വിചിത്രമായൊരു യാത്ര, ആദ്യം ട്രെയിന്‍, പിന്നെ മഞ്ഞുവണ്ടി, ഭയന്നിട്ടും ചിരിച്ച് ഒരമ്മയും മക്കളും!
പുസ്തകപ്പുഴയില്‍ ഇന്ന് സോവിയറ്റ് എഴുത്തുകാരന്‍ അര്‍ക്കാദി ഗൈദറിന്റെ 'ചുക്കും ഗെക്കും' എന്ന പുസ്തകത്തിന്റെ വായന. ബിന്‍സി സുജിത് എഴുതുന്നു
ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
ഗൃഹാതുരത സമ്മാനിക്കുന്ന ചില പ്രിയ ഗന്ധങ്ങളുണ്ട്. ചുമരിലെ മരയലമാരയിലും മുറിയുടെ ഇരുണ്ട മൂലയിലെ മരപ്പെട്ടിയിലും അടുക്കി വെച്ച പുസ്തകങ്ങളെടുത്ത് മറിക്കുമ്പോള്‍ ഉള്ളില്‍ നിറയുക ആ ഗന്ധമാണ്.
മധ്യ വേനലവധിക്കാലങ്ങളിലെ മേടസൂര്യന്റെ കാഠിന്യവും വേനല്‍മഴയുടെ ഗന്ധവും അനുഭവിച്ചിരുന്നത് അച്ഛന്‍ പെങ്ങളുടെ വീടും പരിസരങ്ങളിലുമായാണ്. വീടിന്റെ അകത്തളത്തിലും തൊടിയിലുമൊക്കെ ചുമ്മാ കറങ്ങി നടന്ന് കഴിച്ചുകൂട്ടിയ വിരസമായ പകലുകള്‍. അങ്ങനൊരു ദിവസം ചേട്ടന്‍ രാവിലെ ജോലിയ്ക്ക് പോകുന്നതിന് മുന്‍പ് എന്നെ വിളിച്ച് മുറിയിലെ മേശയോട് ചേര്‍ന്നുള്ള തടിയലമാരയില്‍ ഭംഗിയായി അടുക്കി വച്ച പുസ്തകങ്ങളില്‍ ഒന്ന് വായിക്കാന്‍ എടുത്ത് തന്നു. ഒരു മൂന്നാം ക്ലാസുകാരിയ്ക്ക് ബാലരമയും പൂമ്പാറ്റയും അല്ലാതെ കയ്യില്‍ കിട്ടിയ ആദ്യ കഥാപുസ്തകം. സോവിയറ്റ് എഴുത്തുകാരനായിരുന്ന അര്‍ക്കാദി ഗൈദറിന്റെ 'ചുക്കും ഗെക്കും.'
മോസ്‌കോ നഗരത്തില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന ചുക്ക്, ഗെക്ക്, എന്നീ രണ്ട് ബാലന്‍മാരുടെ കഥ.
'പണ്ട് നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ഒരാള്‍ പാര്‍ത്തിരുന്നു. അയാള്‍ കഠിമായി അധ്വാനിച്ചെങ്കിലും ജോലി ഒരിക്കലും തീര്‍ന്നിരുന്നില്ല. അതുകൊണ്ട് ഒഴിവിനു വീട്ടില്‍പ്പോകാന്‍ അയാള്‍ക്കു സമയം കിട്ടിയില്ല. ഒടുവില്‍ മഞ്ഞുകാലം വന്നപ്പോള്‍ അയാള്‍ക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുമൊന്നിച്ച് തന്നെ വന്നു കാണാന്‍ അയാള്‍ ഭാര്യയ്‌ക്കെഴുതി. അയാള്‍ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ചുക്കും ഗെക്കും.'
ഇങ്ങനെ ആരംഭിയ്ക്കുന്ന മനോഹരമായ കഥയിലെ ആ അച്ഛന്റെ പേര് സെര്യോഗിന്‍ എന്നായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് യാത്ര പുറപ്പെടുകയാണ് അമ്മയും കുട്ടികളും. അവരുടെ തീവണ്ടി യാത്രയും അതുകഴിഞ്ഞ് മഞ്ഞിലൂടെയുള്ള ബുദ്ധിമുട്ടേറിയ സഞ്ചാരവും ഉള്ളില്‍ തൊടുംവിധം വിവരിച്ചിരിക്കുന്നു നോവലില്‍.
