സിനിമാക്കാരുടെ ഉരുളയ്ക്ക് പുളിക്കന്റെ ഉപ്പേരി!
പുസ്തകപ്പുഴ . ജോര്‍ജ് പുളിക്കന്റെ 'എരിവും പുളിയും' എന്ന പുസ്തകത്തിന്റെ വായന കെ. വി മധു എഴുതുന്നു
സിനിമാപ്രവര്‍ത്തകരെ ആരെയും വെറുതെ വിടുന്നില്ല. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീനടന്മാര്‍ തുടങ്ങി സിനിമാമേഖലയിലെ സകലരുടെയും പ്രതികരണങ്ങള്‍ക്ക് ഉപ്പേരി പോലെ നല്‍കിയ മറുപടികളുടെ സമാഹാരമാണ് 'എരിവും പുളിയും' എന്ന പുസ്തകം. അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ മഞ്ജുവാര്യര്‍വരെ, മമ്മൂട്ടിയും മോഹന്‍ലാലും മീനയും മുതല്‍ ജൂഹിചൗളവരെ, ബാബു ആന്റണി മുതല്‍ കെപിഎസി ലളിത വരെ, മാമുക്കോയ മുതല്‍ ഷാരൂഖ് ഖാന്‍ വരെ-ആരും ആ ഉപ്പേരിയില്‍നിന്നും വിട്ടുപോവുന്നില്ല. 'ചിത്രഭൂമി'യിലെ മറുമൊഴി എന്ന കോളത്തില്‍ ആഴ്ചതോറും പ്രസിദ്ധീകരിച്ച ഉരുളകളും ഉപ്പേരികളുമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലുള്ളത്.
ഉരുളയ്ക്കുപ്പേരി എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. തനിക്ക് മുന്നിലെത്തുന്ന ഏതൊരു പ്രസ്താവനയ്ക്കും മറുമൊഴി ചമയ്ക്കുന്ന രസികനാണ് മലയാളി എന്നതു കൊണ്ടാവാം ആ ചൊല്ല്. എവിടെ എന്തുകേട്ടാലും രണ്ടഭിപ്രായം അങ്ങ് തട്ടിവിടുന്നവരാണ്, മിക്കവരും. പണ്ടൊക്കെ ആള്‍ക്കൂട്ടം ഒത്തുചേരുന്ന ഇടങ്ങളോ ചായക്കടകളോ ആയിരുന്നു അരങ്ങ്. പുതിയ കാലത്ത് അത് സാമൂഹ്യമാധ്യമങ്ങളാണ്. ഏതു മഹാന്റെയും പ്രൊഫൈലില്‍ പോയി അവരുടെ പോസ്റ്റുകള്‍ക്ക് താഴെ ഒരഭിപ്രായം തട്ടിവിടാന്‍ മലയാളി പ്രത്യേകം ശ്രദ്ധിക്കും. 'മിസ്റ്റര്‍ ബുഷ്, നിങ്ങളോടെനിക്ക് വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല, പക്ഷേ കുവൈത്ത് യുദ്ധത്തിന് നിങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ' എന്ന് ചോദിച്ച പ്രാദേശിക സഖാവ് മുതല്‍ ഓരോരുത്തരിലും കക്ഷിരാഷ്ട്രീയഭേദമെന്യേ ഈ മലയാളീ വ്യക്തിത്വം കാണാന്‍ കഴിയും.
ഉരുളയ്ക്ക് ഉപ്പേരി പറയുന്ന മലയാളിയുടെ മുഖമാണ് ജോര്‍ജ്ജ് പുളിക്കന്‍ എഴുതിയ 'എരിവും പുളിയും' എന്ന പുസ്്തകത്തില്‍. സിനിമാക്കാരുടെ ഉരുളയ്ക്കുള്ള ഉപ്പേരികള്‍ എന്നാണ് പുസ്തകത്തിന്റെ ടാഗ് ലൈന്‍ തന്നെ.
സിനിമാപ്രവര്‍ത്തകരെ ആരെയും വെറുതെ വിടുന്നില്ല. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീനടന്മാര്‍ തുടങ്ങി സിനിമാമേഖലയിലെ സകലരുടെയും പ്രതികരണങ്ങള്‍ക്ക് ഉപ്പേരി പോലെ നല്‍കിയ മറുപടികളുടെ സമാഹാരമാണ് 'എരിവും പുളിയും' എന്ന പുസ്തകം. അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ മഞ്ജുവാര്യര്‍വരെ, മമ്മൂട്ടിയും മോഹന്‍ലാലും മീനയും മുതല്‍ ജൂഹിചൗളവരെ, ബാബു ആന്റണി മുതല്‍ കെപിഎസി ലളിത വരെ, മാമുക്കോയ മുതല്‍ ഷാരൂഖ് ഖാന്‍ വരെ-ആരും ആ ഉപ്പേരിയില്‍നിന്നും വിട്ടുപോവുന്നില്ല. 'ചിത്രഭൂമി'യിലെ മറുമൊഴി എന്ന കോളത്തില്‍ ആഴ്ചതോറും പ്രസിദ്ധീകരിച്ച ഉരുളകളും ഉപ്പേരികളുമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലുള്ളത്.
