പിന്തുണയോട് കൂടി മനുഷ്യന്‍ വരുംതലമുറയ്ക്ക് ചില പ്രത്യേക കഴിവുകളുണ്ടാവാന്‍ ശ്രമിക്കുന്നതിലും അത്ഭുതപ്പെടാനില്ല. പരസ്പരമുള്ള സംഘര്ഷങ്ങള്‍ കുറയ്ക്കാനും വേറിട്ടൊരു തലത്തില്‍ ആശയസംവേദനം നടക്കാനും ഇവിടെ പറഞ്ഞ മൂന്നു കൂട്ടരും എന്താണ് ചെയ്യേണ്ടത് എന്ന് കൂടി ശാസ്ത്രലോകം ആലോചിക്കേണ്ടത് ആവശ്യമാണ്. ഇത്തരം പരിസരത്തിലെ, ചില സൂചകങ്ങള്‍ തീര്‍ക്കാനാണ് പോസ്റ്റ് ഹ്യൂമന്‍ പശ്ചാത്തലത്തിലുള്ള ഫിക്ഷനുകള്‍ മുന്‍കൈ എടുക്കുന്നത്.
References
1. Never Let Me Go- Kazuo Ishiguro- Faber & Faber
2. Deep Thinking- Garry Kasparov- Hachette
3. മധുരം ഗായതി- ഒ വി വിജയന്‍-ഡി സി ബുക്‌സ്