യാത്രയ്ക്ക് മുന്‍പ്, യാത്ര നീട്ടി വെയ്ക്കണമെന്ന് അറിയിച്ച് സെര്യോഗിന്‍ അയച്ച കമ്പി സന്ദേശം ചുക്കിനും ഗെക്കിനും ലഭിച്ചിരുന്നു. അവരുടെ വഴക്കിനിടയില്‍ അത് നഷ്ടപ്പെട്ടു. ഈ വിവരം അവര്‍ പേടി മൂലം അമ്മയോട് പറയുന്നില്ല. ഇതറിയാതെ പുറപ്പെട്ട അമ്മയും കുട്ടികളും ലക്ഷ്യ സ്ഥാനത്ത് എത്തിയെങ്കിലും സെര്യോഗിന്‍ അവിടെ ഇല്ലായിരുന്നു. അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലിസംബന്ധമായി പത്തു ദിവസത്തേയ്ക്ക് മറ്റൊരു സ്ഥലത്തേയ്ക്കു പോയി. ഈ വിവരം വീടുസൂക്ഷിപ്പുകാരനാണ് അവരോട് പറയുന്നത്.
പത്തുദിവസം! അത്രനാളുകള്‍ തള്ളിനീക്കുന്നതിനുള്ള ഭക്ഷണം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല അത്ര ദിവസം അവിടെ തങ്ങുന്നതിനുള്ള മറ്റു സൗകര്യങ്ങളും ലഭ്യമായിരുന്നില്ല, അവിടെ വന്യജീവികളുടെ ശല്യവുമുണ്ട്. ആ അവസ്ഥയില്‍ അവര്‍ കടന്ന് പോകുന്ന ബുദ്ധിമുട്ടുകളിലൂടെയാണ് കഥ മുന്നേറുന്നത്.
സെര്യോഗിന്റെ ജോലി സ്ഥലത്തെത്താന്‍ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്. ആദ്യം തീവണ്ടിയില്‍. പിന്നെ മഞ്ഞു വണ്ടിയില്‍. ദുഷ്‌ക്കരമായ യാത്ര. അതിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമോ എന്ന ഭയവും. എങ്കിലും അവര്‍ യാത്ര പുറപ്പെടുന്നു.
അമ്മയും മക്കളും കൂടിയുള്ള തീവണ്ടിയാത്ര. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ള ഏതൊരു കുടുംബത്തിലും ഒരു യാത്രയ്ക്കിടയിലുണ്ടാകുന്ന എല്ലാ കുസൃതികളിലൂടെയും കുറുമ്പുകളിലൂടെയും ചുക്കും ഗെക്കും കടന്നു പോകുന്നു. രാത്രി യാത്രയുടെ ഭംഗി ഗെക്കിന്റെ കാഴ്ചയിലൂടെ മനോഹരമായി വര്‍ണ്ണിക്കപ്പെടുന്നു. ഒരു രാത്രിയും പകലും നീണ്ട യാത്രയ്ക്ക് ശേഷം തൈഗയിലേക്ക് മഞ്ഞുവണ്ടിയിലുള്ള യാത്ര.
തീവണ്ടിയിറങ്ങി അച്ഛനെ സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന കുട്ടികള്‍ക്ക് അച്ഛനോടുള്ള സ്‌നേഹം എത്രയെന്ന് മനസ്സിലാക്കാന്‍, തുടക്കത്തില്‍ കുറിച്ച ഈ ഒരു വരി മതി: 'മോസ്‌കോ ലോകത്തില്‍ വച്ച് ഏറ്റവും നല്ലനഗരമാണെങ്കില്‍പ്പോലും അച്ഛന്‍ ഒരു കൊല്ലം മുഴുവന്‍ അടുത്തില്ലാത്തപ്പോള്‍ മോസ്‌കോപോലും രസമില്ലാത്ത ഇടമായെന്നുവരും.'