സമകാലിക സംഭവങ്ങളോട് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണത്തിലെ ഉരുളകള്‍ തപ്പിയെടുത്ത്, അതിനോരോന്നിനും ഉപ്പേരി ചമയ്ക്കുകയാണ് പുളിക്കന്‍ ചെയ്തത്. വാരാന്ത്യങ്ങളില്‍ വായനക്കാര്‍ക്ക് ലഭിച്ചിരുന്ന വിരുന്ന് പുസ്തകരൂപത്തിലെത്തുമ്പോള്‍ വായനക്കാരന് മറ്റൊരു അനുഭവമാകുകയാണ്. ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന പലരും അവരുടെ മേഖലകളില്‍ ഈ കാലത്തിനിടയ്ക്ക് ഉയര്‍ച്ച താഴ്ചകളിലൂടെ സഞ്ചരിച്ചുകഴിഞ്ഞു. താരസമ്പന്നമായ ആ ഭൂതകാലത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഒരാളായി വായനക്കാരനും മാറും.
'പുളിയില്‍ അല്‍പ്പം കാര്യം' എന്ന തലക്കെട്ടില്‍ സത്യന്‍ അന്തിക്കാട് എഴുതിയ ആമുഖക്കുറിപ്പില്‍ പറയുന്നതുപോലെ പുളിക്കന്റെ തട്ടുകള്‍ക്കിരയാകാത്തവരായി സിനിമയില്‍ ആരുമുണ്ടാകില്ല.
സത്യന്‍ അന്തിക്കാട് പ്രിയപ്പെട്ട ഒരു തമാശയും ഉദാഹരിക്കുന്നുണ്ട്.
'' കുഞ്ചന്‍ നമ്പ്യാരും വികെഎന്നുമൊക്കെ കടന്നുപോയ വഴികളിലൂടെയാണ് പുളിക്കന്‍ എന്ന കുഞ്ഞുറുമ്പിന്റെയും യാത്ര. ശുദ്ധമായ ഹാസ്യത്തിലൂടെ തൊടുത്തുവിടുന്ന അമ്പുകള്‍ അതുകൊള്ളുന്നവരെയും ചിരിപ്പിക്കും. ഉദാഹരണത്തിന് ക്യാപ്റ്റന്‍ രാജുവിനെ പറ്റിയുള്ള ഒരു പരാമര്‍ശം നോക്കുക. അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തു. പടം എട്ടുനിലയില്‍ പൊട്ടി. രണ്ടാമതൊരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങവേ ഒരു അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജുപറഞ്ഞു, 'സ്‌നേഹഗാഥ എന്ന സിനിമയുടെ പരാജയം എനിക്ക് വല്ലാത്തൊരു അടിയായി. അതുകൊണ്ട് അടുത്ത സിനിമ വളരെ ആലോചിച്ചാണ് പ്ലാന്‍ ചെയ്യുന്നത്'
പുളിക്കന്റെ മറുമൊഴി: 'ആദ്യം കിട്ടിയ അടിക്ക് ചൂടുപോര'
ഇതുവായിച്ച് ക്യാപ്റ്റന്‍ തന്നെ ചിരിച്ചുകാണും.''
പഴയ തലമുറ മാത്രമല്ല, ഏറ്റവും പുതിയ താരങ്ങളും സംവിധായകരും എഴുത്തുകാരുമൊക്കെ ഉപ്പേരിക്ക് ഇരയാകുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ ഒരു പ്രസ്താവനയ്ക്ക് കൊടുത്ത മറുപടി നോക്കുക.
ലഹരി ക്രിയേറ്റിവിറ്റിയെ വളര്‍ത്തുമെന്ന് പറയുന്നത് മിഥ്യാധാരണയാണ്-വിനീത് ശ്രീനിവാസന്‍
മറുപടി: മിഥ്യാധാരണ മാറ്റാനാണ് പലരും ലഹരി ഉപയോഗിക്കുന്നത്!
അവതാരികയില്‍, കൃഷ്ണ പൂജപ്പുര പറയുന്ന ഒരു വിചാരം കൂടി കാണുക:
'' ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ 1997 മുതലിങ്ങോട്ടുള്ള മലയാള സിനിമയുടെ പോക്ക് തന്നെ അനുഭവിക്കാന്‍ കഴിയും. സൂപ്പര്‍ നായികമാര്‍ക്കും നായകന്മാര്‍ക്കും സംവിധായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊക്കെയുള്ള മറുപടികള്‍ രണ്ടോ മൂന്നോ വാക്കുകളില്‍ നിറച്ച വെടിക്കെട്ടുതന്നെയാണ്. ''
ഇതാ ഒരു സാമ്പിള്‍:
ഒരു പ്രശസ്ത സംവിധായകന്‍ പറയുന്നു, 'കലാമേന്മ എന്നാലെന്താണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല'
മറുപടി: 'സ്വന്തം സിനിമയില്‍ ഇല്ലാത്ത എന്തോ ഒരു സാധനം എന്ന് കരുതിയാല്‍ മതി'