മഞ്ഞിലൂടെയുള്ള യാത്രയും തണുപ്പിനെ നേരിടാനുള്ള അവരുടെ ഒരുക്കങ്ങളുമൊക്കെ വായിക്കുമ്പോള്‍ നമ്മുടെ ഉള്ളിലും ഒരു മഞ്ഞുമഴ പെയ്ത് തുടങ്ങും. ഒരു കരിമ്പടത്തിനുള്ളിലേക്ക് ചുരുണ്ട് കൂടാനും നല്ല ചൂടുള്ള സമോവര്‍ ചായ കുടിയ്ക്കാനും നമുക്കും തോന്നും. അത്ര ഹൃദ്യമാണ് ഓരോ വിവരണങ്ങളും.. കുട്ടിക്കാലത്തെ വായനകളില്‍ മഞ്ഞിലൂടെയുള്ള യാത്ര തുടങ്ങി കഴിഞ്ഞാല്‍ രാത്രി സ്വപ്നങ്ങളില്‍ ഞാനും യാത്രയിലായിരിയ്ക്കും. തൈഗയുടെ മനോഹാരിതയിലൂടെ, നീലമലയുടെ മുകളില്‍ സാവധാനത്തില്‍ ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന് നേരെ, ഒഴുകി നടന്നിരുന്ന രാവുകള്‍.
പുതിയൊരു നാടിനെപ്പറ്റിയും അവിടത്തെ കാലാവസ്ഥയെ പറ്റിയും ജീവിതത്തെ പറ്റിയുമൊക്കെയുള്ള വിവരണങ്ങള്‍ അത്ഭുതത്തോട് കൂടിയാണ് അറിഞ്ഞിരുന്നത്. ആ നാടും ജീവിതവും നമ്മുടെ കണ്ണിന് മുന്നില്‍ തെളിയുന്ന വിധമാണ് വിവരണങ്ങളത്രയും.
ജോലി കഴിഞ്ഞ് ചേട്ടന്‍ വരുമ്പോള്‍ പുസ്തകവുമായി പമ്മി ചെന്ന് നില്‍ക്കും. വായിച്ചിടം വരെയുള്ള കഥ പറയണമല്ലോ. കപട ഗൗരവത്തില്‍ ചേട്ടനത് കേള്‍ക്കുമ്പോള്‍ ടീച്ചറുടെ അടുത്ത് ഉത്തരം പറയുന്ന കുട്ടിയുടെ ഭാവമായിരുന്നെനിക്ക്. നനവൂറുന്ന ഓര്‍മകളായിരുന്നു അവ.
അവര്‍ യാത്ര ചെയ്ത ദൂരവും മുന്നിലേക്ക് കിടക്കുന്ന ദൂരത്തെപ്പറ്റിയും ഗെക്കിന്റെയും അമ്മയുടേയും ചിന്തകളിലൂടെ നമുക്ക് മനസിലാക്കി തരുന്നുണ്ട് കഥാകാരന്‍.
''അച്ഛന്‍ എത്തിയിരിക്കുന്നത് ഏതാണ്ട് ഭൂമിയുടെ അറ്റത്താണെന്നു തോന്നുന്നു!''
സാഹസികനായ ഭര്‍ത്താവു വന്നെത്തിയിട്ടുള്ള ഈ സ്ഥലത്തേക്കാള്‍ അകലെയായി ലോകത്ത് അധികമിടങ്ങള്‍ കാണാന്‍ വഴിയില്ല, തീര്‍ച്ച.
യാത്രയ്‌ക്കൊടുവില്‍ അവര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു. പിറ്റേന്നു മുഴുവനും അവര്‍ കാടുകളിലൂടെയും കുന്നുകളുടെ മീതേയും യാത്ര ചെയ്തു. കുന്നു കയറാന്‍ നേരത്ത് വണ്ടിക്കാരന്‍ താഴെയിറങ്ങി മഞ്ഞിലൂടെ വണ്ടിക്കരികില്‍ നടക്കും. കുത്തനെയുള്ള ഇറക്കത്തില്‍ അവരുടെ വണ്ടി അതിവേഗം പാഞ്ഞു. തങ്ങളുടെ ഹിമവണ്ടിയും കുതിരകളുമെല്ലാം മാനത്തുനിന്നും പൊട്ടി വീഴുകയാണോ എന്ന് ചുക്കിനും ഗെക്കിനും തോന്നി.
സന്തോഷത്തോടെ അവര്‍ എല്ലാവരും ഇറങ്ങിച്ചെന്നെങ്കിലും നാളുകളായി ആള്‍താമസമില്ലാത്തത് പോലെ കിടന്ന അവിടം അവരില്‍ നിരാശയും ആശങ്കയും ജനിപ്പിയ്ക്കുന്നു. മഞ്ഞു വണ്ടിയ്ക്കാരന്‍ അയാള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ കൈമാറി സഹായിക്കുന്നുണ്ട്. അതില്‍ എനിക്ക് വളരെ കൗതുകകരമായി തോന്നിയൊരു കാര്യമുണ്ട്. ഗവേഷണ കേന്ദ്രത്തോട് ചേര്‍ന്ന് സൂക്ഷിപ്പുകാരന്റെ വീടുണ്ട്. അയാള്‍ അവിടെ ഇല്ലായിരുന്നു. അയാള്‍ വൈകാതെ തിരിച്ചെത്തുമെന്ന് മഞ്ഞുവണ്ടിക്കാരന്‍ പറയുന്നുണ്ട്. അതെങ്ങനെയാണ് അയാള്‍ പറയുന്നതെന്നോ...വായിക്കൂ..:
''...വണ്ടിക്കാരന്‍ അകത്തു കടന്നുവന്നു. മുറിയുടെ ചുറ്റും കണ്ണോടിച്ച് മണം പിടിച്ചിട്ട് അയാള്‍ അടുപ്പിന്റെയടുത്തേക്കു നടന്ന് ഉള്ളിലേക്കു നോക്കി. 'സൂക്ഷിപ്പുകാരന്‍ ഇരുട്ടുന്നതിനു മുമ്പു വരും' അയാള്‍ അവര്‍ക്ക് ഉറപ്പുകൊടുത്തു. 'കണ്ടില്ലേ, ഒരു പാത്രം മുട്ടക്കൂസ് സൂപ്പിരിക്കുന്നത്. ഒരു ദീര്‍ഘയാത്രയ്ക്കു പോയിരുന്നതാണെങ്കില്‍ അയാള്‍ ഈ സൂപ്പ് തണുത്ത സ്ഥലത്തേ വയ്ക്കൂ..''
യാത്രയുടെ അവസാനം വരെ ഭര്‍ത്താവ് രണ്ടാമത് അയച്ച കമ്പി സന്ദേശത്തെ കുറിച്ച് അറിവില്ലാതിരുന്ന അമ്മ, സൂക്ഷിപ്പുകാരന്‍ വന്നതിന് ശേഷം മാത്രമാണ് ആ വിവരമറിയുന്നത്. ബുദ്ധിമുട്ടുകളേറെ സഹിച്ചു പൂര്‍ത്തിയാക്കിയ യാത്രയായിട്ടും,അതിന്റെ ഫലം നിരാശയായിട്ട് പോലും ക്ഷമയോടെ പെരുമാറുന്ന ഒരമ്മയെയാണ് ഗൈദര്‍ നമുക്ക് നല്‍കുന്നത്. കുട്ടിക്കുറുമ്പന്മാരുടെ കുസൃതികളില്‍ ക്ഷമ നഷ്ടപ്പെടാത്ത, പൊട്ടിത്തെറിക്കാത്ത, അവരോട് സ്‌നേഹത്തോടെയും വാത്സല്യത്തോടെയും മാത്രം പ്രതികരിയ്ക്കുന്ന ഒരമ്മ. മക്കളുടെ ഓരോ ചലനങ്ങളും അറിയുന്ന അമ്മ. യാത്രയുടെ ബുദ്ധിമുട്ടുകള്‍ വലയ്ക്കുമ്പോഴും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത അമ്മ.
ഇത്തരം കുട്ടികളെ എന്താണു ചെയ്യുക? അടിക്കുകയോ? ജയിലില്‍ പിടിച്ചിടുകയോ? കാലില്‍ ചങ്ങലയിട്ട് കഠിനാദ്ധ്വാനത്തിന് അയയ്ക്കുകയോ?
അമ്മ ഇതൊന്നും ചെയ്തില്ല. നെടുവീര്‍പ്പിട്ടുകൊണ്ട് മക്കളോടു താഴെയിറങ്ങി മൂക്കു തുടച്ചു മുഖം കഴുകാന്‍ പറഞ്ഞതേയുള്ളൂ. ഈ ഒരു പ്രവൃത്തി ആ അമ്മ മാനസിക സമ്മര്‍ദ്ദത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് എന്നുള്ളതാണ് അത്ഭുതം.
സൂക്ഷിപ്പുകാരന്‍ അവര്‍ക്ക് അവിടെ താങ്ങാനുള്ള മിതമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്ത ശേഷം വീണ്ടും പോവുന്നു. അമ്മയും മക്കളും തീരെ പരിചയമില്ലാത്തിടത്ത് താമസം തുടങ്ങുന്നു. ഒറ്റയ്ക്കുള്ള ദിവസങ്ങള്‍. രാത്രികളെ ഭയപ്പെട്ടിരുന്നുവെങ്കിലും അവര്‍ പകലുകളില്‍ പല ജോലി െചയ്തും പ്രകൃതി സൗന്ദര്യം ആസ്വദിച്ചും അവിടെയൊക്കെ ചുറ്റി നടന്നു.
ദിവസങ്ങള്‍ കഴിയുന്തോറും ജീവിതം ദുസ്സഹമാകുന്നുണ്ടെങ്കിലും സെര്യോഗിനും സംഘവും തിരിച്ചെത്തുന്നെന്ന വാര്‍ത്ത അവര്‍ക്ക് പുതുജീവന്‍ നല്‍കുന്നു. പിന്നെ അവരെ സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പുകളും കാത്തിരിപ്പുമാണ്. പുതുവര്‍ഷത്തിന്റെ തലേദിവസം ആ കാത്തിരുപ്പ് അവസാനിക്കുന്നു. ചുക്കും ഗെക്കും അവരുടെ പ്രിയപ്പെട്ട അച്ഛനെ കാണുന്നു.
ക്രെംലിനിലെ സുവര്‍ണ്ണഘടികാരത്തില്‍നിന്നും പുതുവര്‍ഷമറിയിച്ച് മുഴങ്ങിയ മണിനാദത്തിന് ശേഷം നവത്സാരാശംസകള്‍ കൈമാറുന്ന സന്തോഷത്തിനിടയില്‍ സമാപ്തമാകുന്ന ഈ മനോഹരമായ കഥ കുട്ടിക്കാല വായനകളില്‍ അത്ഭുതവും സ്വപ്നസമാനമായ അനുഭവുമാണ് പകര്‍ന്നത്. ഇപ്പോഴുള്ള വായനകളില്‍ ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കാണ് അനുഭവഭേദ്യമാകുന്നത്.
കുട്ടിക്കാലത്ത് ഒരു പ്രാവശ്യമെങ്കിലും ഈ പുസ്തകത്തിലൂടെ കടന്ന് പോയവര്‍ക്കെല്ലാം, അവനു സന്തോഷം തോന്നുമ്പോള്‍ ലോകത്തുള്ള മറ്റെല്ലാവരും സന്തുഷ്ടരായിരിക്കുമെന്ന് വിശ്വസിക്കുന്ന ഗെക്കും അച്ഛനെ എടുത്ത് വച്ചപോലെ ഇരിയ്ക്കുന്ന, തക്കിടിമുണ്ടനെന്ന് വിളിയ്ക്കുന്നത് ഇഷ്ടമല്ലാത്ത, ചുക്കും എക്കാലത്തെയും പ്രിയപ്പെട്ട കളികൂട്ടുകാരായിരിയ്ക്കും. തീര്‍ച്ച.